ന്യൂഡല്‍ഹി
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഉഷ്ണ തരംഗം തുടരുന്നത് സംസ്ഥാനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് അയച്ചിരുന്നു. ഉഷ്ണ തരംഗം ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ദേശീയ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനും ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യാനുസരണം വിന്യസിക്കാനുമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഐ.വി ഫ്ളൂയിഡ്, ഐസ് പായ്ക്കുകള്‍, ഒ.ആര്‍.എസ് ലായിനി തുടങ്ങിയവയുടെ ലഭ്യതയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ചൂടു കൂടിയെങ്കിലും ഇടിയോടുകൂടെ മഴ ഉത്തരേന്ത്യയില്‍ ലഭിക്കുമെന്നും ചൂടിന് ചിലയിടങ്ങളില്‍ നേരിയ ശമനം ലഭിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
