കേരളത്തിൽ മാമ്പൂക്കളുടെ ഉത്സവകാലം, രണ്ടു ദിവസത്തെ മഴ പ്രവചനം ചതിക്കുമോ
പുലർക്കാല മഞ്ഞിനെ തഴുകി വരുന്ന കാറ്റിൽ ഒഴുകിയെത്തുന്ന മാമ്പൂവിൻ്റെ മണമാണ് ഇന്ന് കേരളത്തിന്. സ്വർണ്ണ നിറമാണ് കേരളത്തിലെ മാവുകൾക്കിന്ന്. അത്രയേറെ മാമ്പൂക്കളാണ് ഓരോ മാവിലും പൂത്തു നിൽക്കുന്നത്. ദേ ഇപ്പോൾ ആ പൂക്കൾ കായ്ച്ച് ഉണ്ണിമാങ്ങകൾക്ക് ജന്മം നൽകിയിട്ടുണ്ട്. തണുത്ത ഇളം കാറ്റിലാടുന്ന മനോഹരമായ മറ്റൊരു ചിത്രവും വരക്കപ്പെട്ടിരിക്കുന്നു.
കേരളത്തിന് ഇത്തവണ മാമ്പൂക്കളുടെ സുഗന്ധമാണ്. വല്ലപ്പോഴും പൂക്കുന്ന മുറ്റത്തെ നാട്ടുമാവുകൾ മുതൽ തോട്ടങ്ങളിലെ ഒട്ടു മാവുകൾ വരെ ചരിത്രത്തിലില്ലാത്ത വിധം പൂത്തുലഞ്ഞു.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പറമ്പുകളിലും വഴിയോരങ്ങളിലും ഇലകള്‍ പോലും കാണാത്ത വിധം പൂങ്കുലകള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുകയാണ് മാവുകള്‍. മാവിന്റെ ശിഖരങ്ങളില്‍ നൈട്രജനും അന്നജവും വലിയ അളവില്‍ ശേഖരിക്കപ്പെട്ടത് ഇത്തവണത്തെ പുഷ്പിക്കലിന് കാരണമാകാമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പൂത്തമാവുകളില്‍ പരാഗണം നടന്ന് മാങ്ങകള്‍ മൂപ്പെത്താന്‍ ഏകദേശം 90 മുതല്‍ 100 ദിവസങ്ങള്‍ വരെ സമയമെടുക്കും.
പൂക്കാത്ത മാവുകൾക്കു വരെ ഇത്തവണ ഉത്സവകാലം
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൂക്കുന്ന മാവുകള്‍ മാര്‍ച്ചോടു കൂടി കണ്ണിമാങ്ങയാവുകയും ഏപ്രില്‍ മാസത്തോടെ വിളവെടുപ്പിന് പാകമാവുകയും ചെയ്യും. മൂവാണ്ടനും കിളിച്ചുണ്ടനുമെല്ലാം പുറമേ നാട്ടുപേരുകളില്‍ നിരവധി മാമ്പഴങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത അരൂര്‍ പ്രദേശത്തെ പ്രധാന മാവിനമായ അരൂര്‍ ഒളോര്‍ മാവുകളും ഇത്തവണ പൂത്തുനിറഞ്ഞിട്ടുണ്ട്. ഏറ്റവും സ്വാദിഷ്ടവും വിലകൂടിയതുമായ മാങ്ങകളാണ് അരൂര്‍ ഒളോര്‍.ഏതായാലും പല മാവിന്‍ ചുവടുകളിലും കുട്ടികള്‍ ഉണ്ണിമാങ്ങപെറുക്കാന്‍ പോയിത്തുടങ്ങിയിട്ടുണ്ട്.
തണുപ്പാണ് താരം
കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ മകരമാസത്തിലുണ്ടായ നല്ല തണുപ്പ് മാവുകള്‍ക്ക് ഉത്സവമായി എന്നു തന്നെ പറയാം. നാടെങ്ങുമുള്ള മാവുകളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയാണ്. കാലാവസ്ഥയിലെ മാറ്റമാണ് പ്രധാനമായും മാവുകള്‍ സമൃദ്ധമായി പൂക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
മാവുകൾക്ക് രക്ഷകനായെത്തിയ കാലാവസ്ഥ
മാവുകൾ പൂവിടുന്നതിന് താപനിലയിലെ വ്യതിയാനം അഥവാ 'Temperature Variation' വലിയ പങ്കുവഹിക്കുന്നുണ്ട്. സാധാരണഗതിയിൽ മാവിന് പൂവിടാൻ 2 മുതൽ 4 ആഴ്ച വരെ നീളുന്ന ചെറിയൊരു വരൾച്ചയോ തണുപ്പോ ആവശ്യമാണ്.
ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിൽ ലഭിച്ച മിതമായ തണുപ്പും രാത്രികാലങ്ങളിലെ താഴ്ന്ന താപനിലയും (15°C - 20°C) മാമ്പൂക്കളുടെ മുകുളങ്ങൾ വിരിയാൻ വളരെയധികം സഹായിച്ചു. ദീർഘിച്ച ഈ തണുപ്പുകാലമാണ് ഈ വിസ്മയക്കാഴ്ചയ്ക്ക് ആക്കം കൂട്ടിയത്
വംശവർദ്ധനവ് വേഗത്തിലാക്കി
സസ്യശാസ്ത്രമനുസരിച്ച്, ഏതൊരു ജീവിയും താൻ നേരിടുന്ന പ്രതിസന്ധികളെ (വരൾച്ച അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം) അതിജീവിക്കാനായി വംശവർദ്ധനവ് വേഗത്തിലാക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ അസ്ഥിരമായ മഴയും കാലാവസ്ഥാ വ്യതിയാനവും മാവുകളെ ഒരു 'Survival Mode'-ലേക്ക് എത്തിച്ചു. തങ്ങളുടെ വംശം നിലനിർത്താനായി കൂടുതൽ വിത്തുകൾ അതായത് മാങ്ങകൾ ഉത്പാദിപ്പിക്കാനുള്ള മരങ്ങളുടെ ഈ വെമ്പലാണ് മുറ്റം നിറയെ പൂത്തു നിൽക്കുന്ന പൂക്കളായി നാം കാണുന്നത്.
മഴ ചതിക്കുമോ
ഇനിയങ്ങോട്ട് വിരിഞ്ഞ പൂവുകൾ കൊഴിയാതെയും കരിയാതെയും മാങ്ങകളായി മാറ്റാനുള്ള കരുതൽ നടപടികളാണ് കർഷകൾ എടുക്കേണ്ടത്. എന്നാൽ മാവു പൂത്ത സമയത്ത് വരുന്ന രണ്ടു ദിവസത്തെ മഴ പ്രവചനം മാമ്പൂ കൊഴിയാന്‍ കാരണമാകുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നുണ്ട്. എന്തായാലും നാട്ടുമാങ്ങകളുടെ രുചി നുണയാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത്തവണ ഉത്സവമാകും.
English Summary : According to botany, any organism will accelerate its reproduction to survive the crises it faces (drought or climate change). The erratic rainfall and climate change of the last few years have pushed mangoes into a 'survival mode'.