വിയറ്റ്നാമിൽ കനത്തമഴയും പ്രളയവും, മരണസംഖ്യ കൂടുന്നു, ഞായറഴ്ച വരെ മഴയെന്ന് പ്രവചനം
വിയറ്റ്‌നാമിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരണ സംഖ്യ കൂടുന്നു. വൻനാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മധ്യ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും 1,500 മില്ലിമീറ്ററിൽ അധികം മഴ പെയ്തതായാണ് റിപ്പോർട്ട്.
തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. 52,000-ത്തിലധികം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം പതിനായിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ലാം ഡോങ് പ്രവിശ്യയിലെ ഡാ നിഹിം നദിയിലെ ഒരു തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചു പോയി. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മണ്ണിടിച്ചിലിൽ പ്രധാന റോഡുകളും ഹൈവേകളും തകർന്നതിനെ തുടർന്ന് ലാം ഡോങ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ രണ്ട്ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വീശിയത് ശക്തമായ രണ്ട് കൊടുങ്കാറ്റുകൾ
രണ്ട് ആഴ്ചകൾക്കുള്ളിൽ ശക്തമായ രണ്ട് കൊടുങ്കാറ്റുകളാണ് വിയറ്റ്നാമിൽ ആഞ്ഞുവീശിയത്. ബുലവോയ് കൊടുങ്കാറ്റും പിന്നാലെയെത്തിയ കൽമേഗി കൊടുങ്കാറ്റും സാരമായ നാശം വിയറ്റ്നാമിൽ വിതച്ചിരുന്നു.
കാപ്പി കൃഷി നശിച്ചു
തീര ദേശനഗരങ്ങളായ ഹോയ് ആൻ, നാ ട്രാംഗ് എന്നിവിടങ്ങളിലാണ് സാരമായ നഷ്ടം നേരിട്ടിട്ടുള്ളത്. മസയോരങ്ങളിലെ കാപ്പി കൃഷിയെ താറുമാറാക്കിയാണ് കൊടും മഴ പുരോഗമിക്കുന്നത്. നേരത്തെയുണ്ടായ കൊടുങ്കാറ്റുകൾ മറ്റ് കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇതിന് പുറമേയാണ് കാപ്പി കൃഷി കൂടി നശിക്കുന്നത്. വിയറ്റ്നാമിലെ കാപ്പി കൃഷിക്ക് മുന്നിലുള്ള ദാക്ക് ലാക്ക് മേഖലയിൽ പതിനായിരക്കണക്കിന് വീടുകളാണ് പ്രളയക്കെടുതിയിൽ മുങ്ങിയ നിലയിലുള്ളത്.
നാളെ വരെ മഴ തുടരും
ഞായറാഴ്ച വരെ ഇത്തരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം വിശദമാക്കുന്നത്. സൈന്യം, പൊലീസ് അടക്കം വിവിധ പ്രതിരോധ സേനകളാണ് രക്ഷാപ്രവർത്തനത്തിലും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലും സജീവമായിട്ടുള്ളത്. മണ്ണിടിച്ചിലുകൾ റോഡുകളേയും ദേശീയ പാതകളേയും മൂടിയതിന് പിന്നാലെ മഴ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് വിയറ്റ്നാം.
English summary: Severe flooding in coastal cities like Hoi An and Nha Trang has devastated over 52,000 homes, displacing thousands. Emergency declared in Lam Dong province.