ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി, നാളെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടും

ബംഗാള്‍ ഉള്‍ക്കടലിലിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം (Depression) ആയി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് 350 കി.മി അകലെയാണ് ഈ സിസ്റ്റം നിലവില്‍ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 9.6 ഡിഗ്രി വടക്കും രേഖാംശം 91 ഡിഗ്രി കിഴക്കുമാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇന്നു രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ ഈ സിസ്റ്റം വീണ്ടും ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദം (Deep Depression) ആകും. തുടര്‍ന്ന് നാളെ അസാനി ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മെയ് 10 വരെ വടക്കുപടിഞ്ഞാറ് ദിശയിലാണ് ഈ സിസ്റ്റം സഞ്ചരിക്കുക. തുടര്‍ന്ന് റീ കര്‍വ് ചെയ്ത് (ഗതി മാറി) വടക്ക് വടക്കുകിഴക്കന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഒഡിഷ തീരത്തേക്ക് അടുക്കാനാണ് സാധ്യത. ഇതിനു മുന്‍പ് ആന്ധ്രപ്രദേശിനും ഒഡിഷക്കും ഇടയില്‍ കരതൊടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും.

ന്യൂനമര്‍ദം സ്വാധീനം എവിടെയെല്ലാം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. നാളെ മുതല്‍ ഒഡിഷ, ആന്ധ്ര പ്രദേശ് തീരത്തും നേരിയ തോതില്‍ മഴ ലഭിക്കും.

കേരളത്തിലെ മഴ സാധ്യത
കേരളത്തില്‍ ന്യൂനമര്‍ദം നേരിട്ട് സ്വാധീനിക്കില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട് മുതല്‍ കൊല്ലം വരെയുള്ള ജില്ലകളില്‍ സാധാരണ മഴക്ക് സാധ്യത. മലപ്പും, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ന്യൂനമര്‍ദത്തിന്റെ വിദൂര സ്വാധീനം മൂലമുള്ള ചാറ്റല്‍ മഴ പുലര്‍ച്ചെയോ രാവിലെയോ പ്രതീക്ഷിക്കാം. മറ്റു പ്രദേശങ്ങളില്‍ ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത. പൂരം നടക്കുന്ന തൃശൂരിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. തിങ്കളാഴ്ച മഴ കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മധ്യ, തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴ ഈ ദിവസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കണം.

Leave a Comment