അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും ആകർഷണങ്ങളിലൊന്നായ ദുബൈ ഫൗണ്ടൻ (1/10/2025) വീണ്ടും ഓപൺ ചെയ്തു. യുഎഇയിൽ നിന്നും അല്ലാതെയുമായി വൻജനാവലിയാണ് ഫൗണ്ടനിന്റെ തിരിച്ചുവരവ് ആഘോഷിക്കാനായി എത്തിയിരുന്നത്. ബുർജ് തടാകത്തിൽ വെള്ളവും വെളിച്ചവും ഒരുമിച്ച് ഉയർന്നപ്പോൾ, ബുർജ് ഖലീഫയുടെ അതിമനോഹരമായ പശ്ചാത്തലത്തിൽ ദുബൈ ഫൗണ്ടന്റെ ജലധാരകൾ വെള്ളവും വെളിച്ചവും സംഗീതവും കലർന്ന ഒരു അത്ഭുതക്കാഴ്ചയാണ് ആസ്വാദകർക്ക് സമ്മാനിച്ചത്. ദുബൈ ഫൗണ്ടൻ എപ്പോൾ കാണാം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഓരോ 30 മിനിറ്റിലും ഫൗണ്ടൻ സജീവമാകുന്നു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് 1-നും 1.30-നും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2-നും 2.30-നുമാണ് ഉച്ചകഴിഞ്ഞുള്ള പ്രദർശനങ്ങൾ നടക്കുക. കാണാനുള്ള മികച്ച സ്ഥലങ്ങൾ മികച്ച കാഴ്ചകൾക്കായി, സന്ദർശകർക്ക് വിവിധ സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. അടുത്തുള്ള കഫേകളും റെസ്റ്റോറന്റുകളും മുതൽ, ബുർജ് പാർക്ക്, സൗക് അൽ ബഹർ, ദുബൈ മാൾ പ്രൊമനേഡ് എന്നിവയെല്ലാം ആസ്വദിക്കാൻ മികച്ച സ്ഥലങ്ങളാണ്. കാഴ്ചകൾ കൂടുതൽ അടുത്ത് അനുഭവിക്കാൻ, ജലധാരകളിൽ നിന്ന് വെറും ഒമ്പത് മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബുർജ് തടാകത്തിന് കുറുകെയുള്ള ദുബൈ ഫൗണ്ടൻ ബോർഡ്‌വാക്ക് ഉപയോഗിക്കാവുന്നതാണ്. സന്ദർശകർക്ക് അബ്രയിൽ ദുബൈ ഫൗണ്ടനിലേക്ക് റൈഡിൽ തടാകത്തിന് മുകളിലൂടെ യാത്ര ചെയ്ത് മികച്ച കാഴ്ചകൾ ആസ്വദിക്കാവുന്നതാണ്. ഒരാൾക്ക് 73.25 ദിർഹമാണ് ടിക്കറ്റ് വില. Metbeat news