Menu

Weather News

ഉത്തരേന്ത്യയിൽ മഴക്കെടുതി, മിന്നൽ : 36 മരണം

കാലവർഷം വിടവാങ്ങാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ ഉത്തരേന്ത്യയിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കഴിഞ്ഞ 48 മണിക്കൂറിൽ 36 പേർ മരിച്ചു. ഉത്തർപ്രദേശിലും ഡൽഹിയിലുമാണ് ഇടിമിന്നൽ ഉണ്ടായത്. ഉത്തർപ്രദേശിൽ മാത്രം 26 പേർ മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും കെട്ടിടം തകർന്നുമാണ് മിക്കവരും മരിച്ചത്. 12 പേരുടെ മരണം ഇടിമിന്നലേറ്റാണ്.
അടുത്ത 2 ദിവസം കൂടി മേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ മീറ്റിയറോളജിസ്റ്റ് പറഞ്ഞു. യു.പിയിൽ മഴയിൽ വീട് തകർന്നും മരണം റിപ്പോർട്ട് ചെയ്തു. 24 പേരുടെ മരണം ഇത്തരത്തിലുള്ളതാണെന്ന് റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. പ്രയാഗ് രാജിൽ സുഹൃത്തിന്റെ വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഉസ്മാൻ (15) മിന്നലേറ്റ് മരിച്ചു. സുഹൃത്ത് അസ്നാന് ഗുരുതരമായി പരുക്കേറ്റു. വന നശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവയാണ് ഇടിമിന്നൽ കൂടാൻ കാരണമെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് ഡയരക്ടർ ജനറൽ സുനിത നരെയൻ, ലൈറ്റ്നിംഗ് റെസിലിയന്റ് ഇന്ത്യ കാംപയിൻ ഓർഗനൈസർ കേണൽ സഞ് ജയ് ശ്രീവാസ്തവ പറഞ്ഞു.

കാനഡയിൽ ഹുറികേയ്ൻ : പതിനായിരങ്ങൾ ഇരുട്ടിൽ

കാനഡയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഹുറികേയ്ൻ ഫിയോനയെ തുടർന്ന് പതിനായിരങ്ങൾ ഇരുട്ടിലായി. ഇതുവരെ എട്ടു മരണം റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 140 കി.മി വേഗതയിലുള്ള ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്നാണിത്. സെന്റ് ലോറൻസ് കടലിലാണ് ഹുറികേയ്ൻ ഉള്ളതെന്ന് യു.എസ് നാഷനൽ ഹുറികേയ്ൻ സെന്റർ അറിയിച്ചു.
നൊവാ സ്‌കോടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റും മഴയുമുണ്ടായത്. നൊവാസ്‌കോടിയയിലെ 79 ശതമാനവും പ്രിൻസ് എഡ്വേർഡ് ദ്വീപിലെ 95 ശതമാനം ഉപയോക്താക്കൾക്കും വൈദ്യുതി വിതരണം മുടങ്ങിയെന്നാണ് കമ്പനികൾ പറയുന്നത്. മൊബൈൽ ഫോൺ സർവിസിനെയും ഇതു ബാധിച്ചു. പലയിടത്തും റോഡുകൾ അടച്ചതായി പൊലിസ് പറഞ്ഞു.
ഹുറികേയ്‌നിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിദേശയാത്ര മാറ്റിവച്ചു. ജപ്പാനിലേക്കാണ് അദ്ദേഹം പോകേണ്ടിയിരുന്നത്.

യു.എ.ഇയിലെ വേനൽ അവസാനിക്കുന്നു; വസന്തം വരവായി

ദിവസങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ വേനല്‍ക്കാലം അവസാനിക്കും. രാജ്യം ഉടന്‍ ശരത്കാല സീസണിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ശരത്കാലം ആരംഭിക്കുന്നത്. അതേ ദിവസം പുലര്‍ച്ചെ 5.04 ന് ശരത്കാലദിനം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.
ഇത് ശരത്കാല സീസണിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. പകലുകളും രാത്രികളും തുല്യ ദൈര്‍ഘ്യമുള്ളതായിരിക്കും, അതായത് സൂര്യോദയവും സൂര്യാസ്തമയവും യഥാക്രമം രാവിലെയും വൈകുന്നേരവും ഏതാണ്ട് ഒരേ സമയത്തായിരിക്കും. സീസണ്‍ പുരോഗമിക്കുകയും രാജ്യം പൂര്‍ണമായി ശീതകാലത്തിലേക്ക് മാറുകയും ചെയ്യുമ്പോള്‍, രാത്രികള്‍ നീണ്ടുനില്‍ക്കുകയും പകലുകള്‍ കുറയുകയും ചെയ്യും.ശരത്കാല സീസണില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും മരുഭൂമിയില്‍ മെര്‍ക്കുറി 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.
വേനല്‍ച്ചൂടിന് വിരാമമിട്ട് ഓഗസ്റ്റ് 24-ന് സുഹൈല്‍ നക്ഷത്രം ഉദിച്ചിരുന്നു. യു.എ.ഇ.യുടെ ശരത്കാലത്തിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ക്രമേണ താപനില കുറയുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പറമ്പിക്കുളം : ചാലക്കുടി പുഴയിൽ 4 മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് (video)

തൃശൂർ• പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, ഇന്നു രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി.കുമാർ അറിയിച്ചു.

ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. സെക്കന്‍ഡില്‍ 600 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് എത്തുന്നത്. പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും കലക്ടർ അറിയിച്ചു. പറമ്പിക്കുളത്ത് ഷട്ടര്‍ തകര്‍ന്നതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നു ; പുഴകളിൽ ജലനിരപ്പ് ഉയർന്നു , ജാഗ്രതാ നിർദേശം

പാലക്കാട് • പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിനു തകരാർ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ ഒഴുക്ക്. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറിൽനിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയിൽപെട്ടു.
ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്നു തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.
തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റർ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

ചൂടിന് കുളിരായി യു.എ.ഇ യിൽ മഴയും ആലിപ്പഴ വർഷവും (video)

ചൂടിനു കുളിരായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലുമാണു കനത്ത മഴ പെയ്തത്. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങൾ (വാദികൾ) നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലായി നിർത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞു. വാരാന്ത്യത്തിൽ ഇവിടെ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് റിപ്പോർട്ട്.
ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞും വൈകുന്നേരങ്ങളിൽ നേരിയ കാറ്റുമുണ്ടാകും. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം. ഇതേസമയം ദുബായ്, അബുദാബി എമിറേറ്റുകളിലെ കാലാവസ്ഥയിൽ ഈ ആഴ്ച കാര്യമായ മാറ്റമുണ്ടാകില്ല.

മെക്സികോയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: തിങ്കളാഴ്ച മെക്‌സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻഭൂചലനം. ഭൂചലനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 7.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
പ്രാദേശിക സമയം ഉച്ചക്ക് 1.5ഓടെയായിരുന്നു ഭൂചലനം. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതടക്കം വ്യാപക നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഭൂചലനത്തെ തുടർന്ന് മെക്സിക്കൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 600ലേറെ കിലോമീറ്റർ അകലെയാണ് രാജ്യതലസ്ഥാനമായ മെക്സിക്കോ സിറ്റി. മുൻകരുതലായി മെക്സിക്കോ സിറ്റിയിൽ ആളുകളെ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിച്ചു.

തായ് വാനിൽ ഭൂചലനം : ട്രെയിൻ ആടിയുലഞ്ഞു, സുനാമി മുന്നറിയിപ്പ് (വിഡിയോ)

തെക്കു കിഴക്കൻ തായ്‌വാനിൽ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ തായ്പേയ്, തെക്കുപടിഞ്ഞാറൻ നഗരമായ കൗഷിയുങ്ങ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.

ചൈന സെൻട്രൽ വെതർ ബ്യൂറോയുടെ റിക്ട്ര്‍ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി (JMA), പസഫിക് സുനാമി വാണിംഗ് സെൻറർ എന്നിവ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ ഇപ്പോൾ സുനാമി മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
ശക്തമായ ഭൂചലനത്തെ തുടർന്ന് മൂന്ന് കെട്ടിടങ്ങൾ നിലം പൊത്തുകയും റോഡുകൾ തകരുകയും ചെയ്തു. പാലങ്ങളും റെയിൽവേ ട്രാക്കുകളും തകർന്നു. 6.4 രേഖപ്പെടുത്തിയ തുടർച്ചലനങ്ങളും മേഖലയിലുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജല,വൈദ്യുത വിതരണത്തെ ഭൂചലനം ബാധിച്ചതായി തായ്‌വാൻ പ്രസിഡന്റ് പറഞ്ഞു.

മുംബൈയ്ക്ക് സമീപം കടലെടുത്തത് 55 ഹെക്ടർ

പ്രവചനങ്ങൾ പോലെ മുംബൈ നഗരത്തെ ഭാവിയിൽ കടലെടുക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ് സമീപത്തെ തീരദേശ ജില്ലയായ റായ്ഗഡിലെ സ്ഥിതി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്ടർ തീരം 30 വർഷത്തിനിടെ കടലെടുത്തെന്ന് പുണെ സൃഷ്ടി കൺസർവേഷൻ ഫൗണ്ടേഷൻ (എസ്‌സിഎഫ്) പഠനത്തിൽ കണ്ടെത്തി. മണൽത്തിട്ടകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശം 1990 നും 2022 നും ഇടയിലാണ് കടൽ വിഴുങ്ങിയത്.
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തീരപ്രദേശങ്ങൾക്കു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രനിരപ്പ് ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പല തീരപ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നതു കാരണം കൃഷിഭൂമിയിലും കണ്ടൽക്കാടുകൾ വളരുന്നു. ചിലയിടങ്ങളിൽ വലിയ മണ്ണിടിച്ചിലിനു കാരണമാകുന്നു.
തീരപരിപാലന നയം കാര്യക്ഷമമാക്കുക, കടൽഭിത്തികളുടെ ഫലശേഷി അവലോകനം ചെയ്യുക, കടലിടുക്കുകളിൽ ആഴം നിലനിർത്തുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ പഠനം നിർദേശിക്കുന്നു.

2050 ന് അകം ദക്ഷിണ മുംബൈയുടെ വലിയൊരു ഭാഗം കടലെടുത്തേക്കാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നഗരസഭാ കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റും നരിമാൻ പോയിന്റും കഫെ പരേഡുമൊക്കെ കടൽ വിഴുങ്ങാമെന്നും 25-30 വർഷം എന്നത് ഏറെ അകലെയല്ലെന്നും ആയിരുന്നു ഓർമപ്പെടുത്തൽ. അടിക്കടി വരുന്ന ചുഴലിക്കാറ്റുകൾ, അമിത മഴ എന്നിവയൊക്കെ ജാഗ്രതയോടെ കാണണമെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേക കർമപദ്ധതി ഇല്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നാണ് ഓരോ പഠനവും ഓർമിപ്പിക്കുന്നത്.

ന്യൂനമർദം: യുപിയിൽ കനത്ത മഴ; മതിലിടിഞ്ഞ് 12 മരണം

ഉത്തർപ്രദേശിൽ മതിലിടിഞ്ഞ് രണ്ടിടങ്ങളിലായി 12 മരണം. ലഖ്‌നൗവിൽ ഒമ്പതു പേരും ഉന്നാവോയിൽ മൂന്നു പേരുമാണ് മരിച്ചത്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം വെൽ മാർക്ഡ് ലോ പ്രഷറായി (WML) ഉത്തർപ്രദേശിനു മുകളിൽ തുടരുകയാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദ പാത്തി (Trough) ന്യൂനമർദ്ദത്തിലേക്ക് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മേഖലയിൽ മഴ ശക്തമായി പെയ്യുകയാണ്. ഉത്തർപ്രദേശിലെ ഖോര്പൂർ വഴി കാലവർഷ പാത്തി (Monsoon Trough) സഞ്ചരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ കൂടുതൽ മഴ ഉത്തർപ്രദേശിൽ ഡൽഹിയിലും ലഭിക്കുമെന്നാണ് നിരീക്ഷണം.
ലഖ്‌നൗവിലെ ദിൽകുഷയിലാണ് മതിലിടിഞ്ഞത്. ഇവിടെ ഒമ്പതുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും സത്രീകളും ഉൾപെടുന്നു.
ഉന്നാവോയിൽ വീടിന്റെ മേൽക്കൂര തകർന്നു ചുമരും ഇടിഞ്ഞു വീണു. ഇവിടെ രണ്ടു കുട്ടികൾ ഉൾപെടെ മൂന്നു പേരാണ് മരിച്ചത്. ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.