ന്യുയോർക്ക്: ന്യൂയോർക്ക് മെട്രോ റീജിയൻ ആതിഥേയത്വം വഹിച്ച ഫോമാ 2026 ഫാമിലി കൺവൻഷൻ 'കിക്ക് ഓഫിൽ' സ്പോൺസർഷിപ്പും റഗുലർ രജിസ്ട്രേഷനുമായി രണ്ടര ലക്ഷം ഡോളർ സമാഹരിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചതാണിത്. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള ആഡംബര ഹോട്ടൽ സമുച്ചയമായ 'വിൻഡം ഹൂസ്റ്റൺ' ഹോട്ടലിൽ 2026 ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ സംഘടനയുടെ ജൻമനാട്ടിൽ അരങ്ങേറുന്ന കൺവൻഷൻ അവിസ്മരണീയമാക്കാനുള്ള പ്രവർത്തനങ്ങളുമായി എല്ലാവരും സജീവമായിരിക്കുന്നുവെന്നും വിപുലമായ കമ്മറ്റികൾ ഉടൻ തന്നെ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയിത്തിൽ നടന്ന കിക്ക് ഓഫ് കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് നിർവഹിച്ചു. രജിസ്ട്രേഷന്റെ വെബ്‌സൈറ്റും മോൻസ് ജോസഫ് സ്വിച്ച് ഓൺ ചെയ്തു. ''ഫോമായുടെ പരിപാടിയിൽ പങ്കെടുക്കുക എന്നത് എക്കാലവും സന്തോഷകരമായ അനുഭവമാണ്. ഫോമാ നേതാക്കളുമായെല്ലാം മികച്ച ബന്ധമാണ് താൻ തുടരുന്നത്. ഏറ്റവും ശ്രദ്ധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി ഫോമ വളർന്ന് മുന്നോട്ടു പോകുന്നു എന്നത് ആരും അംഗീകരിക്കുന്ന ഒരു സത്യമാണ്-മോൻസ് ജോസഫ് പറഞ്ഞു. പാലായുടെ എം.എൽ.എ മാണി സി കാപ്പൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്പോൺസർമാർ രജിസ്ട്രേഷൻ ഫോം പ്രസിഡന്റിനെ ഏൽപ്പിക്കുകയും ചെയ്തു. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.