കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത് . നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. അതേസമയം കോഴിക്കോട് കനത്ത മഴയിൽ നഗരത്തിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഡിയം ജംക്ഷനു സമീപവും സെൻട്രൽ മാർക്കറ്റിനു സമീപവും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഇന്നലെ രാത്രി എട്ട് മണിയോടെ ആരംഭിച്ച മഴ പത്ത് മണി വരെ ലഭിച്ചു. മഴ കുറഞ്ഞതോടെ നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. മലയോര മേഖലകളിൽ രാത്രി വൈകിയും കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. Metbeat news