ചൂട് 47 ഡിഗ്രി, വൈദ്യുതിയില്ല, ഉത്തരേന്ത്യ നരക തുല്യം

ഉത്തരേന്ത്യ വേനൽച്ചൂടിൽ ഉരുകുകയാണ്. 45 ഡിഗ്രിക്ക് മുകളിലാണ് പലയിടത്തും താപനില. ഉഷ്ണതരംഗം ഉത്തർപ്രദേശിൽ തീവ്ര ഉഷ്ണ തരംഗമായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പകൽ ചൂട് 47 ഡിഗ്രി സെൽഷ്യസിലെത്തി. 20 വർഷത്തെ ഏപ്രിലിൽ നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചൂടാണിത്. നേരത്തെ 1999 ഏപ്രിൽ 30 നായിരുന്നു റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 46.3 ഡിഗ്രിയായിരുന്നു ഇത്. കഴിഞ്ഞ വർഷം 44.3 ഡിഗ്രിയും 2020 ൽ 43.7 ഡിഗ്രിയുമാണ് നഗരത്തിൽ രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരാനാണ് സാധ്യത. നാളെ മുതൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും. 45 ഡിഗ്രിക്ക് മുകളിൽ താപനില പോകുമ്പോഴാണ് സാധാരണ ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. 47 ഡിഗ്രി കടക്കുമ്പോൾ തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കും. ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കടുത്ത ചൂട് രേഖപ്പെടുത്തി. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് 2 നും നാലിനും ഇടയിൽ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും താപനില 36 നും 39 നും ഇടയിൽ തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

ഡൽഹിയിൽ 12 വർഷത്തെ കൂടിയ ചൂട്
ഡൽഹിയിൽ 72 വർഷത്തിനിടെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ ഏപ്രിലാണ് ഇത്തവണത്തേത്. ഇന്ന് രേഖപ്പെടുത്തിയത് 43.4 ഡിഗ്രി സെൽഷ്യസ്. ഏപ്രിൽ 28 ന് 43.5 ഡിഗ്രിയായിരുന്നു താപനില. ഡൽഹിയിൽ കഴിഞ്ഞ 12 വർഷത്തിനിടെയുള്ള ഏറ്റവും വലിയ താപനിലയാണിത്. കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കൽക്കരിക്ഷാമം വൈദ്യുതിയില്ല

കൽക്കരി പ്രതിസന്ധിയെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി മുടക്കം പതിവായി. താപ വൈദ്യുതി നിലയമാണ് കൂടുതലായും പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പമ്പിങ്ങും തടസ്സപ്പെട്ടു. വരൾച്ചയും രൂക്ഷമാണ്. അടുത്ത ഒരാഴ്ചയും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഉഷ്ണ തരംഗം മരിച്ചത് 6,500 പേർ
2010 മുതൽ ഇന്ത്യയിൽ ഇതുവരെ 6,500 പേർ ഉഷ്ണ തരംഗത്തിൽ മരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യിൽ കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങൾ
കൊവിഡിനു പിന്നാലെ ഉഷ്ണ തരംഗ ആരോഗ്യ പ്രശ്‌നങ്ങളും സജീവമാകുന്നു. നിരവധി പേരാണ് ചികിത്സ തേടുന്നത്. സൂര്യാഘാതവും പതിവാണ്. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിരവധി പേർ ചികിത്സ തേടിയെത്തുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് മോന ദേശായ് പറഞ്ഞു. നേരിട്ട് വെയിൽ കൊള്ളരുതെന്നും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ പാടില്ലെന്നും പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. തൊപ്പി, കുട എന്നിവ ചൂടുന്നതും തല മറയ്ക്കുന്നതും ഉഷ്ണ തരംഗത്തിൽ നിന്ന് രക്ഷനേടാൻ സഹായകമാകും.

Leave a Comment