കെനിയയിൽ ജലക്ഷാമം രൂക്ഷം, വെള്ളത്തിന് ശരീരം വിറ്റ് യുവതികൾ

കാലപ്പഴക്കം ചെന്ന വിതരണ സംവിധാനങ്ങളും കാലാവസ്ഥ മാറ്റങ്ങളും മൂലം ജലക്ഷാമം നേരിട്ട് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി. കിബ്ര പോലുള്ള ജനവിഭാഗങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനായി സ്വകാര്യ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നു. ജലത്തിന്റെ ലഭ്യതയും വിതരണവും ഇവര്‍ നിയന്ത്രിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പണമായി മാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തിന്റെ വില നല്‍കുന്നത്.

‘രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കുന്നവരില്‍ മിക്കവരും പുരുഷന്‍മാരാണ്. ആ സമയത്ത് അവര്‍ ലൈംഗികമായി അതിനെ പ്രയോജനപ്പെടുത്തുന്നു. നിരസിച്ചാല്‍ വെള്ളം കിട്ടില്ല’- ഒരു സ്ത്രീ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു. എട്ട് കാന്‍ വെള്ളമാണ് മേരി എന്ന സ്ത്രീ ഓരോ ദിവസവും കൊണ്ടുപോകുന്നത്. ശമ്പളത്തിന്റെ നാലിലൊന്നായ 18 ഡോളറാണ് ഒരു മാസം വെള്ളത്തിനായി ഇവര്‍ മുടക്കുന്നത്. കിബ്രയില്‍ ധാരാളം പേര്‍ നിര്‍ധനരാണ്.

അതിനാല്‍തന്നെ വെള്ളത്തിനായി മുടക്കാന്‍ ഇവരുടെ കയ്യില്‍ പണമില്ല. ഒരു രാത്രിയില്‍ വെള്ളമെടുക്കുന്നതിനിടെ കച്ചവടക്കാരന്‍ മേരിയെ ആക്രമിച്ചു. അവര്‍ പറയുന്നതിങ്ങനെ: ‘അവര്‍ രണ്ടുപേരുണ്ടായിരുന്നു. എന്റെ വസ്ത്രം ഏതാണ്ട് വലിച്ചുകീറിയിരുന്നു. എന്റെ കരച്ചില്‍ കേട്ട് മറ്റ് സ്ത്രീകള്‍ എത്തുന്നതിന് മുന്‍പുതന്നെ അവര്‍ എന്നെ പീഡിപ്പിച്ചുകഴിഞ്ഞിരുന്നു’.

അപമാനം ഭയന്നും പേടിച്ചുമാണ് സ്ത്രീകള്‍ പൊലീസിനെ സമീപിക്കാത്തത്. സ്ത്രീകള്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. പൊതുജല ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ അളവില്‍ കൊടുക്കാന്‍ അത് പര്യാപ്തമല്ല. 2005 മുതല്‍ നെയ്‌റോബി ജലദൗര്‍ലഭ്യം നേരിടുന്നു. സ്വകാര്യ ജലവിതരണക്കാരാണ് കിബ്ര പോലുള്ള സ്ഥലങ്ങളില്‍ ഈ വിടവ് നികത്തുന്നത്.

വെള്ളത്തിന് കാശ് നല്‍കേണ്ടിവരുന്നത് മറ്റ് ബുദ്ധിമുട്ടേറിയ പല വഴികളും തിരഞ്ഞെടുക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ‘ഞാന്‍ വെള്ളം കടമായി വാങ്ങാറുണ്ടായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എങ്ങനെ വീട്ടുമെന്ന് വില്‍പ്പനക്കാരന്‍ ചോദിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ കയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞു. പണത്തിന് പകരമായി എന്റെ ശരീരം നല്‍കണമെന്ന് അയാള്‍ എന്നോട് പറഞ്ഞു’.-മറ്റൊരു സ്ത്രീ പറയുന്നു.

Leave a Comment