ഏപ്രിലിൽ രേഖപ്പെടുത്തിയത് 122 വർഷത്തെ കൂടിയ ചൂട്‌

ഇന്ത്യയിലെ വടക്കുപടിഞ്ഞാറ്, മധ്യ മേഖലകളില്‍ 122 വര്‍ഷത്തിനിടെ ഏറ്റവും ശരാശരി കൂടിയ താപനില രേഖപ്പെടുത്തുന്ന ഏപ്രില്‍ മാസമാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. ഡല്‍ഹിയില്‍ ഇന്നലെ 47.1 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. 1901 മുതല്‍ ഏപ്രില്‍ 28 വരെയുള്ള കണക്ക് പ്രകാരമാണിത്.
വടക്കുപടിഞ്ഞാറ് ഇന്ത്യയില്‍ കൂടിയ ശരാശരി താപനില ഈ ഏപ്രിലില്‍ 35.9 ഡിഗ്രിയാണ്. ദീര്‍ഘകാല ശരാശരിയേക്കാള്‍ ഇത് 3.35 ഡിഗ്രി കൂടുതലാണ്. 2010 ഏപ്രിലില്‍ 35.4 ഡിഗ്രിയായിരുന്നു താപനില. ഈ മാസം മധ്യ ഇന്ത്യയിലെ ശരാശരി കൂടിയ താപനില 37.78 ഡിഗ്രിയായിരുന്നു. 1973 ലും ഈ മേഖലയില്‍ 37.75 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇത്രയും ചൂട് രേഖപ്പെടുത്തുന്നത്. രാത്രിയിലെ കുറഞ്ഞ താപനിലയും സാധാരണയില്‍ കൂടുതലാണ്. ഏപ്രിലില്‍ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ കുറഞ്ഞ ശരാശരി താപനില 19.44 ഡിഗ്രി ആണ്. ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.75 ഡിഗ്രി കൂടുതലാണിത്. മെയ് മാസത്തിലും ചൂട് സാധാരണയേക്കാള്‍ കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Leave a Comment