Menu

Weathermans Note

ആ വാട്സ് ആപ്പ് പ്രചാരണത്തിന്റെ വസ്തുത എന്ത്? വിശദമായി വായിക്കാം

ഭൂമിയിൽ നിന്ന് സൂര്യൻ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ദിവസത്തെയാണ് അഫലിയോൺ ദിനം എന്ന് പറയുന്നത്. 2022ലെ അഫലിയോൺ ദിനം ഇന്നാണ് അഥവാ ജൂലൈ 4 ന്. ഇന്ന് സൂര്യൻ ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി 21 ലക്ഷം കിലോമീറ്റർ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഗ്രീനിച്ച് സമയം രാവിലെ 7 ന് അഥവാ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ന് ആയിരിക്കും സൂര്യൻ ഇത്രയും അകലത്തിൽ ഉണ്ടാകുക. കോഴിക്കോട്ട് നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് സൂര്യനിലേക്കുള്ള ദൂരം അളന്നാൽ 152,098,455 km (94,509,598 mi) ഉണ്ടാകും.

പതിവ് പ്രതിഭാസം, ആശങ്ക വേണ്ട

ജനുവരി 4 നാണ് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത്. ഇതിനെ പെരി ഹീലിയോൺ എന്ന് വിളിക്കും. എല്ലാ വർഷവും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ വരുന്ന പ്രതിഭാസമാണിത്. പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്. അഫ് – (അകലെ) പെരി – ( അടുത്ത് ) എന്നാണ് അർഥം. സൂര്യൻ അടുത്തും അകലെയും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അഫലിയോൺ ഉണ്ടാകുന്നത്. ഡിസംബറിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പെരി ഹീലിയോൻ ഉണ്ടാകുന്നു. 2023 ൽ അഫലിയോൺ ജൂലൈ 7 ന് ഉച്ചയ്ക്ക് 1.30 നാണ്. 2024 ൽ ഇത് ജൂലൈ 5 ന് രാവിലെ 10:36 നും ആണ് ഉണ്ടാകുക.

ഇത്തവണത്തെ പ്രത്യേകത

ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 14 കോടി 96 ലക്ഷം കിലോമീറ്റർ ആണ്. ഇതാണ് ഒരു ആസ്ട്രോണോമിക്കൽ യൂണിറ്റ് (AI). സാധാരണയായി സൗരയൂഥത്തിൽ ഗ്രഹങ്ങൾ തമ്മിൽ ഉള്ള അകലം കണക്കാക്കാൻ ആസ്ട്രോണോമിക്കൽ യൂണിറ്റ് ആണ് ഉപയോഗിക്കുന്നത്. 10 ആസ്ട്രോണോമിക്കൽ യൂണിറ്റ് അകലെ എന്നാൽ 150 കോടി കിലോമീറ്റർ അകലെ എന്ന് അർഥം.
ഇന്ന് 15 കോടി 21 ലക്ഷം കി.മീ അകലെയാണ് സൂര്യൻ എന്നതാണ് പ്രത്യേകത. അതായത് 500 പ്രകാശ സെക്കന്റ് അകലെ. അതായത് സൂര്യനിലെ പ്രകാശം ഇന്ന് ഭൂമിയിൽ എത്താൻ 8 മിനുട്ടും 20 സെക്കന്റും വേണ്ടി വരും. പ്രകാശം സെക്കന്റിൽ 3 ലക്ഷം കി.മീ ആണ് സഞ്ചരിക്കുക.

ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിൽ

പെരി ഹീലിയോൺ സമയത്ത് ഈ അകലം 14 കോടി 70 ലക്ഷം കി.മീ ആയി കുറയും. 1.67 % വ്യതിയാനം ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ദൂരത്തിൽ വരും. ഭൂമി സൂര്യന് ചുറ്റം വൃത്താകൃതിയിൽ കറങ്ങുന്നു എന്നായിരുന്നു പഴയ കാലത്ത് കരുതിയിരുന്നത്. 17 മത്തെ നൂറ്റാണ്ടിൽ ജൊഹന്നാസ് കെപ്ലർ എന്ന ജർമൻ അസ്ട്രോണമർ ആണ് ദീർഘവൃത്താകൃതിയിൽ ഉള്ള ഓർബിറ്റ് ഉണ്ടെന്ന് കണ്ടെത്തിയത്. ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിൽ ഉള്ള ഒരു ഓർബിറ്റിൽ കൂടി ആണ് ( Elliptical shape ) എന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇതിന്റെ eccentricity 0.0167 ആണ്..
ഒരു വൃത്തത്തിന്റെ eccentricity പൂജ്യവും ആണ്. eccentricity കൂടുന്തോറും അത് കൂടുതൽ, കൂടുതൽ ദീർഘ വൃത്തം ആകും. ഇവിടെ ഭൂമിയുടെ ഭ്രമണപഥത്തിന്റെ eccentricity 0. 0167 എന്നത് പൂജ്യത്തോട് അടുത്ത സംഖ്യ ആണ്.
അതിനാൽ ഭൂമിയുടെ ഭ്രമണപഥം അത്രയ്ക്ക് വലിയ ദീർഘവൃത്തം അല്ല എന്നർഥം. eccentricity 1 ആകുമ്പോൾ അതൊരു പരാബോളയും 1 ൽ കൂടുതൽ ആകുമ്പോൾ ഹൈപ്പർബോളയും ആകും.

വാട്സ് ആപ്പ് പ്രചാരണത്തിൽ കഴമ്പില്ല

വാട്സ് ആപ്പ് പോസ്റ്റിൽ പ്രചരിക്കുന്നതു പോലെ അസ്വഭാവികതയൊന്നും ഇതിലില്ല. ഭൂമിയിലെ ചൂട് പെരി ഹീലിയൻ സമയത്ത് കൂടുമെന്നോ അഫലിയോൺ സമയത്ത് കുറയുമെന്നോ ഉള്ള വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ആരുടെയോ മനസിൽ തെളിഞ്ഞ ഒരു സംശയം മാത്രമാകും അത്. ഭൂമി യിൽ നിന്ന് സൂര്യൻ അകലെ ആകുമ്പോൾ ചൂട് കുറഞ്ഞ് തണുപ്പ് വരുമല്ലോ എന്ന ചിന്തയാകും ഇത്തരം വാട്സ് ആപ്പ് പോസ്‌റ്റ്‌ന് പിന്നിൽ എന്നു വേണം കരുതാൻ. അയനങ്ങൾ ഋതു മാറ്റം ഭൂമിയിൽ വരുത്താറുണ്ട്. കഴിഞ്ഞ അയനത്തിന് ശേഷം നമുക്ക് മഴക്കാലം വന്നിരിക്കുന്നു. ചൂടും തണുപ്പും മഴയും എല്ലാം ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സോളാർ റേഡിയേഷൻ നമ്മുടെ മഴയെ ബാധിക്കാറുണ്ട്. പക്ഷേ അഫലിയോൺ 3 മാസം തണുപ്പ് കൂട്ടുമെന്ന പ്രചാരണം വ്യാജമാണ്. ഇപ്പോഴത്തെ കേരളത്തിലെ തണുപ്പ് കാല വർഷക്കാറ്റ് ലോവർ ലെവലിൽ ശക്തി കൂടിയത് മൂലമാണ്. സംശയമുള്ളവർക്ക് 2 ദിവസം മഴ നിൽക്കുമ്പോൾ ബോധ്യമാകും.
#MetbeatWeather #WeathermanKerala

കാലവർഷം സജീവമാകും , എങ്ങനെ എന്നറിയാം

ഒരിടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പതിയെ സജീവമാവുകയാണ്. ആഗോള മഴപ്പാത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജെ. ഒയുടെ സാന്നിധ്യം പടിഞ്ഞാറൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നതാണ് കേരളത്തിൽ വീണ്ടും കാലവർഷം സജീവമാവാകാൻ കാരണം. മെയ് അവസാന വാരത്തോടെ കേരളത്തിൽ കാലവർഷക്കാറ്റ് എത്തിയെങ്കിലും പിന്നീട് ദുർബലമാവുകയായിരുന്നു. സാധാരണ കാലവർഷത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നായ MJO യുടെ അഭാവമാണ് കാലവർഷ കാറ്റിനെ കേരളത്തിൽ ദുർബലമാക്കിയിരുന്നത്. MJO ഏഴിലും എട്ടിലും (മാരിടൈം, അറ്റ്ലാന്റിക് സമുദ്രത്തിൽ ) ഒരു മാസത്തോളമായി തുടരുകയായിരുന്നു. MJO വീണ്ടും രണ്ട് , മൂന്ന് ഫേസുകളിലേക്ക് മാറുകയാണ്. അതായത് ഇന്ത്യൻ മഹാസമുദ്രത്തിൽ എം.ജെ ഒയുടെ സാന്നിധ്യം അടുത്ത ആഴ്ചകളിലും ഉണ്ടാകുമെന്ന് അർത്ഥം. ഇതിനാൽ മൺസൂൺ കേരളത്തിൽ ശക്തിപ്പെടാനും കൂടുതൽ മഴ ലഭിക്കാനു കാരണമാകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. കൂടാതെ ജൂലൈ ആദ്യവാരത്തിന്റെ അവസാനത്തോടെ ന്യൂനമർദ്ദത്തിനും സാധ്യതയേറി. ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം ഉണ്ടാവുക. MJO ബംഗാൾ ഉൾക്കടലിൽ എത്തുമ്പോഴാണ് ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുള്ളത്. തുടർന്ന് തെക്കൻ ചൈന കടലിലേക്കും എം.ജെ. ഒ സഞ്ചരിക്കും. ആ സമയം പസഫിക് സമുദ്രത്തിൽ ശക്തിയേറിയ ചുഴലിക്കാറ്റുകൾ (ടൈഫൂണുകൾ) രൂപപ്പെടുകയും കേരളത്തിലും മഴ ശക്തിപ്പെടുകയും ചെയ്യും. ഇതിന്റെ സൂചനകൾ ഇപ്പോൾ പസഫിക് മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ ഓഷ്യാനോഗ്രാഫർ പറഞ്ഞു. പസഫിക് സമുദ്രത്തിലെ ടൈ പൂണുകളുടെ സ്വാധീനം കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമാകും എന്നാണ് നിരീക്ഷണം. ജൂലൈ മാസത്തിൽ സാധാരണയിൽ കുറവ് മഴയാണ് കഴിഞ്ഞ മാസങ്ങളിൽ പ്രവചിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂലൈയിൽ സാധാരണതോതിൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും ഞങ്ങളുടെ നിരീക്ഷകരുടെ പാനൽ വിലയിരുത്തുന്നു.

മഴ പതിയെ സജീവമാകും

ഗുജറാത്ത് തീരത്ത് ചക്രവാത ചുഴി ദുർബലമായതോടെ കഴിഞ്ഞ 48 മണിക്കൂർ ആയി കേരളത്തിൽ കാലവർഷക്കാറ്റ് അനുകൂലമായിട്ടുണ്ട്. മിക്ക ജില്ലകളിലും സാധാരണ തോതിലുള്ള മഴ ഈ സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ എല്ലാ ജില്ലകളിലും പരക്കെന്നോണം മഴ ലഭിക്കും. വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയിൽ നേരിയ കുറവ് അനുഭവപ്പെടുമെങ്കിലും ജൂലൈ ആദ്യവാരം തന്നെ വീണ്ടും മഴ ശക്തിയായി ലഭിക്കും. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാഹചര്യമൊരുങ്ങും എന്നാണ് ഇപ്പോഴത്തെ നിഗമനം. ജൂലൈ രണ്ടാം വാരത്തിലും കേരളത്തിൽ മികച്ച മഴ പ്രതീക്ഷിക്കാം.

ഉയർന്ന തിരമാലകൾക്ക് സാധ്യത

കാലവർഷക്കാറ്റ് സജീവമായതോടെ കടലിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾ പാലിച്ചു മാത്രമേ കടലിൽ പോകാവൂ. കേരളതീരത്ത് മൂന്നു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. കാറ്റിന്റെ വേഗത 45 – 50 കി.മി. വരെ ആയേക്കും. തീരദേശത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തൽസമയ കാലാവസ്ഥാ വിവരങ്ങൾക്കും മറ്റും Metbeat Weather, Weatherman Kerala ഫേസ് ബുക്ക് പേജുകളും വിശദമായ വായനക്ക് metbeatnews.com, metbeat.com വെബ് സൈറ്റുകളും യു ട്യൂബ് ചാനലുകളും പിന്തുടരുക. ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങൾക്ക് IMD, KSDMA വെബ് സൈറ്റുകളും പിന്തുടരുക.

കേരളത്തിൽ മഴ കുറയും; ഒറ്റപ്പെട്ട മഴ മാത്രം

കഴിഞ്ഞ ദിവസങ്ങളിലെ മെറ്റ്ബീറ്റ് അവലോകനങ്ങളിൽ വ്യക്തമാക്കിയിരുന്നത് പോലെ കേരളത്തിൽ ഈ ആഴ്ച മഴ കുറയും. ജൂൺ 1 മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. കേരളത്തിലേക്ക് എത്തുന്ന പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും മൺസൂൺ പാറ്റേണിൽ ആണെന്നും ഇപ്പോഴത്തെ മഴ കുറയുന്നത് ബ്രേക്ക് സീസണ് സമാനമായ സാഹചര്യം ആണെന്നും ഞങ്ങളുടെ വെതർ മാൻ പറയുന്നു. അതിനാൽ പകൽ എല്ലാ ജില്ലകളിലും ചൂടുള്ള വെയിൽ ലഭിക്കാൻ സാധ്യതയുണ്ട്. ഇടക്ക് വെയിൽ മാഞ്ഞ് മഴയും ലഭിക്കും. അറബിക്കടലിൽ മഴക്ക് അനുകൂലമായ മേഘ രൂപീകരണം ഉണ്ട്. അവ കൂടുതലും കടലിൽ മഴ പെയ്യിക്കും. ചില മേഘങ്ങൾ കാറ്റിന്റെ ദിശയും ശക്തിയും അനുസരിച്ച് മഴ പെയ്യിക്കും. ഏറെ നേരം അത്തരം മഴ തുടരില്ല. എല്ലാ പ്രദേശങ്ങളിലും മഴ ഉണ്ടാകണം എന്നുമില്ല. കേരളത്തിന്റെ കരയിൽ പ്രത്യേക കാലാവസ്ഥ മുൻ കരുതലുകൾ ആവശ്യമില്ലാത്ത ആഴ്ചയാണ് ഇത്. കടലും അടുത്ത ദിവസം മുതൽ ശാന്തമായി തുടങ്ങും. കൂടുതൽ തൽസമയ പോസ്റ്റുകൾ metbeat weather ഫേസ്ബുക് പേജിൽ .

കൂടുതൽ മഴയും കടലിൽ പതിച്ചേക്കും; ആശങ്ക വേണ്ട, ജാഗ്രത മതി

Metbeat Weather Desk

കേരളത്തിൽ ശക്തമായ മഴക്കുള്ള സാഹചര്യം തുടരുന്നു. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതും അറബിക്കടലിലെ മേഘരൂപീകരണം വർധിച്ച തോതിൽ നടക്കുന്നതുമാണ് മഴക്ക് കാരണം. എങ്കിലും മഴയുടെ ട്രെന്റിൽ ചില വ്യതിയാനം പ്രതീക്ഷിക്കുന്നുണ്ട്. രാത്രിയിൽ മഴ എല്ലാ ജില്ലകളിലും ലഭിക്കും. ഇടത്തരമോ ശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ മഴയും കടലിൽ വീഴും

അറബിക്കടലിൽ പെയ്യുന്ന മഴയുടെ ഏറിയ പങ്കും കടലിൽ വീഴുന്നതിനാണ് സാധ്യത. എങ്കിലും കേരളത്തിലും കുറേ മേഘങ്ങൾ കരകയറുകയും ശക്തമായ മഴ നൽകുകയും ചെയ്യും. ലോവർ ലെവൽ ഡൈനാമിക് പ്രകാരം മഴ ഇപ്പോഴത്തെ സാഹചര്യത്തിൽ തീവ്രമാകുമോ എന്ന് സംശയമാണ്. എന്നാൽ ചൊവാഴ്ചക്ക് ശേഷം മഴ വടക്കൻ കേരളത്തിൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഏതായാലും കനത്ത മഴക്കുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾ പാലിക്കണം.

Weatherman's Note: അസാനി; മഴ സാധ്യത, സ്വഭാവം, എപ്പോൾ വരെ ?

അസാനി ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശ് തീരത്തേക്ക് കൂടുതൽ അടുത്തതോടെ കേരളത്തിലും സ്വാധീനം തുടരുകയാണ്. ഇന്നത്തെ metbeat വെതറിലെ പോസ്റ്റുകൾ വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. ഇന്നലെ രാത്രിയും ഇന്ന് പകലും ലഭിച്ചതു പോലുള്ള മഴ ഇന്ന് രാത്രിയും എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. അസാനി തീവ്ര ചുഴലിയിൽ നിന്ന് ദുർബലമായാൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇപ്പോൾ ഇതോടൊപ്പമുള്ള ഉപഗ്രഹ ചിത്രത്തിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവ പുൾ എഫക്ട് വഴി എത്തിയ മേഘങ്ങളാണ്. പൊതുവെ സാന്ദ്രത കുറഞ്ഞ ലോ ക്ലൗസുകൾ. കേരളം ഉൾപ്പെടുന്ന പ്രദേശം ഇപ്പോൾ മർദ്ദം കുറഞ്ഞ നിലയിലാണ്. അതിനാൽ മേഘം എത്താം. മഴ പെയ്യാം. കാറ്റിന് അസ്ഥിരതയുണ്ട്. അതിനാൽ മഴ പൊടുന്നനെ പെയ്യുകയും ബ്രേക്കിട്ട പോലെ നിൽക്കുന്നതും ചിലയിടങ്ങളിൽ കാണാം. രാത്രി വൈകിയും പുലർച്ചെയും രാവിലെയും ആണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നൽ പ്രതീക്ഷിക്കാം. നാളെത്തോടെ അസാനി സാന്നിധ്യം കേരളത്തിൽ കുറഞ്ഞു തുടങ്ങുമെങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ വരെ എന്തായാലും കേരള, ലക്ഷദ്വീപ് തീരത്ത് കടലിൽ പോകരുത്. തുടർന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പാലിക്കണം. കടൽ പ്രക്ഷുബ്ധമാകുകയും കാറ്റ് പെട്ടെന്ന് 50 കി.മീ എത്തുകയും ചെയ്യും.

ചുഴലിക്കാറ്റുകളുടെ പേരിടുന്നത് ആര്, എങ്ങനെ?

ചുഴലിക്കാറ്റുകള്‍ക്ക് എപ്പോഴും ഒരു പേര് നാം കേള്‍ക്കാറുണ്ട്. വെളുത്തതെല്ലാം പാലല്ല എന്നു പറയും പോലെ ചുഴറ്റിയടിക്കുന്ന കാറ്റെല്ലാം ചുഴലിക്കാറ്റല്ല. വേനല്‍ മഴക്കൊപ്പം ഉണ്ടാകുന്ന കാറ്റിനെ പലരും ചുഴലിക്കാറ്റ് എന്ന് തെറ്റായി പറയാറുണ്ടെങ്കിലും ന്യൂനമര്‍ദം ശക്തിപ്പെട്ടുണ്ടാകുന്നതാണ് യഥാര്‍ഥ ചുഴലിക്കാറ്റ്. കടലിലാണ് ചുഴലിക്കാറ്റുകള്‍ സാധാരണ രൂപം കൊള്ളുന്നത്. ഇതേ കുറിച്ച് വിഡിയോ, ടെക്‌സ്റ്റ് റിപ്പോര്‍ട്ടും മറ്റും നേരത്തെ നല്‍കിയതിനാല്‍ വിശദമാക്കുന്നില്ല.
പേരിടുന്നതിലെ ചരിത്രം, ആര് എങ്ങനെ?
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകളാണ് സാധാരണ ചുഴലിക്കാറ്റുകള്‍ (Cyclone) എന്ന് അറിയപ്പെടുന്നത്. മറ്റു സമുദ്രങ്ങളിലെ ചുഴലിക്കാറ്റുകള്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. ഉദാ- ടൈഫൂണ്‍ (പസഫിക്), ഹൊറികെയ്ന്‍ (അറ്റ്‌ലാന്റിക്) തുടങ്ങിയവ. യു.എന്നിന്റെ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) ആണ് ചുഴലിക്കാറ്റുകളുടെ പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 1953 യു.എസിലെ നാഷനല്‍ ഹൊറിക്കെയ്ന്‍ സെന്റര്‍ ആണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഹൊറിക്കെയ്‌ന് (ചുഴലിക്കാറ്റ്) പേര് ആദ്യമായി നിര്‍ദേശിച്ചത്. 1900 കളില്‍ സ്ത്രീ നാമമായിരുന്നു ചുഴലിക്കാറ്റിന് പ്രധാനമായും നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഡബ്ല്യു.എം.ഒയുടെ നേതൃത്വത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ലോകത്ത് ആകമാനം ആറ് റീജ്യനല്‍ സ്‌പെഷലൈസ്ഡ് മീറ്റിയോറളജിക്കല്‍ സെന്റര്‍ (ആര്‍.എസ്.എം.സി) കളാണുള്ളത്. ഇവരാണ് അഞ്ച് ട്രോപിക്കല്‍ മേഖലയിലെ സൈക്ലോണ്‍ വാണിങ് സെന്ററുകളെ നിയന്ത്രിക്കുന്നത്. ഇതിലൊരു ആര്‍.എസ്.എം.സിയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). ന്യൂനമര്‍ദ സിസ്റ്റത്തിലെ ഭൂതല കാറ്റ് 62 കി.മി വേഗത്തിലെത്തിയാല്‍ ഐ.എം.ഡി ചുഴലിക്കാറ്റ് സ്ഥിരീകരിക്കും. യു.എസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മാനദണ്ഡം വ്യത്യ്‌സ്തമായതിനാല്‍ പലപ്പോഴും അവര്‍ പറയുന്ന ചുഴലിക്കാറ്റ് ഐ.എം.ഡി സ്ഥിരീകരിക്കാറില്ല. ചുഴലിക്കാറ്റിന്റെ പേരിടലിലും ഇന്ത്യന്‍ മഹാസമുദ്രത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍ക്കൊള്ളുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് ഒരു പട്ടികയും ഭൂമധ്യരേഖക്ക് സമീപത്തെ തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മറ്റൊരു പട്ടികയുമാണ് നിലവിലുള്ളത്.

പേരിടല്‍ എങ്ങനെ, മാനദണ്ഡം എന്തെല്ലാം
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റുകള്‍ക്ക് പേരിട്ട് തുടങ്ങിയത് 2004 ലാണ്. വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപത്തെ 13 രാജ്യങ്ങളാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. മതം, രാഷ്ട്രീയം, വിശ്വാസം, ലിംഗം, സംസ്‌കാരം തുടങ്ങിയ വിവിധ രംഗങ്ങളിലെ പേരാണ് അതതു രാജ്യങ്ങള്‍ നിര്‍ദേശിക്കുക. ഒരിക്കല്‍ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കാനാകില്ല. എട്ടു അക്ഷരങ്ങളേ പരമാവധി പാടുള്ളൂ. ഏതെങ്കിലും രാജ്യത്തെയോ അവരുടെ വികാരത്തെയോ സമൂഹത്തെയോ സമുദായത്തെയോ ഹനിക്കുന്ന പേര് അനുവദിക്കില്ല എന്നിങ്ങനെയാണ് പേരിടലിലെ നിബന്ധനകള്‍. 2020 ലാണ് ഏറ്റവും പുതിയ പട്ടിക പുറത്തുവന്നത്. അതില്‍ 169 പേരുകളുണ്ട്. 13 രാജ്യങ്ങളാണ് ടേമുകളായി ഈ പേരുകള്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ പേരുകള്‍ ഗതി (വേഗം), മേഘ (മേഘം), ആകാശ് (ആകാശം) എന്നിവയാണ്. ബംഗ്ലാദേശ്, ഒഗ്നി, ഹാലേന്‍, ഫാനി എന്നിവയും പാകിസ്താന്‍ ലൈല, നര്‍ഗീസ്, ബുള്‍ബുള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തി.

അസാനിയും കരീമും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പേരാണ് ഉപയോഗിക്കുക. ഈ പട്ടികയിലെ ശ്രീലങ്ക നിര്‍ദേശിച്ച അസാനി ആണ് ഇപ്പോഴത്തെ ചുഴലിക്കാറ്റിന്റെ പേര്. ഈ മേഖലയിലെ റീജ്യനല്‍ കാലാവസ്ഥാ ഏജന്‍സി ഇന്ത്യയുടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ആയതിനാല്‍ ഐ.എം.ഡി സ്ഥിരീകരിച്ചാലേ പേര് നിലവില്‍ വരൂ. ഉദാഹരണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായതായി അമേരിക്കയുടെ ഏജന്‍സി സ്ഥിരീകരിച്ചെങ്കിലും ഐ.എം.ഡി സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ അസാനി എന്ന പേരില്‍ അത് അറിയപ്പെട്ടിരുന്നില്ല. കഴിഞ്ഞ ചുഴലിക്കാറ്റ് സൗദി അറേബ്യ നിര്‍ദേശിച്ച ജവാദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശ്രീലങ്കയുടെ അസാനിയുടെ പേര് സിംഹള ഭാഷയിലുള്ളതാണ്. ഉഗ്ര കോപം എന്നാണ് ഇതിന്റെ അര്‍ഥം. അടുത്ത ചുഴലിക്കാറ്റിന് തായ്‌ലന്റാണ് പേരിടുക. സിത്രാങ് ആണ് അവര്‍ നിര്‍ദേശിച്ച പേര്. തുടര്‍ന്ന് യു.എ.ഇ നിര്‍ദേശിച്ച മണ്ടൂസ് ആണ് പേര്. തുടര്‍ന്ന് യെമന്‍ നിര്‍ദേശിച്ച മോക്കയും. തുടര്‍ന്ന് ബംഗ്ലാദേശിന്റെ ബിപര്‍ ജോയിയും ഇന്ത്യയുടെ തേജും വരും.
തെക്ക്പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇപ്പോള്‍ മറ്റൊരു ചുഴലിക്കാറ്റുണ്ട്. ഭൂമധ്യരേഖക്ക് സമീപം കരീം എന്ന പേരിലാണ് ഇപ്പോള്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറിയപ്പെടുക. ഈ മേഖലയിലെ രാജ്യങ്ങള്‍ (പ്രധാനമായും ആഫ്രിക്കന്‍, യൂറോപ്യന്‍) ആണ് തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുക. കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സെയ്‌ഷെല്‍സ് ആണ് ഈ പേര് നിര്‍ദേശിച്ചത്. ഇനി ഈ മേഖലയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് ലെസോതോ നല്‍കിയ ലെത്‌ലാമ എന്ന പേരിലാണ് അറിയപ്പെടുക. തുടര്‍ന്ന് മയ്‌പെലോ ആണ് പേരു വരിക. ബോത്സാനയാണ് ഈ പേര് നിര്‍ദേശിച്ചത്. മലാവി നിര്‍ദേശിച്ച നജാസിയാകും തുടര്‍ന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ പേര്.

QBO,തക്കാളി വിലയെ സ്വാധീനിക്കും വിധം

വിമാനമൊക്കെ പറക്കുന്ന അന്തരീക്ഷത്തിലെ ഭൗമോപരിതലത്തിൽ നിന്ന് രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ കാറ്റിനെ തിരശ്ചീനമായി ആന്ദോലനം (ഓസിലേഷൻ ) ചെയ്യിക്കുന്ന ഒരു തരംഗമാണ് ഖാസി – ബൈനിയൽ ഓസിലേഷൻ (QBO). ഇതിനെ ഗ്രാവിറ്റി വേവ് എന്നും വിളിക്കാറുണ്ട്. ഈ ആഴ്ച അവസാനം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് ഇന്ത്യൻ കരയിലേക്ക് ട്രാക്ക് പിടിക്കാൻ ഈ ഓസിലേഷൻ അനുകൂലമായേക്കും. നിലവിൽ ന്യൂനമർദം രൂപപ്പെട്ട് മ്യാൻമറിലേക്ക് പോകാനാണ് സാധ്യതയെങ്കിലും ഒരു ഗതിമാറ്റം യാത്രാമധ്യേ ഉണ്ടായേക്കും. സിസ്റ്റം ചുഴലിക്കാറ്റ് വരെ ആയേക്കാം. എങ്കിൽ ആന്ധ്രയെ ബാധിക്കും.
തക്കാളി വില 60 കടന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴ തക്കാളി വിലയും പെട്രോൾ വിലയും തമ്മിൽ ഓട്ടമത്സരം നടത്താനുള്ള എല്ലാ സാധ്യതയും QBO ഉണ്ടാക്കും. ഇന്ന് ബിരിയാണി ഉണ്ടാക്കാൻ 60 രൂപക്ക് തക്കാളി വാങ്ങിയവരുടെ ആത്മഗതം കൊണ്ട് പറഞ്ഞു പോയതാണ് എന്നു കരുതേണ്ട. നമ്മുടെ ജീവിത നിലവാരം മോശമാക്കാനും ഇടത്തരക്കാരെ ദരിദ്രരരാക്കാനും കാലാവസ്ഥ കൂടി കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് മനസിലാക്കാൻ പറഞ്ഞതാണ്. ഗ്രഹണകാലത്ത് നീർക്കോലിക്കും വിഷമുണ്ടാകും എന്ന് പറയുന്നത് പോലെ . നേരത്തെ പറഞ്ഞ പോസ്റ്റിൽ മഴ പറഞ്ഞിടത്തുള്ളവർ മഴ കിട്ടിയാൽ സന്തോഷിക്കുക.
#ശുഭരാത്രി
#weathermankerala

ആകാശം നോക്കിയിരിക്കേണ്ട, പോസ്റ്റ് വായിച്ചോളൂ

കൊപ്ര, കൊട്ടത്തേങ്ങ, അണ്ടി (കശുവണ്ടി ), റബർ, കുരുമുളക്, മഞ്ഞൾ തുടങ്ങിയവ ഉണക്കാനുള്ളവർക്ക് ഇന്ന് നല്ല കാലാവസ്ഥ ആയിരുന്നിരിക്കണം. അടുത്ത ദിവസങ്ങളിലും ഇവർക്ക് നല്ല കാലാവസ്ഥയായിരിക്കും. അല്ലാത്തവർക്ക് ഫാൻ ഫുൾ സ്പീഡിൽ ഇട്ടാലും ഫാൻ ഇട്ടോ എന്ന് സംശയിക്കും. എത്ര തവണ കുളിച്ചാലും വെള്ളം തീരുമെന്നല്ലാതെ പ്രത്യേകിച്ച് തണുപ്പ് കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അകത്തും പുറത്തും ഏതാണ്ട് ഒരേ ചൂട്. ഹ്യുമിഡിറ്റി കൂടുതൽ. വിയർത്തൊഴുകാൻ പ്രത്യേകിച്ച് അധ്വാനമുള്ള ജോലികൾ ഒന്നും ചെയ്യേണ്ട. നേരത്തെ പറഞ്ഞിരുന്നു ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റ് കേരളത്തിലെത്തുമെന്ന്. അവിടെയും ചൂട്, ഇവിടെയും ചൂട്. ഇനി എല്ലാവർക്കും അറിയേണ്ടത് ഒരു തുള്ളി മഴയെങ്കിലും കിട്ടുമോ എന്നാണ്. കുറച്ച് മുൻപ് എറണാകുളം, കോട്ടയം ജില്ലയിലായി ഒരു മേഘക്കൂട്ടം ഉണ്ടായിരുന്നു. കാറ്റ് വിചാരിച്ചിരുന്നേൽ തകർത്തു പെയ്യുമായിരുന്നു. കോട്ടയത്തോ, പത്തനംതിട്ടയിലോ ഒന്നോ രണ്ടോ മഴ വൈകിട്ട് ലഭിച്ചിരിക്കണം. അതും ഏതാനും കിലോമീറ്റർ ചുറ്റളവിൽ മാത്രം. കേരളത്തിന് മുകളിൽ മഴ പ്രതീക്ഷ നിലവിൽ കുറവാണ്. എങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പടിഞ്ഞാറും കിഴക്കുമായി പുലർച്ചെ , രാവിലെ നേരിയ മഴ സാധ്യത. നാളെ (വ്യാഴം) ഇന്നത്തെക്കാൾ അൽപം ചൂടിന് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ കാലാവസ്ഥ നമ്മൾ പ്രതീക്ഷിച്ചത് തന്നെയാണ്. അടുത്ത മാസത്തെ സൂചനകൾ ഇപ്പോഴത്തെ ചൂട് നൽകുന്നുണ്ട്. കാലവർഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നു എന്ന് വേണമെങ്കിൽ പറയാം. കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ പദ്ധതി ചെലവ് വെള്ളത്തിലാകില്ല. പ്രീ മൺസൂൺ ടെസ്റ്റ് ഡോസുകൾ അടുത്ത മാസം നാം കരുതിയിരിക്കണം. പോസ്റ്റുകൾ എടുത്തു വച്ചാൽ അപ്പോൾ വീണ്ടും വായിക്കാം വലയിരുത്താം. ഇന്ന് ഇനി മഴ കിട്ടുന്നവർക്ക് ലോട്ടറി പരീക്ഷിക്കാം.
#weathermankerala