കിസാൻ ക്രെഡിറ്റ് കാർഡ് വഴി പരമാവധി വായ്പ ലഭ്യമാകാൻ എന്ത് ചെയ്യണം?

നബാർഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തിൽ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി 1998 -ൽ അവതരിപ്പിക്കപ്പെട്ട ഒരു കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പ്രാഥമികമായി പറയാം. കർഷകന്റെ സമഗ്രമായ കാർഷിക ആവശ്യങ്ങൾക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്‌ഷ്യം. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകൾ മുഖാന്തരം മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്.ഇത് കർഷകർക്കുള്ള ഒരു ‘ക്രെഡിറ്റ് കാർഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കർഷകന് ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും ലഭിക്കുന്നു. ഈ കാർഡ് ഉപയോഗിച്ച് കർഷകന് തന്റെ കാർഷിക ആവശ്യങ്ങൾക്കായി പണം എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കും.

കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം
മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളിൽ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കർഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകൾക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിൻവലിക്കാം. ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാൽ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് സേവിങ്സ് അക്കൗണ്ടിൽ ഇട്ടാൽ, നിങ്ങൾ അതിൽ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കിൽ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, അതിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ എടുക്കുവാനും അതിൽ തന്നെ തിരിച്ചടയ്ക്കുവാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ബാങ്കുകളിൽ നിന്നും ചോദിച്ച് വാങ്ങുക.സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കർഷകനും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പാട്ട കൃഷിയുള്ള കർഷകർക്കും, കർഷക സംഘങ്ങൾക്കും രജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉൽപ്പാദനവായ്‌പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.

Leave a Comment