ആ വാട്സ് ആപ്പ് പ്രചാരണത്തിന്റെ വസ്തുത എന്ത്? വിശദമായി വായിക്കാം

ഭൂമിയിൽ നിന്ന് സൂര്യൻ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ദിവസത്തെയാണ് അഫലിയോൺ ദിനം എന്ന് പറയുന്നത്. 2022ലെ അഫലിയോൺ ദിനം ഇന്നാണ് അഥവാ ജൂലൈ 4 ന്. ഇന്ന് സൂര്യൻ ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി 21 ലക്ഷം കിലോമീറ്റർ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഗ്രീനിച്ച് സമയം രാവിലെ 7 ന് അഥവാ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ന് ആയിരിക്കും സൂര്യൻ ഇത്രയും അകലത്തിൽ ഉണ്ടാകുക. കോഴിക്കോട്ട് നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് സൂര്യനിലേക്കുള്ള ദൂരം അളന്നാൽ 152,098,455 km (94,509,598 mi) ഉണ്ടാകും.

പതിവ് പ്രതിഭാസം, ആശങ്ക വേണ്ട

ജനുവരി 4 നാണ് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത്. ഇതിനെ പെരി ഹീലിയോൺ എന്ന് വിളിക്കും. എല്ലാ വർഷവും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ വരുന്ന പ്രതിഭാസമാണിത്. പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്. അഫ് – (അകലെ) പെരി – ( അടുത്ത് ) എന്നാണ് അർഥം. സൂര്യൻ അടുത്തും അകലെയും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അഫലിയോൺ ഉണ്ടാകുന്നത്. ഡിസംബറിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പെരി ഹീലിയോൻ ഉണ്ടാകുന്നു. 2023 ൽ അഫലിയോൺ ജൂലൈ 7 ന് ഉച്ചയ്ക്ക് 1.30 നാണ്. 2024 ൽ ഇത് ജൂലൈ 5 ന് രാവിലെ 10:36 നും ആണ് ഉണ്ടാകുക.

ഇത്തവണത്തെ പ്രത്യേകത

ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 14 കോടി 96 ലക്ഷം കിലോമീറ്റർ ആണ്. ഇതാണ് ഒരു ആസ്ട്രോണോമിക്കൽ യൂണിറ്റ് (AI). സാധാരണയായി സൗരയൂഥത്തിൽ ഗ്രഹങ്ങൾ തമ്മിൽ ഉള്ള അകലം കണക്കാക്കാൻ ആസ്ട്രോണോമിക്കൽ യൂണിറ്റ് ആണ് ഉപയോഗിക്കുന്നത്. 10 ആസ്ട്രോണോമിക്കൽ യൂണിറ്റ് അകലെ എന്നാൽ 150 കോടി കിലോമീറ്റർ അകലെ എന്ന് അർഥം.
ഇന്ന് 15 കോടി 21 ലക്ഷം കി.മീ അകലെയാണ് സൂര്യൻ എന്നതാണ് പ്രത്യേകത. അതായത് 500 പ്രകാശ സെക്കന്റ് അകലെ. അതായത് സൂര്യനിലെ പ്രകാശം ഇന്ന് ഭൂമിയിൽ എത്താൻ 8 മിനുട്ടും 20 സെക്കന്റും വേണ്ടി വരും. പ്രകാശം സെക്കന്റിൽ 3 ലക്ഷം കി.മീ ആണ് സഞ്ചരിക്കുക.

ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിൽ

പെരി ഹീലിയോൺ സമയത്ത് ഈ അകലം 14 കോടി 70 ലക്ഷം കി.മീ ആയി കുറയും. 1.67 % വ്യതിയാനം ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ദൂരത്തിൽ വരും. ഭൂമി സൂര്യന് ചുറ്റം വൃത്താകൃതിയിൽ കറങ്ങുന്നു എന്നായിരുന്നു പഴയ കാലത്ത് കരുതിയിരുന്നത്. 17 മത്തെ നൂറ്റാണ്ടിൽ ജൊഹന്നാസ് കെപ്ലർ എന്ന ജർമൻ അസ്ട്രോണമർ ആണ് ദീർഘവൃത്താകൃതിയിൽ ഉള്ള ഓർബിറ്റ് ഉണ്ടെന്ന് കണ്ടെത്തിയത്. ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിൽ ഉള്ള ഒരു ഓർബിറ്റിൽ കൂടി ആണ് ( Elliptical shape ) എന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇതിന്റെ eccentricity 0.0167 ആണ്..
ഒരു വൃത്തത്തിന്റെ eccentricity പൂജ്യവും ആണ്. eccentricity കൂടുന്തോറും അത് കൂടുതൽ, കൂടുതൽ ദീർഘ വൃത്തം ആകും. ഇവിടെ ഭൂമിയുടെ ഭ്രമണപഥത്തിന്റെ eccentricity 0. 0167 എന്നത് പൂജ്യത്തോട് അടുത്ത സംഖ്യ ആണ്.
അതിനാൽ ഭൂമിയുടെ ഭ്രമണപഥം അത്രയ്ക്ക് വലിയ ദീർഘവൃത്തം അല്ല എന്നർഥം. eccentricity 1 ആകുമ്പോൾ അതൊരു പരാബോളയും 1 ൽ കൂടുതൽ ആകുമ്പോൾ ഹൈപ്പർബോളയും ആകും.

വാട്സ് ആപ്പ് പ്രചാരണത്തിൽ കഴമ്പില്ല

വാട്സ് ആപ്പ് പോസ്റ്റിൽ പ്രചരിക്കുന്നതു പോലെ അസ്വഭാവികതയൊന്നും ഇതിലില്ല. ഭൂമിയിലെ ചൂട് പെരി ഹീലിയൻ സമയത്ത് കൂടുമെന്നോ അഫലിയോൺ സമയത്ത് കുറയുമെന്നോ ഉള്ള വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ആരുടെയോ മനസിൽ തെളിഞ്ഞ ഒരു സംശയം മാത്രമാകും അത്. ഭൂമി യിൽ നിന്ന് സൂര്യൻ അകലെ ആകുമ്പോൾ ചൂട് കുറഞ്ഞ് തണുപ്പ് വരുമല്ലോ എന്ന ചിന്തയാകും ഇത്തരം വാട്സ് ആപ്പ് പോസ്‌റ്റ്‌ന് പിന്നിൽ എന്നു വേണം കരുതാൻ. അയനങ്ങൾ ഋതു മാറ്റം ഭൂമിയിൽ വരുത്താറുണ്ട്. കഴിഞ്ഞ അയനത്തിന് ശേഷം നമുക്ക് മഴക്കാലം വന്നിരിക്കുന്നു. ചൂടും തണുപ്പും മഴയും എല്ലാം ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സോളാർ റേഡിയേഷൻ നമ്മുടെ മഴയെ ബാധിക്കാറുണ്ട്. പക്ഷേ അഫലിയോൺ 3 മാസം തണുപ്പ് കൂട്ടുമെന്ന പ്രചാരണം വ്യാജമാണ്. ഇപ്പോഴത്തെ കേരളത്തിലെ തണുപ്പ് കാല വർഷക്കാറ്റ് ലോവർ ലെവലിൽ ശക്തി കൂടിയത് മൂലമാണ്. സംശയമുള്ളവർക്ക് 2 ദിവസം മഴ നിൽക്കുമ്പോൾ ബോധ്യമാകും.
#MetbeatWeather #WeathermanKerala


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment