Metbeat Weather Desk
കേരളത്തിൽ ശനിയാഴ്ച വരെ വേനൽ മഴയിൽ കുറവ് അനുഭവപ്പെടും. വ്യാപകമായി മഴ ലഭിക്കില്ലെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. അതിനാൽ ഏതെങ്കിലും ഒന്നോ രണ്ടോ പ്രദേശത്തെ മഴയുമായി സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ ഇതാണെന്ന് വിലയിരുത്തരുത്. ഏതാനും കിലോമീറ്ററുകൾ മാത്രം നീണ്ടു നിൽക്കുന്ന മഴയാണ് ഇനി പെയ്യുക. ഇതിൽ കൂടുതലും വടക്കൻ ജില്ലകളിലാകും. വടക്കൻ കേരളത്തിന്റെ കിഴക്കൻ മലയോരത്താണ് കൂടുതൽ മഴ സാധ്യത.
തെക്കൻ കേരളത്തിൽ ചൂട് കൂടും
തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ചൂട് കൂടും. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ പകൽ താപനിലയിൽ വർധനവുണ്ടാകാം. നാളെ മുതൽ വരണ്ട കാറ്റ് തെക്കൻ ജില്ലകളിലെത്താൻ സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ വരണ്ട കാറ്റ് ദക്ഷിണേന്ത്യയിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. ഇവിടെ 42 ഡിഗ്രിവരെ ചൂട് കൂടും. തമിഴ്‌നാടിന്റെ വടക്കൻ മേഖലകളിലും ചൂട് കൂടും. ചെന്നൈ ഉൾപ്പെടെയുള്ള മേഖലകളിലും ചൂട് കൂടും. ഈ ഉഷ്ണക്കാറ്റ് തെക്കൻ ജില്ലകളിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ വടക്കൻ കേരളത്തിൽ ചൂട് സാധാരണ നിലയിൽ തുടരും. കിഴക്കൻ കാറ്റ് ദുർബലമാകുന്നതാണ് മഴ കുറയാൻ കാരണം. അടുത്ത ശനിയാഴ്ചയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരാനും വീണ്ടും വേനൽ മഴ ലഭിക്കാനും സാഹചര്യം ഒരുങ്ങും.
NB: ഫേസ്ബുക്ക് ആപ്പ് വഴി ഈ പോസ്റ്റ് വായിക്കുന്നവർ താഴെ ലൈക്ക് ബട്ടൻ കാണുന്നുണ്ടെങ്കിൽ അത് അമർത്തുക. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ മിസാകാതെ ലഭിക്കാൻ വേണ്ടിയാണിത്.