തെക്കുകിഴക്കൻ ഏഷ്യയിലുടനീളം കൽമേഗി ചുഴലിക്കാറ്റ് നാശം വിതച്ചു. ഫിലിപ്പീൻസിൽ നൂറുകണക്കിന് പേരുടെയും വിയറ്റ്നാമിൽ കുറഞ്ഞത് അഞ്ച് പേരുടെയും ജീവൻ നഷ്ടമായി, നിരവധി വീടുകൾ നിലംപൊത്തി, മരങ്ങൾ കടപുഴകി വീണു , ദശലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
204 പേരുടെ മരണത്തിന് കാരണമായ കൽമേഗി ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് ഫങ്-വോങ് ഫിലിപ്പീൻസിനെ പിടികൂടുന്നു. ഇതിനു മുന്നോടിയായി നിരവധി ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.
കരയിലേക്ക് പതിക്കുന്നതിനുമുമ്പ് ഒരു സൂപ്പർ ടൈഫൂണായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഫങ്-വോങ്, രാജ്യത്തെ മുഴുവൻ ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. “അതിന്റെ വ്യാപ്തി വളരെ വലുതാണ്. അതിനാൽ കനത്ത ജാഗ്രതയിലാണ് ഫിലിപ്പീൻസ്.
കഴിഞ്ഞ ആഴ്ചയിലെ നാശത്തിന് ശേഷം കൂടുതൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുമെന്ന് ഭയന്ന് തീരദേശ, താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
സീസണിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാകാൻ സാധ്യതയുള്ളതിനെ നേരിടാൻ രാജ്യം തയ്യാറെടുക്കുമ്പോൾ രാജ്യവ്യാപകമായി അടിയന്തര ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്.
കാലാവസ്ഥാ പ്രതിസന്ധി
ടൈഫൂൺ ഫങ്-വോങ് അടുത്താഴ്ച വീശി അടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം ഇതിനായി ഒരുങ്ങുന്നതിനാൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിവിൽ ഡിഫൻസ് ഓഫീസ് പറയുന്നതനുസരിച്ച്, കൽമേഗി ചുഴലിക്കാറ്റിനെ തുടർന്ന് അരലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തകർ കാണാതായ 100-ലധികം പേർക്കായി തിരച്ചിൽ തുടർന്നു. ഏകദേശം 450,000 പേർ ഭരണകൂടം ഒരുക്കിയ സുരക്ഷാ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലും ആയി അഭയം തേടി.
വിയറ്റ്നാമിൽ, അഞ്ച് മരണങ്ങൾ സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാക് ലക് പ്രവിശ്യയിൽ മൂന്ന് പേരും ഗിയ ലായിൽ രണ്ട് പേരും, ക്വാങ് എൻഗായ് നഗരത്തിൽ മൂന്ന് പേരെയും കാണാതായി. കൊടുങ്കാറ്റ് ഏകദേശം 2,600 വീടുകൾ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്തു, 1.6 ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനു മുമ്പ് 537,000-ത്തിലധികം വിയറ്റ്നാമികളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു, കൽമേഗി 600 മില്ലിമീറ്റർ (24 ഇഞ്ച്) വരെ മഴ പെയ്യിക്കുകയും പിന്നീട് ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലമാവുകയും കംബോഡിയയിലേക്ക് നീങ്ങുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള രണ്ട് രാജ്യങ്ങളായ ഫിലിപ്പീൻസും വിയറ്റ്നാമും ഏതാണ്ട് എല്ലാ വർഷവും ചുഴലിക്കാറ്റുകളെ നേരിടുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം ശക്തവും ഇടയ്ക്കിടെയുള്ളതുമായ കൊടുങ്കാറ്റുകൾക്ക് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
അൽബാനിയിലെ സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര പ്രൊഫസറായ ക്രിസ്റ്റൻ കോർബോസീറോ, കൽമേഗി ഇതിനകം തന്നെ സീസണിലെ നാലാമത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണെന്ന് പറഞ്ഞു. സമുദ്ര താപനില ഉയരുന്നത് അവയുടെ വിനാശകരമായ ശക്തി വർദ്ധിപ്പിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി.