Menu

Environment

ഉത്തരേന്ത്യയിൽ മഴക്കെടുതി, മിന്നൽ : 36 മരണം

കാലവർഷം വിടവാങ്ങാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ ഉത്തരേന്ത്യയിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കഴിഞ്ഞ 48 മണിക്കൂറിൽ 36 പേർ മരിച്ചു. ഉത്തർപ്രദേശിലും ഡൽഹിയിലുമാണ് ഇടിമിന്നൽ ഉണ്ടായത്. ഉത്തർപ്രദേശിൽ മാത്രം 26 പേർ മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും കെട്ടിടം തകർന്നുമാണ് മിക്കവരും മരിച്ചത്. 12 പേരുടെ മരണം ഇടിമിന്നലേറ്റാണ്.
അടുത്ത 2 ദിവസം കൂടി മേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ മീറ്റിയറോളജിസ്റ്റ് പറഞ്ഞു. യു.പിയിൽ മഴയിൽ വീട് തകർന്നും മരണം റിപ്പോർട്ട് ചെയ്തു. 24 പേരുടെ മരണം ഇത്തരത്തിലുള്ളതാണെന്ന് റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. പ്രയാഗ് രാജിൽ സുഹൃത്തിന്റെ വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഉസ്മാൻ (15) മിന്നലേറ്റ് മരിച്ചു. സുഹൃത്ത് അസ്നാന് ഗുരുതരമായി പരുക്കേറ്റു. വന നശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവയാണ് ഇടിമിന്നൽ കൂടാൻ കാരണമെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് ഡയരക്ടർ ജനറൽ സുനിത നരെയൻ, ലൈറ്റ്നിംഗ് റെസിലിയന്റ് ഇന്ത്യ കാംപയിൻ ഓർഗനൈസർ കേണൽ സഞ് ജയ് ശ്രീവാസ്തവ പറഞ്ഞു.

പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നു ; പുഴകളിൽ ജലനിരപ്പ് ഉയർന്നു , ജാഗ്രതാ നിർദേശം

പാലക്കാട് • പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളിൽ ഒന്നിനു തകരാർ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയിൽ ശക്തമായ ഒഴുക്ക്. ഇന്നു പുലർച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറിൽനിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോൾ പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയിൽപെട്ടു.
ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടർന്നു തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.
തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റർ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍ ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

മുംബൈയ്ക്ക് സമീപം കടലെടുത്തത് 55 ഹെക്ടർ

പ്രവചനങ്ങൾ പോലെ മുംബൈ നഗരത്തെ ഭാവിയിൽ കടലെടുക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ് സമീപത്തെ തീരദേശ ജില്ലയായ റായ്ഗഡിലെ സ്ഥിതി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്ടർ തീരം 30 വർഷത്തിനിടെ കടലെടുത്തെന്ന് പുണെ സൃഷ്ടി കൺസർവേഷൻ ഫൗണ്ടേഷൻ (എസ്‌സിഎഫ്) പഠനത്തിൽ കണ്ടെത്തി. മണൽത്തിട്ടകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശം 1990 നും 2022 നും ഇടയിലാണ് കടൽ വിഴുങ്ങിയത്.
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തീരപ്രദേശങ്ങൾക്കു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രനിരപ്പ് ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പല തീരപ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നതു കാരണം കൃഷിഭൂമിയിലും കണ്ടൽക്കാടുകൾ വളരുന്നു. ചിലയിടങ്ങളിൽ വലിയ മണ്ണിടിച്ചിലിനു കാരണമാകുന്നു.
തീരപരിപാലന നയം കാര്യക്ഷമമാക്കുക, കടൽഭിത്തികളുടെ ഫലശേഷി അവലോകനം ചെയ്യുക, കടലിടുക്കുകളിൽ ആഴം നിലനിർത്തുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ പഠനം നിർദേശിക്കുന്നു.

2050 ന് അകം ദക്ഷിണ മുംബൈയുടെ വലിയൊരു ഭാഗം കടലെടുത്തേക്കാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നഗരസഭാ കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റും നരിമാൻ പോയിന്റും കഫെ പരേഡുമൊക്കെ കടൽ വിഴുങ്ങാമെന്നും 25-30 വർഷം എന്നത് ഏറെ അകലെയല്ലെന്നും ആയിരുന്നു ഓർമപ്പെടുത്തൽ. അടിക്കടി വരുന്ന ചുഴലിക്കാറ്റുകൾ, അമിത മഴ എന്നിവയൊക്കെ ജാഗ്രതയോടെ കാണണമെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേക കർമപദ്ധതി ഇല്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നാണ് ഓരോ പഠനവും ഓർമിപ്പിക്കുന്നത്.

പോളണ്ടിൽ പുഴയിൽ ചത്തത് 10 ടൺ മത്സ്യം, ശൂചീകരണത്തിന് സൈന്യം ഇറങ്ങി

ജർമനിയുമായി അതിർത്തി പങ്കിടുന്ന പോളണ്ട് നഗരത്തിൽ പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ശുചീകരണത്തിന് സൈന്യത്തെ ചുമതലപ്പെടുത്തി. 10 ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്. സംഭവത്തെ പരിസ്ഥിതി ദുരന്തമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പോളണ്ടിലെ സെയ്‌ലോണ ഗോര നഗരത്തിലാണ് മത്സ്യം ചത്തത്. വെള്ളിയാഴ്ച ബോധരഹിതമായി മത്സ്യം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഴയിൽ മെർക്കുറി കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. മത്സ്യം ചത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലും തെക്കുപടിഞ്ഞാറൻ പോളണ്ട് നഗരമായ ഒലാവയിൽ മത്സ്യം ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ചില മൃഗങ്ങളും ചത്തിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി ക്ലൈമറ്റ് ആന്റ് എൺവിയോൺമെന്റ് മന്ത്രി ജാസെക് ഒസ്‌ഡോബ പറഞ്ഞു. പോളണ്ടിലെ പ്രതിപക്ഷവും ജനങ്ങളും പ്രധാനമന്ത്രി മറ്റൊയേസ് മൊറാവിക്കിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയ 10 ടൺ മത്സ്യങ്ങളെ നീക്കം ചെയ്‌തെന്ന് പോളണ്ട് ജല, ദേശീയ ജല മാനേജ്‌മെന്റ് മേധാവി അറിയിച്ചു.

2022 ലെ ഏറ്റവും വലിയ സൂപ്പർ മൂൺ 13 ന് , 3 ദിവസം പൂർണ ചന്ദ്രൻ

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ മൂൺ ബുധൻ ദൃശ്യമാകും. ജൂലൈ 4 ന് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന അഫലിയോൺ പ്രതിഭാസത്തിനു ശേഷമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂൺ എന്നു വിളിക്കുന്നത്. ബുധനാഴ്ച അർധരാത്രി 2.07 മുതൽ സൂപ്പർമൂൺ കാണാനാകും. ഏറെ ശോഭയോടെ വലിയ ചന്ദ്രനാണ് സൂപ്പർ മൂണിന്റെ പ്രത്യേകത. ബുധനാഴ്ച സൂപ്പർമൂൺ സംഭവിക്കുമ്പോൾ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കി.മി അകലെയായിരിക്കും. കഴിഞ്ഞ ജൂൺ 14 ന് സൂപ്പർ മൂൺ ഉണ്ടായിരുന്നു. അന്ന് 3,63,300 കി.മി അകലെയായിരുന്നു ചന്ദ്രൻ. അതായത് ഇത്തവണ കൂടുതൽ വലിപ്പത്തിലും തെളിച്ചത്തിലും ചന്ദ്രനെ കാണാൻ കഴിയും എന്നർഥം. ഇത്തവണ മൂന്നു ദിവസം പൂർണ ചന്ദ്രനെ കാണാനാകും. ചൊവ്വാഴ്ച പുലർച്ചെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ പൂർണ ചന്ദ്രനുണ്ടാകും.
2023 ജൂലൈ മൂന്നിനാകും അടുത്ത സൂപ്പർ മൂൺ ദൃശ്യമാകുക. 1979 ൽ റിച്ചാർഡ് നോളെ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൂപ്പർ മൂൺ എന്ന പേര് ഉപയോഗിച്ചത്. ദീർഘവൃത്താകൃതിയിലാണ് ചന്ദ്രന്റെ ഭ്രമണപഥം. സാധാരണ ഭൂമിയിൽ നിന്ന് 4,05, 500 കി.മി അകലെയാണ് സ്ഥാനം.

ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തും. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംലിയ്ക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

മുറിച്ചു മാറ്റിയില്ല; പറിച്ചു നട്ടു സംരക്ഷിക്കും

By 24 News
റോഡ് വികസനത്തിന്റെ പേരില്‍ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്ന കാഴ്ച നമ്മുടെ നാട്ടില്‍ സുലഭമാണ്. പടുകൂറ്റന്‍ മരങ്ങള്‍ മുറിക്കുകയും ഓരോ പരിസ്ഥിതി ദിനത്തിലും പുതിയ തൈകള്‍ നട്ട് വിടവ് നികത്തുന്നവരുമുണ്ട്. എന്നാല്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ് പാലക്കാട് നിന്നുള്ളത്.
വികസനത്തിന്റെ പേരില്‍ മുറിച്ച് മാറ്റേണ്ടി വന്ന ആല്‍മരം വേരോടെ പിഴുതുമാറ്റി സംരക്ഷിച്ചിരിക്കുകയാണ് പാലക്കാട് വനംവകുപ്പ്. പാലക്കാട് മുണ്ടൂര്‍ തൂത റോഡ് വികസനത്തിനായി മുറിച്ചുമാറ്റാന്‍ തീരുമാനിച്ച കാറല്‍മണ്ണ ഭാഗത്തെ ആല്‍മരമാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിഴുതുമാറ്റി വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്.
വര്‍ഷങ്ങള്‍ ആയിരങ്ങള്‍ക്ക് തണലേകിയ ആല്‍മരം പെട്ടൊന്നൊരുനാള്‍ ഇല്ലാതാകുമെന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ആശങ്ക, നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നത് ഒരു ജീവന്‍ തന്നെയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക വനവത്കരണ വിഭാഗം ആല്‍മരത്തെ പിഴുത് മാറ്റി അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്..

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് ചുറ്റും കുഴിയെടുത്താണ് ആല്‍മരത്തിനെ വേരോടെ പിഴുതുമാറ്റിയെടുത്തത്. ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളിലേക്കെത്തിച്ചു. അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് അനേകായിരം കുരുന്നുകള്‍ക്ക് ഇനി ഈ ആല്‍മരം തണലേകും.
സ്‌കൂളില്‍ പ്രത്യേക കുഴിയെടുത്ത് വലിയ മരങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചാണ് നടീല്‍ നടന്നത്. സ്ഥലം എംഎല്‍എയും, സബ് കളക്ടറും, നാട്ടുകാരുമെല്ലാം വഴിയരികിലെ മരത്തിന് പുതുജീവന്‍ ഏകാന്‍ ഒരുപോലെ കൈകോര്‍ത്തു. കഴിഞ്ഞ കാലമത്രയും വെയിലിലും മഴയിലും വഴിയാത്രക്കാര്‍ക്ക് തണലേകിയ മരം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും ഇനി തണലാകും

പരിസ്ഥിതി ദിനം ജൂൺ 5 ന്; വിവിധ പദ്ധതികളുമായി യു എൻ

ഈ വർഷത്തെ പരിസ്ഥിതി ദിനത്തില്‍ ( ജൂൺ 5 ) ജനങ്ങള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്‍റ് പ്രോഗ്രാം( യു.എന്‍. ഇ.പി). ഐക്യരാഷ്ട്രസഭ 1972 മുതലാണ് ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം (World environment day) ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. അന്ന് മുതല്‍ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും യുഎന്‍ഇപി (U.N.E .P) വിവധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
പരിസ്ഥിതി പൊതുജന സമ്പർക്കത്തിനായുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ്‌ഫോമാണ് യു.എന്‍. ഇ.പി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യു.എന്‍.ഇ.പിയില്‍ അണി ചേരും.
മനുഷ്യന്‍റെ ആരോഗ്യം, പ്രത്യേകിച്ച് തലച്ചോറിന്‍റെ ആരോഗ്യം പരിസ്ഥിതിയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. മരണനിരക്ക് കൂടുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് വായു മലിനീകരണം. . നാഡീവ്യവസ്ഥയിലും നാഡീസംബന്ധമായ രോഗങ്ങളിലും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം എന്നിവയുടെ സ്വാധീനം കൂടുതലായി കണ്ടെത്തിയിട്ടുണ്ടെന്ന് യു.എന്‍.ഇ.പി പറയുന്നു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട അവബോധം വർദ്ധിപ്പിക്കുന്നതിനായി 2018ല്‍ യു.എന്‍.ഇ.പി “തലച്ചോറിന്റെ ആരോഗ്യത്തിന് ശുദ്ധവായു” എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഇത്തവണയും പരിസ്ഥിതി ബോധവത്കരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യു.എന്‍. ഇ.പി വ്യക്തമാക്കി.
കേരളത്തിലും ഇന്ത്യയിലും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിവിധ ദിനാചരണ പരിപാടികൾ നടത്തുന്നുണ്ട്. മരം , പരിസ്ഥിതി ബോധവൽക്കരണം എന്നിവയാണ് പ്രധാനം. നഗരങ്ങളിലും മറ്റും മിയാവാക്കി വനങ്ങളുടെ വൽകരണം എന്നിവയും കേരളത്തിൽ നടക്കുന്നുണ്ട്.

പമ്പ, മണിമല, അച്ചൻ കോവിൽ പ്രളയ നിയന്ത്രണത്തിന് 402 കോടിയുടെ പദ്ധതിക്ക് ലോക ബാങ്ക് അംഗീകാരം

പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 402 കോടി രൂപയുടെ പദ്ധതിക്ക് ലോകബാങ്ക് തത്വത്തിൽ അംഗീകാരം നൽകി. ജലസേചന വകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. 226 കോടി രൂപ ചെലവു വരുന്ന മണിമലയാറ്റിലെ പദ്ധതിയാണ് ഇതിൽ വലുത്. പമ്പയ്ക്ക് 105 കോടിയും അച്ചൻകോവിലാറിന് 71.1 കോടി രൂപയും വിനിയോഗിക്കും. നദികളിലെ പ്രളയാനന്തര അവസ്ഥ പഠനവിധേയമാക്കിയ ജലസേചന വകുപ്പിന്റെ റിപ്പോർട്ട് ലോകബാങ്ക് നിർദേശപ്രകാരം സ്കോട്‌ലൻഡിലെ ഹാൻസ് എന്ന ഏജൻസി പഠിക്കുകയും 2 തവണ നദികൾ സന്ദർശിക്കുകയും ചെയ്തു.
നദികളിൽ 2018ലെ മഹാപ്രളയത്തിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയതായി കണ്ടെത്തിയിട്ടുണ്ട്. പമ്പാനദിയിൽ 13.27 ലക്ഷവും അച്ചൻകോവിലാറ്റിൽ 9.3 ലക്ഷവും മണിമലയാറ്റിൽ 33 ലക്ഷവും ക്യൂബിക് മീറ്റർ എക്കലുണ്ടെന്നാണ് കണക്ക്. ഇതിൽ പമ്പയിൽനിന്ന് 15 ശതമാനവും അച്ചൻകോവിലാറ്റിൽനിന്ന് 15.4 ശതമാനവും മണിമലയാറ്റിൽനിന്ന് ശതമാനവും ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്.` പമ്പ മണിമല അച്ചൻകോവിലാറുകളിലെ പ്രളയം ഒഴിവാക്കാൻ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ:

മണിമലയാർ
കഴിഞ്ഞ 4 വർഷമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മണിമലയാറ്റിൽ 62 സ്ഥലങ്ങളിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. നദി വഴിമാറി ഒഴുകിയ ഭാഗങ്ങളിൽ ബണ്ട് നിർമിച്ച് പഴയ വഴിയിലൂടെ മാത്രം ഒഴുക്കുകയും കരയിലേക്കു കയറാതെ സംരക്ഷണം ഒരുക്കുകയും ചെയ്യും. 4 കിലോമീറ്ററോളം ദൂരത്തിൽ തീരസംരക്ഷണ ബണ്ടും നിർമിക്കും. .നദിയിലേക്കെത്തുന്ന 42 തോടുകളുടെ സംരക്ഷണവും പദ്ധതിയിലുണ്ട്. തോടുകളിൽ പല ഭാഗത്തായി 10 കിലോമീറ്ററോളം സംരക്ഷണ ഭിത്തി നിർമിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ ഈ അളവ് മഴ പെയ്താലും നദി കരകവിയില്ല.

എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് 196.67 കോടി രൂപയും ചെക്ക് ഡാമുകൾ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണിക്കായി 15 കോടി രൂപയും തകർന്ന കുളിക്കടവുകൾ പുനരുദ്ധരിക്കുന്നതിന് 15 കോടി രൂപയും വിനിയോഗിക്കും. മണിമലയാറിന്റെ തുടക്കത്തിലെ 15 കിലോമീറ്റർ പുല്ലകയാർ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ 8 കിലോമീറ്റർ ഭാഗം ഉരുൾപൊട്ടിയെത്തിയ പാറക്കൂട്ടം കിടക്കുകയാണ്. 31 ലക്ഷം ക്യുബിക് മീറ്ററിൽ 2.8 ലക്ഷവും പാറകളാണ്. ലോകബാങ്ക് സംഘം പഠനം നടത്തിയത് ഇവിടെയാണ്.

പമ്പ
പമ്പാനദിയിലെ പദ്ധതി 105 കോടിയോളം രൂപയുടേതാണ്. 14 അണക്കെട്ടുകളുള്ള നദിയിൽ വനപ്രദേശം ഒഴിവാക്കി കിസുമം മുതൽ താഴോട്ടുള്ള ഭാഗത്തെ സംരക്ഷണമാണ് ഒരുക്കുന്നത്. തീരസംരക്ഷണത്തിന് 107 സ്ഥലങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് 56 കോടി രൂപയും 5 സ്ഥലത്ത് മുളങ്കാടുകൾ, രാമച്ചം എന്നിവ നട്ടു ജൈവസംരക്ഷണത്തിന് 20 ലക്ഷം രൂപയുമുണ്ട്. 14 കടവുകളുടെ പുനരുദ്ധാരണത്തിനും തീരസംരക്ഷണത്തിനും 2.32 കോടി രൂപയും. മുക്കം, കണമല, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി എന്നീ 4 കോസ്‌വേകളുടെ സംരക്ഷണത്തിന് 2.5 കോടി രൂപയും പദ്ധതിയിലുണ്ട്. നദിയിലെ എക്കലും മണ്ണും 35 സ്ഥലത്ത് നീക്കം ചെയ്യുന്നതിന് 43 കോടി രൂപയുണ്ട്.

അച്ചൻകോവിൽ

അച്ചൻകോവിലാറ്റിൽ ഡാമുകളോ തടയണകളോ ഇല്ലാത്തതാണ് വെള്ളപ്പൊക്കത്തിനു കാരണമാകുന്നതെന്നാണ് പഠനം. 2 സ്ഥലത്തെങ്കിലും ചെക്ക് ഡാമുകൾ നിർമിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചാൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിയും. കല്ലേലി, ഓമല്ലൂർ എന്നിവിടങ്ങളിലാണു ചെക്ക് ഡാമുകൾ പണിയുക. നദിയുടെ പുനരുദ്ധാരണത്തിന് 71.1 കോടി രൂപയുടെ പദ്ധതിയാണുള്ളത്. 30 കോടി ജില്ലയ്ക്കും 40 കോടിയുടെ പദ്ധതികൾ ആലപ്പുഴ ജില്ലയിലുമായിരിക്കും.
കൈത്തോടുകൾ വീണ്ടെടുക്കുന്നതിന് 10 കോടി രൂപയും ചെക്ക് ഡാമുകൾ പണിയുന്നതിന് കുളനട ഊട്ടുപാറയിലും കോന്നി എല്ലുകാണി ക്ഷേത്രത്തിനു സമീപത്തും 5 കോടി രൂപ, അരുവാപ്പുലത്ത് ഒരു കോടി രൂപ, ഓമല്ലൂരിൽ 2.1 കോടി രൂപയുമുണ്ട്. എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് പന്തളം മുതൽ ഐരാണിക്കുടി വരെ 5.25 കോടി രൂപയുടെയും കുളനട ഊട്ടുപാറക്കടവിൽ 3.9 കോടിയുടെയും അരുവാപ്പുലം പാട്ടത്തിൽ കടവിൽ 2.25 കോടി രൂപയുടെയും പദ്ധതികളുണ്ട്.

മണലും പാറയും ലേലം ചെയ്യും

നീക്കം ചെയ്യുന്ന എക്കലും മണ്ണും നിക്ഷേപിക്കാൻ പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി നൽകണം. മണലും പാറയും ലേലം ചെയ്ത് കിട്ടുന്ന വരുമാനത്തിന്റെ 70% അതത് പഞ്ചായത്തിനും 30% റിവർ മാനേജ്മെന്റ് ഫണ്ടിലേക്കും പോകും.

മഴക്കു മുൻപ് നദികളിലെയും ഡാമിലെയും മണൽ നീക്കണമെന്ന ഹരജിയിൽ കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

ഓരോ മഴക്കാലത്തിന് മുമ്പും സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും നിന്ന് മണല്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേരളാ സര്‍ക്കാറിന് നോട്ടീസയച്ചു. സാബു സ്റ്റീഫന്‍ എന്ന വ്യക്തി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ജെ.ബി പാര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. കേസ് ജൂലൈ 11ന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.
മണല്‍ നീക്കം ചെയ്യുന്നതിന് ശാസ്ത്രീയ ഉപദേശം തേടണം. ഇത്തരത്തില്‍ കോരിക്കളയുന്ന മണല്‍ സൂക്ഷിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ സൗകര്യമൊരുക്കണം. ഈ മണല്‍ ജനങ്ങള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കുറഞ്ഞവിലക്ക് നല്‍കണമെന്നും ഹരജി ആവശ്യപ്പെട്ടു. നേരത്തെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഹരജിക്കാരനു വേണ്ടി അഭിഭാഷകന്‍ വി.കെ ബിജു ഹാജരായി.