Menu

കനത്ത മഴ

കരുവാരക്കുണ്ട് മലവെള്ള പാച്ചിലിൽ യുവതി മരിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി സുരേന്ദ്രന്റെ മകള്‍ ആശ (22)യാണ് മരിച്ചത്. കേരളാംകുണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ ലഭിക്കുന്നുണ്ട്. ഈ മഴ അടുത്ത ദിവസങ്ങളിലും തുടരും. മലയോര മേഖലയിൽ അപ്രതീക്ഷിത മലവെള്ള പാച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണം.

മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 2) വൈകിട്ട് അഞ്ചിന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെന്റീ മീറ്റർ വീതം തുറന്നതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 114.76മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്റർ ആണ്. ഇന്ന് ഉച്ചയ്ക്കു മുതൽ മലമ്പുഴയിൽ ശക്തമായ മഴ തുടരുകയായിരുന്നു .
വിസിയോ കാണാം

പാക് പ്രളയത്തിനു കാരണം കാലാവസ്ഥാ വ്യതിയാനം ;12 വർഷത്തിനിടെ രൂക്ഷമായ പ്രളയം

പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ 1,700 പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായ തീവ്രമഴക്ക് കാരണമായതെന്ന് പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറിൻ റഹ്മാനും ശാസ്ത്രജ്ഞരും പറയുന്നു. സാധാരണ മൺസൂൺ മഴയിൽ ഇത്രയും ശക്തിയുണ്ടാകാറില്ലെന്നും പ്രളയം പതിവല്ലെന്നും കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.
ഈ വർഷം തന്നെ പാകിസ്താനിൽ വരൾച്ചയും കാട്ടുതീയും ഉണ്ടായാരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് വരൾച്ചയും പ്രളയവും. 10 ലക്ഷം വീടുകളാണ് പ്രളയത്തിൽ നശിച്ചതെന്നാണ് ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്ക്. തെക്കൻ പാകിസ്താനിലാണ് കനത്തമഴയുണ്ടായത്. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലും സിന്ധ് പ്രവിശ്യയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കാതെ ജനങ്ങൾ വലയുന്നതായും അന്താരാഷ്ട്ര സഹായം ലഭിച്ചു തുടങ്ങിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് കാർഗോ വിമാനങ്ങളെത്തി. ടെന്റുകൾ, ഭക്ഷണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് എത്തിച്ചത്. ചർസാദയിൽ നിന്ന് 1.8 ലക്ഷം പേരെയും ഖൈബർ പക്തുൻഖ്വയിൽ നിന്ന് 1.5 ലക്ഷം പേരെയും ഒഴിപ്പിച്ചു. പലരും റോഡരികിലെ ടെന്റുകളിലാണ് കഴിയുന്നത്. പ്രളയ ബാധിത ബലൂചിസ്ഥാൻ പ്രവിശ്യക്ക് 4.5 കോടി ഡോളറിന്റെ സഹായം പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് ഞായറാഴ്ച പ്രഖ്യാപിച്ചു.
കാലവർഷത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയ്ക്കും തെക്കൻ പാകിസ്താൻ മേഖലയിലും തുടർന്ന ചക്രവാതച്ചുഴിയും ന്യൂനമർദവുമാണ് പാകിസ്താനിൽ പ്രളയത്തിന് കാരണമായത്. മണ്ണുകൊണ്ട് നിർമിച്ച വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. 10 ലക്ഷം പേർ ഭവനരഹിതരായി. 2010 ലെ പ്രളയത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പ്രളയമെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായാണ് ഇത് രേഖപ്പെടുത്തുന്നത്.

കേരളത്തിനു മുകളിൽ ചക്രവാതചുഴി; കിഴക്കൻ മേഖലയിൽ മഴ ശക്തമാകും , ജാഗ്രത വേണം

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ എല്ലാ ജില്ലകളിലും തിരികെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രമായി ,അറബിക്കടലിലേത് ദുർബലം ; ഗൾഫിൽ മഴ നൽകും

ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട വെൽ മാർക്ഡ് ലോപ്രഷർ (WML) ഇന്ന് രാവിലെ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം (Depression) ആയി. ഒഡീഷക്കും പശ്ചിമബംഗാൾ തീരത്തിനും ഇടയിലാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാത്രിയോടെ കര കയറും. പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷക്കും ഇടയിലൂടെയാണ് കരകയറുക.
ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കില്ല.
അതേസമയം, അറബിക്കടലിന്റെ വടക്കുപടിഞ്ഞാറ് മേഖലയിൽ കഴിഞ്ഞദിവസം രൂപം കൊണ്ട WML ശക്തി കുറഞ്ഞ് ന്യൂനമർദമായി. ഈ സിസ്റ്റം ഇന്ന് മുതൽ ഒമാനിലും യു.എ.ഇ യിലും കനത്ത മഴ നൽകും .

കിഴക്ക് മഴ ശക്തം: ഡാമുകൾ കൂടുതൽ തുറക്കും

കേരളത്തിൽ ഇടുക്കി ഉൾപ്പെടെ ഡാമുകൾ തുറന്നതിനു പിന്നാലെ കൂടുതൽ വെള്ളം ഒഴുക്കും. ബാണാസുര സാഗർ ഡാം ഇന്ന് തുറന്നു. മറ്റു ഡാമുകളിലും ഓറഞ്ച് ബ്ലു അലർട്ടുകൾ നൽകി.
ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടും. രാത്രിയിലും പുലർച്ചെയും ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ട് ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്ന് വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. എന്നാല്‍, പത്ത് മണിയോടെ ഒന്നരലക്ഷം വെള്ളം തുറന്ന് വിട്ടതിന് ശേഷം വേണമെങ്കില്‍ മാത്രമേ ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തുകയുള്ളൂ. നിലവില്‍ ചെറുതോണിയില്‍ നിന്നും മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. ഈ ഷട്ടറുകള്‍ ഉയര്‍ത്തിയാകും അധിക ജലം തുറന്നുവിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്ന് വിടുന്ന ജലത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.  
ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകളോടൊപ്പം ഇടുക്കി ആർച്ച് ഡാമും കൂടി ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്‍റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഈ  നിർമ്മിച്ചിരിക്കുന്നത്. 
ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയ‍‍ർത്തിയായിരിക്കും അധിക ജലം തുറന്ന് വിടുക. വേണ്ടിവന്നാല്‍ അദ്യ ഘട്ടത്തിൽ 1,50,000 വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ട് ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് ഇന്നലെ 3,230 ഘനയടിയായി വ‍ർധിപ്പിച്ചിരുന്നു.
ഇതിനിടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്.  2385.18 അടിയായി ജലനിരപ്പ് ഉയർന്നു. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും ജലനിരപ്പ് ഉയരുന്നതിനാലാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചത്. 
മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്ന് തന്നെ നിൽക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയർന്നത്. സെക്കന്‍റില്‍ 5,000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഇത് കൂടാതെ ഇന്ന് പത്ത് മണി മുതൽ പുറത്ത് വിടുന്ന ജലത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. എല്ലാ ഷട്ടറുകളും 60 സെന്‍റീ മീറ്ററാക്കി ഉയർത്തും.
പ്രദേശത്ത് കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചാണ് തുറന്ന് വിടുന്ന ജലത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. 

മുല്ലപ്പെരിയാർ കൂടുതൽ വെള്ളം തുറന്നു വിടും
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2,V3,V4,V5,V6,V7,V8,V9,V10) കൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും  ഇന്ന് മണി മുതൽ അധികമായി  0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്ത് വിടുമെന്ന് തമിഴ്നാട് സർക്കാറാണ് അറിയിച്ചത്. 

പെരിയാറിൽ ജാഗ്രത പാലിക്കണം
മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുല്ലപ്പെരിയാറിനൊപ്പം ഇടുക്കി – ചെറുതോണി ഡാമിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം
ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ഇന്ന് രാവിലെ 10.00 മണി മുതൽ ചെറുതോണി ഡാമിന്‍റെ 2,3,4  ഷട്ടറുകള്‍ 80 സെന്‍റി മീറ്റർ വീതം ഉയർത്തി 150 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൌൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ബാണാസുര തുറന്നു
കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴയ്ക്ക് ശമനമില്ലാതെ തുടരുകയാണ്. ഇടുക്കിയോടൊപ്പം വയനാട്ടിലും മഴ പെയ്യുന്നത് തുടരുന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടും തുറന്നു. അതോടൊപ്പം കക്കയം ഡ‍ാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ജലം ഒഴുകിവന്നതിനെ തുടര്‍ന്ന്  ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്. ഇവിടെ ജലനിരപ്പ്  2539 അടിയായിരുന്നു. ഇതേ തുടര്‍ന്ന് ബാണാസുര സാ​ഗർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റീമീറ്റർ ആയാണ് ഉയര്‍ത്തിയത്. നാല് ഷട്ടറുകളിൽ ഒന്നാണ് ഉയർത്തിയത്. ഒരു സെക്കന്‍റിൽ 8.50 ഘനമീറ്റ‍ർ വെള്ളമാണ് ഇത് വഴി പുറത്തേക്ക് ഒഴുക്കുന്നത്.

ബാണാസുര സാഗര്‍ തുറന്ന് വിട്ടതിനാല്‍ കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. 

കക്കയം ഓറഞ്ച് അലർട്ട്
കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്. കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

കർക്കിടക പെയ്ത്തിൽ നിന്ന് വിളകളെ രക്ഷിക്കാം

ഡോ.ജസ്‌ന വി.കെ, അസ്സി. പ്രൊഫസർ, കെ.വി.കെ മലപ്പുറം

കേരളത്തിലെ ശക്തമായ മഴ മറ്റേത് മേഖലയെക്കാൾ രൂക്ഷമായി ബാധിക്കുന്നത് കാർഷികമേഖലയെയാണ് . കൃഷിയിടത്തിൽ വെള്ളം കെട്ടികിടന്നും മണ്ണിലെ വായു അറകൾ അടഞ്ഞും വിവിധ രോഗ ങ്ങൾ ബാധിച്ചും കൃഷിയിൽ കനത്ത വിള നഷ്ട്ടമുണ്ടാക്കുന്നു. ചില മുൻകരുതൽ പ്രവർത്തനങ്ങളും ഉചിത പരിപാലന മുറകളും പാലിച്ചു കൊണ്ട് മണ്ണിന്റെയും ചെടികളുടെയും ആരോഗ്യം വീണ്ടെടുത്ത് കാർഷിക മേഖലക്ക് ഊർജം പകരാം.
പരമ പ്രധാനമായി കൃഷിയി ടങ്ങളിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതെ നീർ വാർച്ച ഉറപ്പുവരുത്താൻ ശ്രദ്ധി ക്കണം . വെള്ളവും ചെളിയും കെട്ടിക്കിടന്ന പ്രദേശങ്ങളിൽ വേരിനു ആഘാതം ഏൽക്കാതെ മണ്ണിളക്കി കുമ്മായം/ ഡോളോമയ്റ്റ് പച്ചക്കറിക്ക് 3 കിലോ ഒരു സെന്റിനും തെങ്ങൊന്നിന് ഒരു കിലോയും വാഴ/ കുരുമുളക് /കവുങ്ങിന് അര കിലോയും ചേർത്ത് കൊടുക്കുന്നത് മണ്ണിലെ നീർ വാർച്ച മെച്ചപ്പെടുത്തുന്നതിനോടപ്പം വായുസഞ്ചാരം ഉയർത്താനും രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യാനും സഹായകരമാണ്. തുടർച്ചയായി പെയ്യുന്ന മഴ കാരണം മണ്ണിന്റെ ഫലപൂഷ്ടി ഗണ്യമായി കുറയുന്നു. ഇത് പരിഹരിക്കുന്നതിന് നൈട്രജനും പൊട്ടാസ്യവും അടങ്ങിയ വളങ്ങളും സൂക്ഷ്മമൂലകമിശ്രതങ്ങളും താഴെ നൽകിയ തോതിൽ കൊടുക്കണം.
ക്ര. നം. വളങ്ങൾ തോത്
1. 191919 എല്ലാ വിളകളിലും
(ഇലകളിൽ തളിക്കാൻ) 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
2. സമ്പൂർണ പച്ചക്കറി – സൂക്ഷ്മമൂലകമിശ്രതം (ഇലകളിൽ തളിക്കാൻ) 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തെ ഇടവേളകളിൽ മൂന്ന് തവണ തളിക്കണം
3 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം നെല്ല്(ഇലകളിൽ തളിക്കാൻ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നട്ട് ഒരു മാസം കഴിഞ്ഞു 15 ദിവസത്തെ ഇടവേളകളിൽ രണ്ടു തവണ
4 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം വാഴ (ഇലകളിൽ തളിക്കാൻ) കുലക്കാറായ വാഴകളിൽ 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
5 അയർ സൂക്ഷ്മമൂലകമിശ്രതം വാഴ 100 ഗ്രാം രണ്ടാം മാസത്തിൽ 100 ഗ്രാം നാലാം മാസത്തിൽ വെള്ളക്കെട്ട് ഒഴിവാകുന്നതോടെ മണ്ണിൽ ചേർത്ത് കൊടുക്കണം

വെള്ളം കെട്ടി കിടന്നതു കാരണം നശിച്ചു തുടങ്ങിയ വേരുകളെ പുനഃരുജ്ജീവിപ്പിക്കാൻ ഒരു കിലോ ട്രൈക്കോഡെർമ 100 ലിറ്റർ പച്ചചാണക തെളിയിൽ ചേർത്ത് ചെടികളുടെ കടഭാഗത്തു ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.
വിളകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളേയും പ്രതിരോധിക്കാനായി സ്യുഡോമോണാസ് എന്ന മിത്ര ബാക്ടീരിയ മികച്ച ഒരു ഉപാധിയാണ് . 20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് ഇലകളിൽ തളിക്കാനും നടുന്നതിനു മുൻപ് തൈകൾ മുക്കാനും (30 മിനുട്ട്)ഉപയോഗിക്കാം. വിത്തുപരിചരണത്തിന് 10 ഗ്രാം സ്യുഡോമോണാസ് ഒരു കിലോ വിത്തിൽ പുരട്ടി 8 12 മണിക്കൂർ വച്ചതിന് ശേഷം ഉപയോഗിക്കാം. മഴജന്യ കുമിൾ രോഗ ങ്ങളായ പച്ചക്കറികളിലെ ചീയൽ വട്ടം, കവുങ്ങിൽ മാഹാളി , തെങ്ങിലെ കൂമ്പു ചീയൽ, വാഴയിലെ വട്ടം പുള്ളിക്കുത്ത് രോഗങ്ങൾ, കുരുമുളകിലെ മഞ്ഞളിപ്പും ധ്രുതവാട്ടവും, ജാതിയിലെ കൊമ്പുണക്കവും ഇല കൊഴിച്ചിലും നെല്ലിലെ കുമിൾ രോഗങ്ങൾ തുടങ്ങിയവക്ക് എതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മണ്ണിൽ ചേർക്കുന്നതും ഇലകളിൽ തളിക്കുന്നതും ഫലപ്രദമാണ് ..ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കുന്നതിന് 1 കിലോഗ്രാം തുരിശ് 50 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക . മറ്റൊരു 50 ലിറ്റർ വെള്ളത്തിൽ ഒരു കിലോ നീറ്റുകക്ക നന്നായി ലയിപ്പിച്ചെടുക്കുക, തുടർന്ന് കക്ക ലായനിയിലോട്ട് തുരിശ് ലായനി എന്ന ക്രമത്തിൽ തന്നെ സാവധാനത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. തളിച്ച് കൊടുക്കുന്ന ബോർഡോ മിശ്രിതം മഴയിൽ നഷ്ടപ്പെട്ട് പോകാതെ ഇലകളിൽ പറ്റിപിടിച്ചിരിക്കാൻ പശ ചേർക്കണം . ഇതിനായി 100 ലിറ്റർ വെള്ളത്തിൽ നിന്നും 10 ലിറ്റർ എടുത്ത് അര കിലോ അലക്കുകാരം ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം ഇതിലോട്ട് ഒരു കിലോ വജ്ര പശ ചേർത്ത് കുമിളകൾ വരുന്നത് വരെ ചൂടാക്കണം. ഈ മിശ്രിതം ഇളം ചൂടിൽ ബാക്കി യുള്ള 90 ലിറ്റർ ബോർഡോ മിശ്രിതത്തിൽ കലർത്തി കൊടുക്കണം. ബോർഡോ മിശ്രിതം തയ്യാറാക്കിയ അന്നു തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പച്ചക്കറി വിള കളിൽ പ്രത്യേകിച്ച് വെള്ളരി വർഗത്തിലും നെൽക്കൃഷിയിലും ചേമ്പ് വർഗ വിളകളിലും ബോർഡോ മിശ്രിതം ആഭികാമ്യമല്ല . പകരം പച്ചക്കറികയിലെ കുമിൾ രോഗങ്ങൾക്ക് 75 ശതമാനം വീര്യമുള്ള മംഗോസബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 50 ശതമാനം വീര്യമുള്ള കാർ ബെ ണ്ടാസിം 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കാം. നെല്ലിൽ 5 ശതമാനം വീര്യമുള്ള ഹെക്‌സകൊണസോള് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 25 ശതമാനം വീര്യമുള്ള പ്രൊപ്പികൊണസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കാം. തികച്ചും കരുതലോടെയുള്ള കാർഷിക പ്രവർത്തനങ്ങൾ കീടരോഗ പോഷക പ്രശ്‌നങ്ങൾ പരിഹരിച്ചു വിളവ് നഷ്ട്ടം തടയാനും കാർഷിക മേഖലയെ മെച്ചപ്പെടുത്താനും സഹായിക്കും.

കേരളത്തിൽ ശക്തമായ മഴ എത്രദിവസം വരെ തുടരും ?

കേരളത്തിൽ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച മുതൽ കിഴക്കൻ മേഖലയിൽ മഴ തുടരുമെങ്കിലും ഇപ്പോഴത്തെ തീവ്രതയുണ്ടാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജാഗ്രത തുടരണം. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മലയോരത്തും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. വലിയ തോതിൽ പ്രളയത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അവലോകനം. സംസ്ഥാനത്തെ മിക്ക മേഖലകളിലും ഇന്നു പകൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞിരുന്നു. നദികളിൽ ജലനിരപ്പ് വലിയതോതിൽ കൂടിയതുമില്ല. ഡാമിലേക്ക് നീരൊഴുക്ക് വർധിക്കുന്നുണ്ടെങ്കിലും തുറക്കേണ്ട സാഹചര്യത്തിലല്ല മേജർ ഡാമുകൾ.

കേരളത്തിനു സമാന്തരമായി നിലകൊള്ളുന്ന ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളിൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. അതിനൊപ്പം മഴയും കർണാടക, ഗോവ മേഖലയിലേക്ക് നീങ്ങും. ഇന്നും കർണാടകയിൽ കനത്ത മഴ ലഭിച്ചിരുന്നു. കർണാടകയിലെ മഴ വടക്കൻ കേരളത്തെ സ്വാധീനിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ അസാധാരണ സാഹചര്യം ഉണ്ടാകാൻ ഇടയില്ല. കിഴക്കൻ മലയോര മേഖലകളിലെ ജാഗ്രത കേരളത്തിലെ എല്ലാ മേഖലകളിൽ ഞായറാഴ്ച വരെയെങ്കിലും തുടരുന്നതാണ് സുരക്ഷിതം. പൊതുജനങ്ങൾ സർക്കാർ ഏജൻസികൾ നൽകുന്ന നിർദേശം അനുസരിക്കുക. ഔദ്യോഗിക, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന വിവരങ്ങൾ മനസിലാക്കി വയ്ക്കുക. മാറിത്താമസിക്കാൻ നിർദേശം ലഭിച്ചാൽ അമാന്തിച്ച് നിൽക്കരുത്. സുരക്ഷക്ക് മുൻതൂക്കം നൽകുക.
ശ്രദ്ധിക്കുക- അപ്‌ഡേഷനുകൾ അറിയാൻ ഞങ്ങളുടെ Metbeat Weather, weatherman kerala എന്നീ ഫേസ്ബുക്ക് പേജുകളും യുട്യൂബ് ചാനലുകളും metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകളും LIKE ചെയ്തും Subscribe ചെയ്തും പിന്തുടരുക.

അതിതീവ്ര മഴയ്ക്കു സാധ്യത: ആറു മരണം,ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നടത്തുന്നുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാലവർഷക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. അടുത്ത നാലു ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2018, 2019 വർഷങ്ങളിലെ രൂക്ഷമായ കാലവർഷക്കെടുതിയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ്. ചൊവ്വാഴ്ച രാവിലെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും പിന്നീട് അത് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലുള്ളത്. അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 1, 2) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാലു ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.
ഇന്ന് (ഓഗസ്റ്റ് 1) റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്തി ജില്ലകൾക്ക് ആവശ്യമായ നിർദേശം നല്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻ ഡി ആർ എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാർകുട്ടി, പൊ•ുടി, ലോവർപെരിയാർ, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിൽ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മൻറ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽനിന്നു നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.

കനത്ത മഴ തിങ്കൾ വരെ, മധ്യ, വടക്കൻ കേരളത്തിൽ ജാഗ്രത പാലിക്കണം

കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ തുടർച്ചയായി 20 ദിവസത്തോളമായി തുടരുന്ന മഴ തിങ്കൾ മുതൽ കുറയും. ഈ മാസം തുടക്കത്തിൽ ജൂലൈ 15 വരെ മഴ തുടരുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചിരുന്നത്. എന്നാൽ തിങ്കൾ വരെ മഴ തുടരാനാണ് സാധ്യത. ഗുജറാത്ത് തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീരത്തോട് ചേർന്നു നിൽക്കുന്നതാണ് കാരണം. പ്രതീക്ഷിച്ച വേഗതയിൽ ന്യൂനമർദം ഇന്ത്യൻ തീരം വിട്ട് ഒമാനിലേക്ക് നീങ്ങാത്തതാണ് രണ്ടു ദിവസം കൂടി മഴ തുടരാൻ ഇടയാക്കുക. ന്യൂനമർദം തീരത്ത് നിന്ന് അകലും തോറും കേരളത്തിൽ മഴ കുറയാനും വെയിൽ വരാനും കാരണമാകും.

വടക്കൻ ജില്ലകളിലും മലയോരത്തും ജാഗ്രത വേണം

കാലവർഷത്തിന്റെ ഭാഗമായ മഴ തിങ്കൾ മുതൽ കുറയുമെങ്കിലും കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ തുടരാൻ കാരണമാകും. നിലവിൽ ഇടനാട്ടിലും തീരത്തും രാവിലെയും പുലർച്ചെയും കനത്ത മഴ തുടരുന്നുണ്ടെങ്കിലും പകൽ ഇടവേള ലഭിക്കും. എന്നാൽ വൈകിട്ടും രാത്രിയും കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഒറോഗ്രാഫിക് ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രതിഭാസത്തിന് മലയോരത്ത് സാധ്യതയുണ്ട്. വനമേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ സാധ്യതയും നില നിൽക്കുന്നു. തമിഴ്നാട്ടിലും കനത്ത മഴ പശ്ചിമഘട്ടത്തോട് ചേർന്ന് പെയ്യുന്നുണ്ട്. അതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് കൂടും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടുത്ത 5 ദിവസം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടി വരും.