Kerala heat weather updates 28/01/25: കഴിഞ്ഞ വര്‍ഷത്തേക്കാളും 2025ല്‍ ചൂട് കഠിനമാകും
ഈ വർഷം കൊടും ചൂടിന്റെ ദിനങ്ങള്‍. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ശക്തമാകുമെന്നു മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് . 2025ല്‍, കഴിഞ്ഞ വര്‍ഷത്തെക്കാളും ചൂട് കൂടുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ ഓരോ ദിവസവും അനുഭവപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, 2024ല്‍ ആണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിട്ടുള്ള വർഷം. തൊട്ടുപിന്നിലുള്ള വര്‍ഷം 2023ആണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളേക്കാളും ഈ വര്‍ഷം ചൂട് വർദ്ധിക്കും എന്നാണ് മുന്നറിയിപ്പ് .
നിലവില്‍ ജനുവരിയില്‍ തന്നെ ചൂട് കൂടുന്ന സ്ഥിതിയാണ് ഇപ്പോൾ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരിയിൽ സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുതലാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം രാജ്യത്ത് തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. കോട്ടയത്ത് 36.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തില്‍ അടുത്തടുത്ത വര്‍ഷങ്ങളിലായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മുന്‍പ്, മാര്‍ച്ച് മാസം മുതലാണു ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023,24 വര്‍ഷങ്ങളില്‍ ജനുവരി മുതലേ ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നു. 2025 തുടക്കത്തിലും ഈ സ്ഥിതി തന്നെ തുടരുന്നു. വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ഒറ്റപ്പെട്ടമഴയ്ക്കു സാധ്യതയുണ്ടെങ്കിലും ചൂടിന്റെ കാര്യത്തില്‍ നേരിയ ശമനമേ ഉണ്ടാവാൻ സാധ്യതയുള്ളൂ . എല്ലാ ജില്ലകളിലും പൊതുവേ പകല്‍ താപനില ഉയര്‍ന്നു നിൽക്കുമെന്നും കാലാവസ്ഥ വകുപ്പ്.
‘എല്‍നിനോ’ പ്രതിഭാസം വിട്ടുപോയെങ്കിലും അതിന്റെ അനുരണനങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഉത്തരായനകാലം തുടങ്ങിയതിനാല്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതും ചൂട് കൂടുന്നതിനു കാരണമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.