Menu

അസാനി

അസാനി തീവ്രമായി തുടരുന്നു, കേരളത്തിലും മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലുള്ള അസാനി ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതുപോലെ ശക്തികുറഞ്ഞില്ല. നിലവിൽ തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm) ആയി തുടരുന്ന അസാനി (Asani) വളരെ സാവധാനമാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറിൽ 25 കി.മി വേഗതയിൽ വരെ നീങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു കി.മി വേഗതയിലാണ് അസാനി നീങ്ങുന്നത്. ആന്ധ്രയിലെ തീരദേശ നഗരമായ കാക്കിനാഡയിൽ നിന്ന് ഏകദേശം 260 കി.മി അകലെയും വിശാഖപട്ടണത്തു നിന്ന് 300 കി.മി അകലെയുമാണ് അസാനിയുടെ സ്ഥാനം. അടുത്ത രണ്ടു ദിവസവും അസാനി അൽപം കൂടി വേഗത കൈവരിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെ വേഗത ഉണ്ടാകാൻ ഇടയില്ലെന്നാണ് നിരീക്ഷണം. തീരത്തോട് ചേർന്ന് ഒഡിഷയിലേക്ക് നീങ്ങുന്ന ട്രാക്കാണ് ഇപ്പോഴും വിവിധ കാലാവസ്ഥാ ഏജൻസികളുടെ കണക്കുകൂട്ടൽ. ഒരു ഘട്ടത്തിൽ ആന്ധ്രയുടെ കരയോട് വളരെ അടുത്തുവരുന്ന അസാനി നാളെ രാത്രി വൈകി ദിശമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വടക്കുപടിഞ്ഞാറ് ദിശയിലാണ് അസാനി നീങ്ങുന്നത്. ഇത് വടക്കു വടക്കു കിഴക്ക് ദിശയിലേക്ക് മാറും.

കേരളത്തില്‍ നാളെയും മഴ സാധ്യത
അസാനി ചുഴലിക്കാറ്റിന്റെ ബഹിർചക്ര മേഘങ്ങൾ കേരളത്തിനു മുകളിലും ഇന്ന് പുലർച്ചെ മുതൽ എത്തിയിരുന്നു. ഇതുമൂലം വടക്കൻ കേരളത്തിലും മധ്യ, തെക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്ന് പുലർച്ചെക്കും രാവിലെക്കും ഇടയിൽ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ പലയിടത്തും ഇന്ന് ഉച്ചവരെ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചു. അസാനിയുടെ മേഘങ്ങൾ കൂടുതൽ കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടനാടു പ്രദേശങ്ങളിലും കേന്ദ്രീകരിക്കപ്പെട്ടതാണ് ഇന്ന് പകലും മഴ ലഭിക്കാൻ കാരണം. എന്നാൽ തീരദേശത്തേക്ക് മേഘം എത്താത്തതും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും തീരദേശത്ത് മഴ കുറച്ചു. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത 12 മണിക്കൂർ കൂടി തുടരാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. അസാനിയുടെ ഭാഗമായി ഇന്ന് രാത്രി കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യതുണ്ട്. കോഴിക്കോട്., മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്. നാളെയും ഒറ്റപ്പെട്ട മഴ തുടർന്ന ശേഷം വ്യാഴം മുതൽ അസാനിയുടെ സ്വാധീനം കുറയുകയും പിന്നീട് ഇടിയോടുകൂടെയുള്ള വേനൽ മഴ തുടരുകയും ചെയ്യും.കേരള, ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലക്കുണ്ട്.

അസാനി അതി തീവ്ര ചുഴലിക്കാറ്റായി; കേരളത്തിലും മഴ സാധ്യത

അതി തീവ്ര ചുഴലിക്കാറ്റ് ‘അസാനി’ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെത്തി. അസാനി കേരളത്തിന് കുറുകെ കാറ്റിനെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ കേരളം പൊതുവെ ഇന്ന് മേഘാവൃതമാകും. പലയിടത്തും ഇന്നും നാളെയും മഴ ലഭിക്കും. എല്ലാ ജില്ലകളിലും മഴ പ്രതീക്ഷിക്കാം.
അസാനി മെയ്‌ 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തി അതിന് ശേഷം വടക്ക് വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ചുഴലിക്കാറ്റായി ശക്തി കുറയും. തീരത്ത് കൂടെ സഞ്ചരിക്കുന്നതിനാൽ ആന്ധ്ര, ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലെ തീരത്ത് മഴയും കാറ്റും ഉണ്ടാകും. അസാനി കടലിൽ വച്ച് ദുർബലമാകാനാണ് സാധ്യത. കേരളത്തിൽ അസാനിയുടെ പരോക്ഷ സ്വാധീനം ഇന്നും നാളെയും ആയിരിക്കും. അതിനാൽ കൂടുതൽ മഴ അടുത്ത 24 മണിക്കൂറിൽ ആകും. എങ്കിലും അസാധാരണമായ അതിശക്തമായ മഴയൊന്നും പ്രതീക്ഷിക്കുന്നില്ല.

ചുഴലിക്കാറ്റുകളുടെ പേരിടുന്നത് ആര്, എങ്ങനെ?

ചുഴലിക്കാറ്റുകള്‍ക്ക് എപ്പോഴും ഒരു പേര് നാം കേള്‍ക്കാറുണ്ട്. വെളുത്തതെല്ലാം പാലല്ല എന്നു പറയും പോലെ ചുഴറ്റിയടിക്കുന്ന കാറ്റെല്ലാം ചുഴലിക്കാറ്റല്ല. വേനല്‍ മഴക്കൊപ്പം ഉണ്ടാകുന്ന കാറ്റിനെ പലരും ചുഴലിക്കാറ്റ് എന്ന് തെറ്റായി പറയാറുണ്ടെങ്കിലും ന്യൂനമര്‍ദം ശക്തിപ്പെട്ടുണ്ടാകുന്നതാണ് യഥാര്‍ഥ ചുഴലിക്കാറ്റ്. കടലിലാണ് ചുഴലിക്കാറ്റുകള്‍ സാധാരണ രൂപം കൊള്ളുന്നത്. ഇതേ കുറിച്ച് വിഡിയോ, ടെക്‌സ്റ്റ് റിപ്പോര്‍ട്ടും മറ്റും നേരത്തെ നല്‍കിയതിനാല്‍ വിശദമാക്കുന്നില്ല.
പേരിടുന്നതിലെ ചരിത്രം, ആര് എങ്ങനെ?
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകളാണ് സാധാരണ ചുഴലിക്കാറ്റുകള്‍ (Cyclone) എന്ന് അറിയപ്പെടുന്നത്. മറ്റു സമുദ്രങ്ങളിലെ ചുഴലിക്കാറ്റുകള്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. ഉദാ- ടൈഫൂണ്‍ (പസഫിക്), ഹൊറികെയ്ന്‍ (അറ്റ്‌ലാന്റിക്) തുടങ്ങിയവ. യു.എന്നിന്റെ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) ആണ് ചുഴലിക്കാറ്റുകളുടെ പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 1953 യു.എസിലെ നാഷനല്‍ ഹൊറിക്കെയ്ന്‍ സെന്റര്‍ ആണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഹൊറിക്കെയ്‌ന് (ചുഴലിക്കാറ്റ്) പേര് ആദ്യമായി നിര്‍ദേശിച്ചത്. 1900 കളില്‍ സ്ത്രീ നാമമായിരുന്നു ചുഴലിക്കാറ്റിന് പ്രധാനമായും നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഡബ്ല്യു.എം.ഒയുടെ നേതൃത്വത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ലോകത്ത് ആകമാനം ആറ് റീജ്യനല്‍ സ്‌പെഷലൈസ്ഡ് മീറ്റിയോറളജിക്കല്‍ സെന്റര്‍ (ആര്‍.എസ്.എം.സി) കളാണുള്ളത്. ഇവരാണ് അഞ്ച് ട്രോപിക്കല്‍ മേഖലയിലെ സൈക്ലോണ്‍ വാണിങ് സെന്ററുകളെ നിയന്ത്രിക്കുന്നത്. ഇതിലൊരു ആര്‍.എസ്.എം.സിയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). ന്യൂനമര്‍ദ സിസ്റ്റത്തിലെ ഭൂതല കാറ്റ് 62 കി.മി വേഗത്തിലെത്തിയാല്‍ ഐ.എം.ഡി ചുഴലിക്കാറ്റ് സ്ഥിരീകരിക്കും. യു.എസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മാനദണ്ഡം വ്യത്യ്‌സ്തമായതിനാല്‍ പലപ്പോഴും അവര്‍ പറയുന്ന ചുഴലിക്കാറ്റ് ഐ.എം.ഡി സ്ഥിരീകരിക്കാറില്ല. ചുഴലിക്കാറ്റിന്റെ പേരിടലിലും ഇന്ത്യന്‍ മഹാസമുദ്രത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍ക്കൊള്ളുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് ഒരു പട്ടികയും ഭൂമധ്യരേഖക്ക് സമീപത്തെ തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മറ്റൊരു പട്ടികയുമാണ് നിലവിലുള്ളത്.

പേരിടല്‍ എങ്ങനെ, മാനദണ്ഡം എന്തെല്ലാം
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റുകള്‍ക്ക് പേരിട്ട് തുടങ്ങിയത് 2004 ലാണ്. വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപത്തെ 13 രാജ്യങ്ങളാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. മതം, രാഷ്ട്രീയം, വിശ്വാസം, ലിംഗം, സംസ്‌കാരം തുടങ്ങിയ വിവിധ രംഗങ്ങളിലെ പേരാണ് അതതു രാജ്യങ്ങള്‍ നിര്‍ദേശിക്കുക. ഒരിക്കല്‍ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കാനാകില്ല. എട്ടു അക്ഷരങ്ങളേ പരമാവധി പാടുള്ളൂ. ഏതെങ്കിലും രാജ്യത്തെയോ അവരുടെ വികാരത്തെയോ സമൂഹത്തെയോ സമുദായത്തെയോ ഹനിക്കുന്ന പേര് അനുവദിക്കില്ല എന്നിങ്ങനെയാണ് പേരിടലിലെ നിബന്ധനകള്‍. 2020 ലാണ് ഏറ്റവും പുതിയ പട്ടിക പുറത്തുവന്നത്. അതില്‍ 169 പേരുകളുണ്ട്. 13 രാജ്യങ്ങളാണ് ടേമുകളായി ഈ പേരുകള്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ പേരുകള്‍ ഗതി (വേഗം), മേഘ (മേഘം), ആകാശ് (ആകാശം) എന്നിവയാണ്. ബംഗ്ലാദേശ്, ഒഗ്നി, ഹാലേന്‍, ഫാനി എന്നിവയും പാകിസ്താന്‍ ലൈല, നര്‍ഗീസ്, ബുള്‍ബുള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തി.

അസാനിയും കരീമും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പേരാണ് ഉപയോഗിക്കുക. ഈ പട്ടികയിലെ ശ്രീലങ്ക നിര്‍ദേശിച്ച അസാനി ആണ് ഇപ്പോഴത്തെ ചുഴലിക്കാറ്റിന്റെ പേര്. ഈ മേഖലയിലെ റീജ്യനല്‍ കാലാവസ്ഥാ ഏജന്‍സി ഇന്ത്യയുടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ആയതിനാല്‍ ഐ.എം.ഡി സ്ഥിരീകരിച്ചാലേ പേര് നിലവില്‍ വരൂ. ഉദാഹരണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായതായി അമേരിക്കയുടെ ഏജന്‍സി സ്ഥിരീകരിച്ചെങ്കിലും ഐ.എം.ഡി സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ അസാനി എന്ന പേരില്‍ അത് അറിയപ്പെട്ടിരുന്നില്ല. കഴിഞ്ഞ ചുഴലിക്കാറ്റ് സൗദി അറേബ്യ നിര്‍ദേശിച്ച ജവാദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശ്രീലങ്കയുടെ അസാനിയുടെ പേര് സിംഹള ഭാഷയിലുള്ളതാണ്. ഉഗ്ര കോപം എന്നാണ് ഇതിന്റെ അര്‍ഥം. അടുത്ത ചുഴലിക്കാറ്റിന് തായ്‌ലന്റാണ് പേരിടുക. സിത്രാങ് ആണ് അവര്‍ നിര്‍ദേശിച്ച പേര്. തുടര്‍ന്ന് യു.എ.ഇ നിര്‍ദേശിച്ച മണ്ടൂസ് ആണ് പേര്. തുടര്‍ന്ന് യെമന്‍ നിര്‍ദേശിച്ച മോക്കയും. തുടര്‍ന്ന് ബംഗ്ലാദേശിന്റെ ബിപര്‍ ജോയിയും ഇന്ത്യയുടെ തേജും വരും.
തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇപ്പോള്‍ മറ്റൊരു ചുഴലിക്കാറ്റുണ്ട്. ഭൂമധ്യരേഖക്ക് സമീപം കരീം എന്ന പേരിലാണ് ഇപ്പോള്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറിയപ്പെടുക. ഈ മേഖലയിലെ രാജ്യങ്ങള്‍ (പ്രധാനമായും ആഫ്രിക്കന്‍, യൂറോപ്യന്‍) ആണ് തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുക. കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സെയ്‌ഷെല്‍സ് ആണ് ഈ പേര് നിര്‍ദേശിച്ചത്. ഇനി ഈ മേഖലയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് ലെസോതോ നല്‍കിയ ലെത്‌ലാമ എന്ന പേരിലാണ് അറിയപ്പെടുക. തുടര്‍ന്ന് മയ്‌പെലോ ആണ് പേരു വരിക. ബോത്സാനയാണ് ഈ പേര് നിര്‍ദേശിച്ചത്. മലാവി നിര്‍ദേശിച്ച നജാസിയാകും തുടര്‍ന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ പേര്.

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി, നാളെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടും

ബംഗാള്‍ ഉള്‍ക്കടലിലിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം (Depression) ആയി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 350 കി.മി അകലെയാണ് ഈ സിസ്റ്റം നിലവില്‍ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 9.6 ഡിഗ്രി വടക്കും രേഖാംശം 91 ഡിഗ്രി കിഴക്കുമാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇന്നു രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ ഈ സിസ്റ്റം വീണ്ടും ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദം (Deep Depression) ആകും. തുടര്‍ന്ന് നാളെ അസാനി ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മെയ് 10 വരെ വടക്കുപടിഞ്ഞാറ് ദിശയിലാണ് ഈ സിസ്റ്റം സഞ്ചരിക്കുക. തുടര്‍ന്ന് റീ കര്‍വ് ചെയ്ത് (ഗതി മാറി) വടക്ക് വടക്കുകിഴക്കന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഒഡിഷ തീരത്തേക്ക് അടുക്കാനാണ് സാധ്യത. ഇതിനു മുന്‍പ് ആന്ധ്രപ്രദേശിനും ഒഡിഷക്കും ഇടയില്‍ കരതൊടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും.

ന്യൂനമര്‍ദം സ്വാധീനം എവിടെയെല്ലാം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. നാളെ മുതല്‍ ഒഡിഷ, ആന്ധ്ര പ്രദേശ് തീരത്തും നേരിയ തോതില്‍ മഴ ലഭിക്കും.

കേരളത്തിലെ മഴ സാധ്യത
കേരളത്തില്‍ ന്യൂനമര്‍ദം നേരിട്ട് സ്വാധീനിക്കില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട് മുതല്‍ കൊല്ലം വരെയുള്ള ജില്ലകളില്‍ സാധാരണ മഴക്ക് സാധ്യത. മലപ്പും, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ന്യൂനമര്‍ദത്തിന്റെ വിദൂര സ്വാധീനം മൂലമുള്ള ചാറ്റല്‍ മഴ പുലര്‍ച്ചെയോ രാവിലെയോ പ്രതീക്ഷിക്കാം. മറ്റു പ്രദേശങ്ങളില്‍ ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത. പൂരം നടക്കുന്ന തൃശൂരിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. തിങ്കളാഴ്ച മഴ കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മധ്യ, തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴ ഈ ദിവസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കണം.