കൊടും തണുപ്പിൽ ഒരു രാത്രി മുഴുവൻ നായകൾ ചോരകുഞ്ഞിന് കാവലായ് നിന്നു, പ്രകൃതി ഈ കാഴ്ചക്ക് സാക്ഷിയായി
ഒരു രാത്രി മുഴുവൻ ഈ സ്നേഹത്തിന് മുൻപിൽ സാക്ഷിയായി നിൽക്കാൻ പ്രകൃതിമാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊടുംതണുപ്പിൽ മനുഷ്യൻ്റെ കൊടും ക്രൂരതക്ക് വിധേയനാവേണ്ടി വന്ന ഒരു കുഞ്ഞിനെ സംരക്ഷിച്ചത് കുറച്ചധികം തെരുവ് നായ്ക്കളാണ്. ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ്
നഗരം തണുത്ത് വിറച്ച് മൂടിപുതച്ചുറങ്ങുമ്പോൾ തെരുവുനായ്ക്കൾ റോഡരികിൽ കിടന്ന ഒരു പിഞ്ചു കുഞ്ഞിന് കാവലായപ്പോൾ പ്രകൃതിയും അവർക്കൊപ്പം നിന്നു.
നമ്മൾ ആട്ടിയോടിച്ച നായകൾ ആ പിഞ്ചു കുഞ്ഞിനെ സംരക്ഷിച്ചു
നമ്മുടെ മുൻപിൽപെട്ടാൽ പേടികൊണ്ട് നാം ആട്ടിയോടിക്കുന്ന നായകളാണ് പിറന്നിട്ട് ഒരു ദിവസം പോലുമാവാത്ത ആ കുഞ്ഞിന് അഛനും അമ്മയുമായി കാവൽ നിന്നത്. പുലർച്ചെ ഏതെങ്കിലും ഒരു മനുഷ്യൻ ആ തെരുവിൽ
വരുന്നതുവരെ അവർ ആ കുഞ്ഞിനുവേണ്ടി കാവലിരുന്നു.
പുലർച്ചെ കേട്ടത് കുഞ്ഞിൻ്റെ കരച്ചിൽ
റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. ഒരു പ്രദേശവാസി എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറികൊടുത്തു.
പോലീസ് അന്വേഷണം തുടങ്ങി
ലോകത്ത് ഇതിനും മനോഹരമായ കാഴ്ച വേറെന്താണുള്ളത്. അത്രയും നേരം ആ കുഞ്ഞിന് വലയം തീർത്ത നായ്ക്കൾ കുരച്ചില്ല,ആ പിഞ്ചു കുഞ്ഞിനെ തൊട്ടതു പോലുമില്ല. ഒരു പോറലുപോലും ഏൽപ്പിക്കാതെ നായകൾ തിരിച്ചേൽപിച്ച ആ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
English Summary: A newborn was abandoned outside a railway colony toilet, with locals hearing only its cries. Discover the community's response to this heart-wrenching situation.