Metbeat Weather Desk
UN നേതൃത്വത്തിലുള്ള ലോക കാലാവസ്ഥ സംഘടന (WMO ) ഇന്നലെ രാത്രി പുറത്തുവിട്ട ഏഷ്യയിലെ ഉഷ്ണ തരംഗ ഭൂപടമാണിത്. ഇന്ത്യക്കൊപ്പം പാകിസ്താനും അഫ്ഗാനിസ്ഥാനും ഗൾഫ് രാജ്യങ്ങളും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയും തീവ്ര ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ്. ഈ സാഹചര്യം തുടരുന്നത് ആശാവഹമല്ല എന്നാണ് wmo നൽകുന്ന സൂചനകൾ. ധ്രുവത്തോട് ചേർന്നാണ് ഉഷ്ണ തരംഗം എന്നതിനാൽ തന്നെ മഞ്ഞുമലകൾ ഉരുകുന്നത് ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് കാരണമാകും.
ഉത്തരേന്ത്യയേക്കാൾ ചൂടിൽ പാകിസ്താൻ
ഉത്തരേന്ത്യയിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് മധ്യപ്രദേശിലെ ത്സാൻസിയിൽ ആണ്. 45 ഡിഗ്രി. 5 ലൊക്കേഷനുകളിൽ 45 ഡിഗ്രി കടന്നു. 15 ലേറെ സ്റ്റേഷനുകളിൽ 40 ന് മുകളിൽ ചൂട് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിൽ കേരളം ഒഴികെ പലയിടത്തും 40 ഡിഗ്രി റിപോർട്ട് ചെയ്തു. സാധാരണയേക്കാൾ 4-5 ഡിഗ്രിയുടെ വർധനവാണ് വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്യുന്നത് പാകിസ്താനിലാണ്. 5 – 7 ഡിഗ്രി സെൽഷ്യസ് ആണ് പാകിസ്താനിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ രേഖപ്പെടുത്തിയതെന്ന് പാകിസ്താൻ കാലാവസ്ഥ വകുപ്പും, ലോക കാലാവസ്ഥ സംഘടനയും അറിയിച്ചു. ഈ സ്ഥിതി തുടരുമെന്നാണ് പാക് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഈ കൊടും ചൂടിന്റെ സ്വാധീനം ഉണ്ടാകും.
ഗൾഫിലും ചൂട് കൂടുന്നു
ഗൾഫ് രാജ്യങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഒമാൻ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി മഴ ലഭിച്ചു. ഗൾഫിൽ താപ സംവഹന മഴ ഇനിയും പ്രതീക്ഷിക്കാം.
കേരളത്തിൽ
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ചൂട് കുറവാകും. പാലക്കാട് ജില്ല, എറണാകുളം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളിൽ ചൂട് ഇന്നലത്തെ അവസ്ഥയിൽ തുടരും. നാളെ (വെള്ളി) ഇന്നത്തേക്കാൾ ചൂട് കൂടും. പ്രത്യേകിച്ച് മധ്യ കേരളം മുതൽ തെക്കൻ ജില്ലകളുടെ കിഴക്ക് മേഖലകളിൽ.