പുഷ്പങ്ങളുടെ അത്ഭുതലോകം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ദുബൈ മിറാക്കിൾ ഗാർഡൻ സീസൺ 14 സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ തുടങ്ങും. പുതിയ തീമുകളും പുതിയ ആകർഷണങ്ങളും നിറഞ്ഞ സീസണാണ് ആരംഭിക്കുന്നത്. “ദുബൈ മിറാക്കിൾ ഗാർഡൻ കുടുംബങ്ങൾക്കും സഞ്ചാരികൾക്കും ഒത്തുചേർന്ന് സൗന്ദര്യവും സന്തോഷവും പങ്കിടാനുള്ള ഇടമാണെന്ന് മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ മുഹമ്മദ് സഹെർ ഹമ്മദിഹ് ഖലീജ് ടൈംസിനോട് പറഞ്ഞു. എല്ലാവരുടെയും മനസ്സിനെ സ്പർശിക്കുന്ന പുതിയ അനുഭവങ്ങൾ ഞങ്ങൾ ഇത്തവണയും ഒരുക്കും,” ഹമ്മദിഹ് കൂട്ടിച്ചേർത്തു. അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന ദുബൈ മിറാക്കിൾ ഗാർഡൻ 150 ദശലക്ഷത്തിലധികം പൂക്കളുടയും കലാപരമായ പ്രകൃതിദൃശ്യങ്ങളുടെയും പേരിൽ ലോക പ്രശസ്തമായ ഇടമാണ്. “വർണാഭമായ പാതകളിലൂടെ നടക്കുമ്പോൾ, കല, പ്രകൃതി, സാങ്കേതിക വിദ്യ എന്നിവയുടെ സമന്വയമായ പുഷ്പ കലാസൃഷ്ടികൾ സന്ദർശകർക്ക് അവിസ്മരണീയ അനുഭവം നൽകും,” ഹമ്മദിഹ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനമായ ദുബൈ മിറാക്കിൾ ഗാർഡൻ, എല്ലാ വർഷവും പുതിയ തീമുകളും രൂപകല്പനകളും അവതരിപ്പിച്ച് സന്ദർശകരെ അത്ഭുതപ്പെടുത്തും. സീസൺ 14-ൽ, പുതിയ പുഷ്പ ശില്പങ്ങളും ആകർഷകമായ ഇൻസ്റ്റാളേഷനുകളും കാണാൻ സാധിക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രകൃതിയെ ആസ്വദിക്കാനുള്ള മികച്ച ഇടമായിരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും, വാരാന്ത്യങ്ങൾ രാവിലെ 9 മുതൽ രാത്രി 12 വരെയും ആണ്. ടിക്കറ്റുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവുകൾ ഉണ്ടാകും. Metbeat news