ആധുനിക കൃഷി: ലോകത്തെ 40 ശതമാനം ഭൂമിയും നഷ്ടമായെന്ന് യു.എൻ പഠനം

ആധുനിക കൃഷി രീതി അടക്കമുള്ള കാരണങ്ങളാൽ ലോകത്തെ 40 ശതമാനം ഭൂമിയും ഉപയോഗശൂന്യമായതായി യു.എൻ പഠനം. ഇത് നിയന്ത്രിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ, 2050 ആവുന്നതോടെ ദക്ഷിണ അമേരിക്കയുടെ വലിപ്പത്തിലുള്ള വമ്പൻ ഭൂപ്രദേശം നശിച്ചുതീരുമെന്നും യു എൻ പുറത്തിറക്കിയ ഗ്ലോബൽ ലാന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ടിന്റെ രണ്ടാം പതിപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ ഭൂമിയുടെ ഗുണമേൻമ തിരിച്ചുപിടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഞ്ചു വർഷം എടുത്തുനടത്തിയ പഠനത്തിനൊടുവിലാണ് വിപൽസൂചനകൾ ഏറെയുള്ള റിപ്പോർട്ട് യു എൻ പുറത്തിറക്കിയത്. മണ്ണും വെള്ളവും ജൈവവൈവിധ്യവും എങ്ങനെയാണ് ലോകരാഷ്ട്രങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന കാര്യമാണ് പഠിച്ചത്. ഭൂമിയിൽ ഏറ്റവും ആഘാതമേറ്റത് മണ്ണിനാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഫലഭൂയിഷ്ഠത കുറയുകയും കാർബൺ നിക്ഷേപം കുറയ്ക്കുകയും ജൈവവൈിധ്യ സംരക്ഷണത്തിനുള്ള കഴിവു കുറയുകയുമാണ് ചെയ്തത്. നിലവിൽ ഭൂമിയുടെ വിനിയോഗം വളരെ മോശമായാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ റിപ്പോർട്ട് എന്നാൽ, ഫലപ്രദമായ നടപടികളിലൂടെ ലോകരാജ്യങ്ങൾ ഒന്നിച്ചു ശ്രമിച്ചാൽ, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാവുമെന്നും വ്യക്തമാക്കുന്നു.

നിലവിൽ ഭൂമിയിലെ പകുതിയോളം പ്രദേശങ്ങളിൽ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകത്തിലെ കൃഷിഭൂമിയുടെ 70 ശതമാനവും ഒരു ശതമാനം വരുന്ന ഫാമുകളാണ് നിയന്ത്രിക്കുന്നത്. പ്രതിവർഷം 700 ബില്യൻ ഡോളർ എങ്കിലും കാർഷിക സബ്‌സിഡികൾക്കായി ചെലവിടുമ്പോഴും അതൊന്നും ഗുണപരമായ ഫലം ഉണ്ടാക്കുന്നില്ല. കൃഷിക്കു വേണ്ടി 70 ശതമാനം വനങ്ങൾ നശിപ്പിക്കപ്പെടുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Comment