ജീവജാലങ്ങളുടെ നിലനിൽപിനായി ആമസോൺ നദിയെ പ്രകൃതി ചുവപ്പിച്ചു, പക്ഷേ മനുഷ്യൻ ചെയ്തതോ, കൊടും ക്രൂരത

ഈ അവസാദങ്ങൾ നദിയുടെ രൂപഭംഗിയെ മാത്രമല്ല ബാധിക്കുന്നത്. ഈ ചെളി നിറഞ്ഞ വെള്ളത്തിൽ നൈട്രജൻ,ഫോസ്ഫറസ് പോലുള്ള ധാരാളം പോഷകങ്ങളും ജൈവവസ്തുക്കളും,അടങ്ങിയിട്ടുണ്ട്.

Maneesha M.K
3 mins mins read

ജീവജാലങ്ങളുടെ നിലനിൽപിനായി ആമസോൺ നദിയെ പ്രകൃതി ചുവപ്പിച്ചു, പക്ഷേ മനുഷ്യൻ ചെയ്തതോ, കൊടും ക്രൂരത

ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ആമസോൺ നദി. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ് ആമസോൺ. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്.

ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌. എന്നിട്ടും ആമസോൺ നദി സാധാരണയായി ചെളി നിറഞ്ഞതോ മങ്ങിയ തവിട്ടുനിറത്തിലോ ആയിട്ടാണ് കാണപ്പെടാറ്. 

ഇത്രയും വലിയ ഒഴുക്കുള്ള കടൽ നദി എന്നു വിശേഷിപ്പിക്കുന്ന ആമസോൺ നദി എന്തുകൊണ്ട് ചെളിനിറഞ്ഞ് കലങ്ങിമറിഞ്ഞ പോലെ കാണുന്നു എന്ന ചോദ്യം വളരെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ ചില ശാസ്‌ത്രീയ കാരണങ്ങൾ ഈ ചെളിക്കു പിറകിൽ മറഞ്ഞിരിപ്പുണ്ട് എന്നാണ്  പറയപ്പെടുന്നത്.  

പ്രധാന കാരണം ശക്തമായ മണ്ണൊലിപ്പ്

ആമസോൺ നദിയുടെ മിക്ക പ്രധാന അവസാദങ്ങളും അതായത് ചെളി, മണ്ണ്, കളിമണ്ണ്, പാറക്കഷണങ്ങൾ എന്നിവ ഉത്ഭവിക്കുന്നത് ആൻഡീസ് പർവ്വതനിരകളുടെ അടിവാരങ്ങളിൽ നിന്നാണ്. പർവ്വതപ്രദേശങ്ങളിൽ ശക്തമായ മണ്ണൊലിപ്പ് നടക്കുന്നു. ഇവിടെ നിന്ന് അനേകം പോഷകനദികൾ ഈ ധാതുസമൃദ്ധമായ അവസാദങ്ങളെ നദിയിലേക്ക് വഹിച്ചുകൊണ്ട് വരുന്നു.

കടലിലേക്ക് ഒഴുകിയെത്തുന്ന ആമസോൺ നദിയിലെ മൊത്തം അവസാദങ്ങളുടെ 85% മുതൽ 90% വരെ ഈ പർവ്വതപ്രദേശത്തുനിന്നാണ് സംഭാവന ചെയ്യുന്നതെന്ന് കണക്കാക്കുന്നു. ഇത്തരത്തിൽ ഒഴുകിയെത്തുന്ന 1.3 മില്യൺ ടൺ വരെ അവസാദങ്ങളാണ് ഓരോ ദിവസവും ആമസോൺ നദി അതിന്റെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുള്ള പ്രയാണത്തിൽ വഹിച്ചുകൊണ്ട് പോകുന്നത്.

ഈ കളിമണ്ണിന്റെയും ചെളിയുടെയും ചെറു കണികകൾ വെള്ളത്തിൽ താഴാതെ കലർന്ന് കിടക്കുന്നതുകൊണ്ടാണ് നദിക്ക് അതിന്റെ തവിട്ടുനിറം ലഭിക്കുന്നത്. ഈ ഉയർന്ന അവസാദ സാന്ദ്രത കാരണം ആമസോൺ നദിയുടെ പ്രധാന ഭാഗങ്ങളെയും, അവസാദം കൂടുതലുള്ള പോഷകനദികളെയും 'വൈറ്റ് വാട്ടർ റിവറുകൾ' എന്ന് വിളിക്കുന്നു.

ഇതാണ് പ്രകൃതിയുടെ മാജിക്

ഈ അവസാദങ്ങൾ നദിയുടെ രൂപഭംഗിയെ മാത്രമല്ല ബാധിക്കുന്നത്. ഈ ചെളി നിറഞ്ഞ വെള്ളത്തിൽ നൈട്രജൻ, ഫോസ്ഫറസ് പോലുള്ള ധാരാളം പോഷകങ്ങളും ജൈവവസ്തുക്കളും,അടങ്ങിയിട്ടുണ്ട്. ഇത് ആമസോൺ നദിയോരത്തെയും, അതിന്റെ വാർസിയാ എന്നറിയപ്പെടുന്ന വെള്ളപ്പൊക്ക സമതലങ്ങളിലെ വനങ്ങളെയും വളരെ ഫലഭൂയിഷ്ഠവും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളാൽ സമ്പന്നവുമാക്കാൻ സഹായിക്കുന്നു.

റിയോ നീഗ്രോയുമായി ചേരുന്നിടത്ത് ഈ പ്രതിഭാസം വളരെ വ്യക്തമായി കാണാം.

റിയോ നീഗ്രോ ആമസോൺ വനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതും, മരങ്ങളുടെയും ഇലകളുടെയും ജീർണ്ണിച്ച ഭാഗങ്ങളിൽ നിന്നുള്ള ടാനിൻ എന്ന രാസവസ്തുക്കൾ കാരണം കടും കറുപ്പ് അല്ലെങ്കിൽ കാപ്പി നിറത്തിൽ കാണപ്പെടുന്നതുമാണ്. ഇതിൽ അവസാദങ്ങൾ വളരെ കുറവാണ്. 

അതേസമയം റിയോ സോളിമോസ് എന്നത് ആൻഡീസിൽ നിന്ന് വരുന്ന, അവസാദം നിറഞ്ഞ മങ്ങിയ തവിട്ടുനിറമുള്ള വെള്ളമാണ്.
ബ്രസീലിലെ മനൗസിന് സമീപം ഈ രണ്ട് നദികളും കൂടിച്ചേരുമ്പോൾ, വെള്ളത്തിന്റെ താപനില, ഒഴുക്കിന്റെ വേഗത, സാന്ദ്രത എന്നിവയിലെ വ്യത്യാസം കാരണം അവ പെട്ടെന്ന് കലരില്ല. അതിനാൽ, ഈ കറുത്ത വെള്ളവും തവിട്ടു വെള്ളവും ഏതാനും കിലോമീറ്ററുകളോളം ഒന്നായി ഒഴുകുന്നത് കാണാൻ കഴിയും.

ഇത് ആമസോൺ നദിയുടെ നിറവ്യത്യാസത്തെ വ്യക്തമാക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ്.
ഇക്കാരണങ്ങൾ കൊണ്ടാണ് ആമസോൺ നദി കലങ്ങിയ രൂപത്തിൽ കാണപ്പെടുന്നത്. പ്രകൃതിയുടെ പ്രതിഭാസത്താൽ മാലിന്യത്തെ പോലും  തുടച്ചു നീക്കി ഒഴുകുന്ന നദി ലോകത്തിലെ തന്നെ അദ്‌ഭുതങ്ങളിൽ ഒന്നാണ്.

മനുഷ്യൻ ചെയ്തത് കൊടും ക്രൂരത

ഇങ്ങനെയൊക്കെ ആമസോണിനെ പ്രകൃതി സംരക്ഷിക്കുമ്പോൾ മനുഷ്യർ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ചളിവെള്ളം പോലും ജീവികളുടെ ജീവൻ നിലനിർത്തുമ്പോൾ ഒരു കാടിനെ തന്നെ വെട്ടിമാറ്റുകയാണ് മനുഷ്യൻ.

1763978876W.webp  

ആമസോൺ നദികരയിലെ  ആയിരകണക്കിന് മരങ്ങൾ മുറിച്ചു മാറ്റി 

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി (സിഒപി-30) നടക്കുന്ന വേദിയിലേക്കുള്ള ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ആമസോണ്‍ മഴക്കാടുകളിലെ ആയിരക്കണക്കിന് മരങ്ങളാണ് ബ്രസീൽ മുറിച്ചു മാറ്റിയത്. നടപടിക്കെതിരേ പരിസ്ഥിതി പ്രവർത്തകരിൽനിന്നും പ്രദേശവാസികളിൽനിന്നും വലിയ വിമർശനമാണ് ഉയർന്നത്. 

ഗതാഗതം സുഗമമാക്കാൻ പ്രകൃതിയുടെ അദ്ഭുതത്തെ തന്നെ നശിപ്പിച്ചു

വടക്കന്‍ ബ്രസീലിലെ ബേലെമിലാണ് യു.എന്നിന്റെ സിഒപി-30 നടന്നത്. ഇവിടേക്കുള്ള ഏകദേശം 13 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് ചർച്ചയായത്. ഉച്ചകോടിയുടെ ഭാഗമായി ബേലം നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഹൈവേ നിര്‍മാണമെന്നാണ് അധികൃതർ പറഞ്ഞത്. 

സിഒപി-30 ഉച്ചകോടി സമാപിച്ചു

കഴിഞ്ഞദിവസമാണ് ഉച്ചകോടി സമാപിച്ചത്. നേതാക്കളടക്കം അന്‍പതിനായിരത്തോളം പ്രതിനിധികള്‍ സിഒപി 30-ല്‍ പങ്കെടുത്തു. ഇവരുടെ യാത്ര സൗകര്യപ്രദമാക്കുന്നതിന് വേണ്ടിയാണ് ഹൈവേ നിര്‍മിച്ചത്. എണ്ണൂറോളം സ്പീഷിസുകളില്‍പ്പെട്ട സസ്യങ്ങള്‍ ഉള്‍പ്പെട്ട സംരക്ഷിത മേഖലയിലൂടെയാണ് ഹൈവേയുടെ ഒരു ഭാഗം കടന്നുപോകുന്നത്. 

കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി നടന്ന ഉച്ചകോടി സംഘടിപ്പിച്ചത് കാടിനെ നശിപ്പിച്ചു കൊണ്ട് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി സംഘടിപ്പിക്കുന്ന ഉച്ചകോടിക്കുവേണ്ടി ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിക്കുന്നത് ബ്രസീലിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകർ ഉയർത്തിയത്.

പുതിയ റോഡ് തങ്ങളുടെ ഉപജീവനമാര്‍ഗത്തെ ഇല്ലാതാക്കിയെന്ന് പ്രദേശവാസികളും ആരോപണം ഉന്നയിച്ചിരുന്നു. കാട്ടിൽനിന്നുള്ള പഴവും മറ്റും ശേഖരിച്ചു വില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം മരങ്ങള്‍ വെട്ടിനീക്കിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

1763978922W.webp  

അതേസമയം 2035 ഓടെ ആരോഗ്യ സംവിധാനങ്ങളിലെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി അഡാപ്‌റ്റേഷന്‍ ഫണ്ടിലേക്ക് 135 മില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികളും ബെലെം ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിനായി 300 ദശലക്ഷം ഡോളറും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇങ്ങനെയൊക്കെ തീരുമാനമെടുക്കുമ്പോൾ ഒരു കാര്യം ഓർക്കുക, ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഒരു പ്രകൃതി നിലനിർത്തുക എന്നതാണ് ഒരു മനുഷ്യൻ്റെ കടമ.

English Summary: Discover the unique confluence of the Rio Negro and Rio Solimões in the Amazon, where dark and light waters flow side by side, showcasing nature's beauty.