കാലവർഷത്തിനുശേഷം തുലാവർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിൽ 7% മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഒക്ടോബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കുപ്രകാരമാണിത്.
അതേസമയം ഈ ഒരു മാസകാലയളവിൽ ലക്ഷദ്വീപിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. 146.6 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 273. 3 mm മഴ ലഭിച്ചു. കേരളത്തിൽ ഈ കാലയളവിൽ ലഭിക്കേണ്ട മഴ 297.7mm ആണ്, 276 mm മഴ ലഭിച്ചു.
തുലാവർഷം ഒരു മാസം പിന്നിടുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ്. തിരുവനന്തപുരത്ത് 33% അധിക മഴ ലഭിച്ചു. കാസർകോട് ജില്ലയിൽ പതിനൊന്നും കണ്ണൂർ ജില്ലയിൽ നാലും വയനാട് ജില്ലയിൽ ആറു ശതമാനവും അധിക മഴ ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം സാധാരണ മഴ ലഭിച്ചിട്ടുണ്ട്.
അതേസമയം മാഹിയിൽ 29 ശതമാനം അധികമഴ ഈ കാലയളവിൽ ലഭിച്ചു. 262.5 mm മഴ ലഭിക്കേണ്ട മാഹിയിൽ 339.8 mm മഴ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്.
അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഗുജറാത്ത് മഹാരാഷ്ട്ര തീരത്തിന് സമീപമാണ്. ഗുജറാത്തിലെ വെരാവലിൽ നിന്ന് 360 കി.മി അകലെയാണ് തീവ്ര ന്യൂനമർദ്ദത്തിൻ്റെ നിലവിലെ സ്ഥാനം. ഇത് വരും ദിവസങ്ങളിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ മഴ നൽകും. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ചാറ്റിൽ മഴ പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴ കുറഞ്ഞതോടെ പല ജില്ലകളിലും ചെറിയ രീതിയിൽ തണുപ്പ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.