Menu

Climate

ഉത്തരേന്ത്യയിൽ മഴക്കെടുതി, മിന്നൽ : 36 മരണം

കാലവർഷം വിടവാങ്ങാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ ഉത്തരേന്ത്യയിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കഴിഞ്ഞ 48 മണിക്കൂറിൽ 36 പേർ മരിച്ചു. ഉത്തർപ്രദേശിലും ഡൽഹിയിലുമാണ് ഇടിമിന്നൽ ഉണ്ടായത്. ഉത്തർപ്രദേശിൽ മാത്രം 26 പേർ മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും കെട്ടിടം തകർന്നുമാണ് മിക്കവരും മരിച്ചത്. 12 പേരുടെ മരണം ഇടിമിന്നലേറ്റാണ്.
അടുത്ത 2 ദിവസം കൂടി മേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ മീറ്റിയറോളജിസ്റ്റ് പറഞ്ഞു. യു.പിയിൽ മഴയിൽ വീട് തകർന്നും മരണം റിപ്പോർട്ട് ചെയ്തു. 24 പേരുടെ മരണം ഇത്തരത്തിലുള്ളതാണെന്ന് റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. പ്രയാഗ് രാജിൽ സുഹൃത്തിന്റെ വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഉസ്മാൻ (15) മിന്നലേറ്റ് മരിച്ചു. സുഹൃത്ത് അസ്നാന് ഗുരുതരമായി പരുക്കേറ്റു. വന നശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവയാണ് ഇടിമിന്നൽ കൂടാൻ കാരണമെന്റ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് ഡയരക്ടർ ജനറൽ സുനിത നരെയൻ, ലൈറ്റ്നിംഗ് റെസിലിയന്റ് ഇന്ത്യ കാംപയിൻ ഓർഗനൈസർ കേണൽ സഞ് ജയ് ശ്രീവാസ്തവ പറഞ്ഞു.

മുംബൈയ്ക്ക് സമീപം കടലെടുത്തത് 55 ഹെക്ടർ

പ്രവചനങ്ങൾ പോലെ മുംബൈ നഗരത്തെ ഭാവിയിൽ കടലെടുക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ് സമീപത്തെ തീരദേശ ജില്ലയായ റായ്ഗഡിലെ സ്ഥിതി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്ടർ തീരം 30 വർഷത്തിനിടെ കടലെടുത്തെന്ന് പുണെ സൃഷ്ടി കൺസർവേഷൻ ഫൗണ്ടേഷൻ (എസ്‌സിഎഫ്) പഠനത്തിൽ കണ്ടെത്തി. മണൽത്തിട്ടകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശം 1990 നും 2022 നും ഇടയിലാണ് കടൽ വിഴുങ്ങിയത്.
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തീരപ്രദേശങ്ങൾക്കു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രനിരപ്പ് ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പല തീരപ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നതു കാരണം കൃഷിഭൂമിയിലും കണ്ടൽക്കാടുകൾ വളരുന്നു. ചിലയിടങ്ങളിൽ വലിയ മണ്ണിടിച്ചിലിനു കാരണമാകുന്നു.
തീരപരിപാലന നയം കാര്യക്ഷമമാക്കുക, കടൽഭിത്തികളുടെ ഫലശേഷി അവലോകനം ചെയ്യുക, കടലിടുക്കുകളിൽ ആഴം നിലനിർത്തുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതികളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ പഠനം നിർദേശിക്കുന്നു.

2050 ന് അകം ദക്ഷിണ മുംബൈയുടെ വലിയൊരു ഭാഗം കടലെടുത്തേക്കാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നഗരസഭാ കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റും നരിമാൻ പോയിന്റും കഫെ പരേഡുമൊക്കെ കടൽ വിഴുങ്ങാമെന്നും 25-30 വർഷം എന്നത് ഏറെ അകലെയല്ലെന്നും ആയിരുന്നു ഓർമപ്പെടുത്തൽ. അടിക്കടി വരുന്ന ചുഴലിക്കാറ്റുകൾ, അമിത മഴ എന്നിവയൊക്കെ ജാഗ്രതയോടെ കാണണമെന്നും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രത്യേക കർമപദ്ധതി ഇല്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാകുമെന്നാണ് ഓരോ പഠനവും ഓർമിപ്പിക്കുന്നത്.

ചാൾസ് രാജാവ്: കലാവസ്ഥ വ്യതിയാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാൾ

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബിട്ടന്റെ രാജാവാകുന്ന ചാൾസ് മൂന്നാമൻ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മുന്നിലുള്ള ലോക നേതാക്കളിലൊരാൾ. വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രചാരണം നടത്തുന്നയാളാണ് ചാൾസ്. അതിനാൽ ബ്രിട്ടീഷ് രാജാവ് എന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം നടന്ന COP26 ലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഗ്ലാസ്‌ഗോയിൽ ഉച്ചകോടി നടന്നത്. ആഗോള താപനത്തിനെതിരേ ലോകം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തത്. കൊവിഡിനേക്കാൾ വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ അദ്ദേഹം ബ്രിട്ടനിലും പദ്ധതി ആസൂത്രണം ചെയ്തു.
രാഷ്ട്രീയത്തിൽ സാധാരണ രാജകുടുംബം ബ്രിട്ടനിൽ ഇടപെടാറില്ല. താൻ 10 വർഷം പ്രധാനമന്ത്രിയായിട്ടും എലിസബത്ത് രാജ്ഞിയുടെ രാഷ്ട്രീയ നയം എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞിരുന്നു.
ക്ലൈമറ്റ് ചേഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ചാൾസ് രാജകുമാരനായിരിക്കെ കാംപയിൻ നടത്തിയിരുന്നു. ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിനും ക്ലൈമറ്റ് ചേഞ്ച് നേരിടാനുമാണ് അദ്ദേഹം ഊന്നൽ നൽകിയത്. 2019 നവംബർ 13 ന് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലെത്തിയ ചാൾസ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു. മൗസം ഭവനിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂർ ചെലവഴിച്ചിരുന്നു. ഐ.എം.ഡി ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രവചനം, നേരത്തെയുള്ള വാണിങ് വെതർ ഫോർകാസ്റ്റ് സിസ്റ്റം, നാഷനൽ വെതർ ഫോർകാസ്റ്റിങ് സെന്റർ എന്നിവയെ കുറിച്ച് വിശദീകരിച്ചു. റഡാർ, ഉപഗ്രഹ സംവിധാനങ്ങളെ കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചിരുന്നു.

ഈ വർഷവും ട്രിപ്പിൾ ഡിപ് ലാനിനയെന്ന് യു.എൻ

2022 ൽ അപൂർവ കാലാവസ്ഥാ പ്രതിഭാസമായ ട്രിപ്പിൾ ഡിപ് ലാനിനയെന്ന് യു.എൻ കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന World Meteorological Organization (WMO) സ്ഥിരീകരിച്ചു. ഈ നൂറ്റാണ്ടിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഭാസം നടക്കുന്നത്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖയോട് അടുത്തുള്ള മേഖലയിലെ സമുദ്രോപരിതല താപനില കുറയുന്നതാണ് ലാ നിനി പ്രതിഭാസം. കിഴക്കൻ പസഫിക് സമുദ്രം മുതൽ മധ്യ മേഖലയിൽവരെയാണ് ലാനിന കാലത്ത് സാധാരണയേക്കാൾ സമുദ്രോപരി താപനില കുറയുക. യു.എസ് മുതൽ ഏകദേശം ഇന്തോനേഷ്യവരെ.

ലാനിന ലോക വ്യാപകമായി കാലാവസ്ഥയിൽ ലാനിന മാറ്റം വരുത്തും. വാണിജ്യ വാതങ്ങളെ ഇത് ശക്തിപ്പെടുത്തും. ലാനിനയുടെ എതിർ പ്രതിഭാസമാണ് എൽ നിനോ. മുകളിൽ പറഞ്ഞ ഭാഗത്ത് സമുദ്രോപരി താപനില സാധാരണയേക്കാൾ കൂടുന്നതാണ് എൽ നിനോ. എൽ നിനോ സാധാരണ ഇന്ത്യയിൽ വരൾച്ചക്കും ലാനിന അതിവർഷത്തിനും ഇടയാക്കാറുണ്ട്. തുടർച്ചയായി മൂന്നു വർഷം ലാനിന ഉണ്ടാകുന്നത് അപൂർവമാണെന്ന് ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ പെട്ടേരി തലാസ് പറഞ്ഞു. ലാനിന ആഗോള താപനത്തിന് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ലും ലാനിനയായിരുന്നെങ്കിലും ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ഏഴാമത്തെ വർഷമായിരുന്നു 2021.

ആഫ്രിക്കയിൽ വരൾച്ച, പതിനായിരങ്ങൾ മരിച്ചു

ആഫ്രിക്കയിൽ തുടരുന്ന കനത്ത വരൾച്ച ലാനിനയെ തുടർന്നാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 40 വർഷത്തെ ഏറ്റവും വലിയ വരൾച്ചയാണ് എത്യോപ്യ, കെനിയ, സൊമാലിയ രാജ്യങ്ങൾ നേരിടുന്നത്. സൊമാലിയയിൽ വരൾച്ചയും പട്ടിണി മരണവുമാണ്. ഉക്രൈനിൽ നിന്ന് യുദ്ധത്തെ തുടർന്ന് ധാന്യങ്ങൾ എത്താത്തതും ആഫ്രിക്കയിൽ പതിനായിരങ്ങളുടെ പട്ടിണി മരണത്തിന് ഇടയാക്കി. ലക്ഷക്കണക്കിന് ആളുകളാണ് ആഫ്രിക്കയിൽ വരൾച്ചാ കെടുതിയും ഭക്ഷ്യക്ഷാമവും നേരിടുന്നത്. അഞ്ചു വർഷത്തോളമായി ഇവിടെ വരൾച്ച തുടരുകയും മഴ കുറയുകയുമാണെന്ന് ഡബ്ല്യു.എം.ഒ പറയുന്നു.
ഏങ്ങനെ ബാധിക്കും
അറ്റ്‌ലാന്റിക് സമുദ്രത്തിൽ കൂടുതൽ ഹൊറിക്കെയ്‌നുകൾക്ക് ഇത് കാരണമാകും. പടിഞ്ഞാറൻ യു.എസിൽ മഴ കുറയുകയും കാട്ടുതീ കൂടുകയും ചെയ്യും. കാലിഫോർണിയയിൽ ഇപ്പോൾ കാട്ടൂതീ പടരുകയാണ്. വ്യാപക കൃഷിനാശവുമുണ്ട്.

കേരളത്തിൽ ആകെ മഴ കുറയുന്നു; വരൾച്ചയിലേക്ക്?

കേരളത്തിൽ അതിതീവ്ര മഴ കൂടുന്നുണ്ടെങ്കിലും കാലവർഷ സീസണിൽ ലഭിക്കുന്ന മൊത്തമായ മഴ കുറയുകയാണെന്ന് കണക്കുകൾ. ഇതുകൊണ്ട് വെള്ളപ്പൊക്കവും വരൾച്ചയും ഒരേ വർഷം തന്നെ സംഭവിക്കുന്നുവെന്ന് കാലാവസ്ഥ ശാസ്ത്രഞ്ജനും ഗവേഷകനുമായ റോക്സി മാത്യു കോൾ പറയുന്നു.
1950 മുതൽ 2021 വരെ കാലവർഷ മഴയിൽ മൊത്തത്തിലുണ്ടായ മാറ്റമാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ .

കാലാവസ്ഥ വ്യതിയാനം: ആഗോളതാപനത്തിന്റെ വ്യക്തമായ ഒരു സൂചനയാണിത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നു. അത് കൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചുവച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുകയും ചെയ്യുന്നു. കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ ലഭിക്കുന്നു. മൺസൂൺ കാറ്റുകളിൽ വന്ന വ്യതിയാനവും ഇതിന് കാരണമാകുന്നുണ്ട്.

പുഴകൾ:
വളഞ്ഞൊഴുകുന്ന പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോൾ പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ പോകുന്നു. അങ്ങനെ സമീപ പ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തുന്നു. മണൽ വാരി ആഴം കൂട്ടിയാൽ ഈ പ്രശ്നം തീരില്ല. കുറച്ചു വെള്ളം അതിവേഗത്തിൽ കുത്തിയൊലിച്ച് പോകും. വെള്ളം പരന്ന് ഇറങ്ങാത്തത് കൊണ്ട് വരൾച്ചയും പെട്ടെന്ന് വരുന്നു.

സമുദ്രനിരപ്പ്:
വേറൊരു പ്രശ്നവും ഉണ്ട്. പുഴ വെള്ളം കടലിലേയ്ക്കാണ് ഒഴുകി പോകേണ്ടത്. പക്ഷേ ഓരോ വർഷവും സമുദ്രനിരപ്പ് കൂടുന്നതോടൊപ്പം ഒഴുക്ക് കുറയുകയും ഉപ്പുവെള്ളം തിരിച്ച് കയറുകയും ചെയ്യും.

എന്ത് ചെയ്യാം?
ജല സുരക്ഷ: മൊത്തത്തിലുള്ള മഴയുടെ അളവ് കുറഞ്ഞെങ്കിലും കേരളത്തിന് ഇപ്പോഴും ഒരു പാട് മഴ കിട്ടുന്നുണ്ട്. Water is more of a management issue than a climate change issue. കാലാവസ്ഥ വ്യതിയാനത്തെക്കാളും ജല സുരക്ഷയെ ബാധിക്കുന്നത് ജലം നമ്മളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്.

പദ്ധതികൾ:
മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യാൻ വിജയിച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കുക. മഴപ്പൊലിമ (groundwater recharging), ജലവർഷിണി (ponds/lakes revival), പുഴ പുനർജനി (river rejuvenation) ഇവയെല്ലാം ചിലവു കുറഞ്ഞ, വിജയിച്ച പദ്ധതികളാണ്. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയോടൊപ്പം ചേർത്ത് ഇവ എവിടെയും ചെയ്യാവുന്നതാണ്.
പശ്ചിമഘട്ടം: വനസംരക്ഷണം നിർബന്ധമാക്കുക. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനെക്കാൾ, സസ്യ-ജല ബാഷ്പീകരണം (plant evapotranspiration) വഴി ജലം നിലനിർത്തി വീണ്ടും മഴ പെയ്യിക്കുകയും (recycled rainfall), അതേസമയം മണ്ണൊലിപ്പ്‍ തടയുകയും ചെയ്യുന്നുണ്ട്.
തമിഴ്നാടിന് വരെ ഓരോ വർഷവും കിട്ടുന്ന മഴയുടെ 25-50% വരെ പശ്ചിമഘട്ടത്തിലെ സസ്യജല ബാഷ്പീകരണം വഴിയാണെന്ന് അറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വളരെയേറെയാകുന്നു.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജിയിലെ ക്ലൈമറ്റ് ശാസ്ത്രഞജനും IPCC ലീഡ് ഓതറുമാണ് മലയാളിയായ റോക്സി.

മധ്യ കേരളത്തിൽ തീവ്ര മഴ കൂടുന്നു: റോക്സി മാത്യു കോൾ

കേരളത്തിൽ അതിതീവ്രമഴ കൂടുന്നുവെന്ന് നിരീക്ഷണം. കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ ആണ് ഇക്കാര്യം അറിയിച്ചത്. 1950 മുതൽ 2021 വരെയുള്ള കണക്ക് പ്രകാരമാണിത്. മധ്യ കേരളത്തിലാണ് അതിതീവ്ര മഴ പ്രധാനമായും കൂടുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. വരും വർഷങ്ങളിൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും വർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മദ ധ്യ കേരളത്തിലാണ്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തരം എക്സ്ട്രീം ഇവന്റുകൾ വർധിച്ചതായി കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും അതിതീവ്ര മഴ കൂടിയിട്ടുണ്ടെന്നും കണക്ക് സൂചിപ്പിക്കുന്നു. കൂടുതൽ അറിയാനും പരിഹാരമാർഗങ്ങൾ തേടുവാനും ഈ വീഡിയോ കാണുക.

വടക്കൻ കേരളത്തിൽ ആകാശത്ത് ഹാലോ പ്രതിഭാസം

മഴ മാറി മാനംതെളിഞ്ഞതോടെ കേരളത്തിൽ വീണ്ടും സൂര്യനു ചുറ്റും 22 ഡിഗ്രി ഹാലോ പ്രതിഭാസം. വടക്കൻ കേരളത്തിലാണ് ഇന്ന് സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്ന ഹാലോ പ്രതിഭാസം ഇന്ന് കാണാനായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാലോ പ്രതിഭാസം ഉച്ചയോടെ ദൃശ്യമായി. ഇന്ന് വടക്കൻ കേരളത്തിൽ അന്തരീക്ഷത്തിൽ ഐസ് പരലുകളുള്ള ഉയർന്ന മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് പ്രതിഭാസത്തിലേക്ക് നയിച്ചതെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
എന്താണ് ഹാലോ?
അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളോ, ഈർപ്പ കണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ദൃശ്യ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിൽ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കിൽ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകർ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകൾ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങൾ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈർപ്പക്കൂടുതൽ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകൾ രൂപം കൊള്ളുന്നത്.

യൂറോപ്പിലെ ഉഷ്ണതരംഗം: ബ്രിട്ടനിൽ വരൾച്ച പ്രഖ്യാപിച്ചു

മാസത്തോളമായി കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന യൂറോപ്പിൽ വരൾച്ചയും കാട്ടുതീയും രൂക്ഷമാകുന്നു. ബ്രീട്ടീഷ് സർക്കാർ ഔദ്യോഗികമായി വരൾച്ചാ ബാധിത പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ തെക്ക്, മധ്യ, കിഴക്കൻ പ്രദേശങ്ങളിലാണ് വരൾച്ചാ പ്രഖ്യാപനം. 1935 നു ശേഷം ഇതാദ്യമായാണ് വരണ്ട ജൂലൈ മാസം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നദികളും ജലാശയങ്ങളും വറ്റി. വരുന്ന നാലു ദിവസം അതിതീവ്ര ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അത്യാവശ്യത്തിനുള്ള വെള്ളം സ്റ്റോക്കുണ്ടെന്നാണ് എല്ലാ ജലവിതരണ കമ്പനികളും പറയുന്നത്. കഴിഞ്ഞ വരൾച്ചാകാലത്തേക്കാൾ മുന്നൊരുക്കങ്ങൾ ഇത്തവണ നടത്തിയിരുന്നുവെന്ന് ജല മന്ത്രി സ്റ്റീവ് ഡബിൾ പറഞ്ഞു.
റിനെ നദിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം വലിയതോതിൽ കുറഞ്ഞു. ഇതോടെ ചങ്ങാട സർവിസുകൾ പലയിടത്തും നിർത്തിവച്ചു. ഒന്നര മീറ്റർ വെള്ളം നദിയിലുണ്ടായിരുന്നു. ഇപ്പോഴത് 30 സെറ്റീമീറ്ററായി പലയിടത്തും കുറഞ്ഞിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം: നേരിടാൻ ബിൽ പാസാക്കി യു.എസ് സെനറ്റ്

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള ചരിത്രപരമായ ബിൽ യു.എസ് സെനറ്റിൽ പാസായി. ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണക്കാരാണ് യു.എസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ. 430 ബില്യൺ ഡോളറിന്റെ ബില്ലിനാണ് അംഗീകാരമായത്. ഇതിൽ മരുന്നു വില കുറയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. എന്നാലും പ്രധാന ഊന്നൽ കാലാവസ്ഥാ വ്യതിയാനത്തിനു തന്നെയാണ്. 375 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഉപയോഗിക്കുക. പുനരുപയോഗ ഊർജത്തിനും ക്ലീൻ എനർജിക്കും നികുതി ഇളവ് ഉൾപ്പെടെ നൽകും. ഇലക്ട്രിക് വാഹനങ്ങൾ പുതിയത് വാങ്ങാൻ നികുതി ഇളവുണ്ടാകും. ഊർജത്തിന് ഇപ്പോഴത്തേക്കാൾ വില കുറയുമെന്ന സവിശേഷതയുമുണ്ട്. 60 ബില്യൺ ഡോളർ മരുന്നു വില കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഉപയോഗിക്കും. കോർപറേറ്റ് നികുതികൾ ഒഴിവാക്കി മരുന്നു വില കുറയ്ക്കാനാണ് നീക്കം. പ്രസിഡന്റ് ജോ ബൈഡന്റെ വലിയ വിജയമായാണ് ബില്ലിന് അംഗീകാരമായതിനെ യു.എസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

സെനറ്റിൽ പാസായത് വൻ നേട്ടം
റിപ്പബ്ലിക്കർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബിൽ പാസായത്. സെനറ്റിൽ 50 നെതിരേ 51 വോട്ടുകൾക്കാണ് ബിൽ പാസായത്. വോട്ടിങ് സമനിലയിൽ എത്തിയതോടെ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വോട്ടു ചെയ്തു. ബില്ലിന് അനുകൂലമായുള്ള കമലയുടെ വോട്ടാണ് ബിൽ പാസാകുന്നതിലേക്ക് നയിച്ചത്. ഇത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വലിയ നേട്ടമായി യു.എസ് മാധ്യമങ്ങൾ പറയുന്നു. നേരത്തെ ബരാക് ഒബാമ പ്രസിഡന്റായപ്പോൾ ആഗോളതലത്തിൽ തുടങ്ങിവച്ച കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾക്കാണ് ജോ ബൈഡനും ഊർജം നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ലോകം ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതിൽ വലിയ പങ്ക് യു.എസിനുണ്ടെന്ന് പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ വ്യക്തമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങൾ മനസുവയ്ക്കാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാകില്ല. പുതിയ ബില്ലിൽ 30 ബില്യൺ ഡോളർ കാറ്റിൽ നിന്നുള്ള ഊർജ ഉത്പാദനത്തിനും സോളാർ സിസ്റ്റങ്ങൾക്കും വേണ്ടിയുള്ളതാണ്. ന്യൂക്ലിയാർ ഊർജ ഉത്പാദനത്തിനും ബില്ലിൽ ഇടം നൽകിയിട്ടുണ്ട്. എണ്ണക്കമ്പനികളുടെ കാർബൺ കാപ്ചർ സാങ്കേതിക വിദ്യയും നടപ്പാക്കും. ഏറ്റവും കുറവ് മലിനീകരണം നിയന്ത്രിക്കാനാണിത്. പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ 7,500 യു.എസ് ഡോളറും പഴയത് വാങ്ങാൻ 4,000 ഡോളറും സഹായം ലഭിക്കും. 2030 ഓടെ ഹരിതഗൃഹ വാതത്തിന്റെ ഉത്സർജനം 40 ശതമാനം കുറയ്ക്കാനാണ് പദ്ധതി. യു.എസ് ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.

ചരിത്രപരമായ വിജയം
സെനറ്റ് ചരിത്രം സൃഷ്ടിച്ചുവെന്ന് സെനറ്റിലെ ഭരണകക്ഷി നേതാവ് ഷക് ഷുമെർ പറഞ്ഞു. ബിൽ അമേരിക്കയിൽ വരുന്ന പതിറ്റാണ്ടുകളിൽ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലീൻ എനർജി പാക്കേജ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഊർജ ഉപയോഗത്തിന്റെ ചെലവ് ചുരുക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മരുന്നുകളുടെ വില കുറച്ച് വിലക്കയറ്റം തടയാനും ബില്ലിന് കഴിയും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ കൂടി ബിൽ പാസാക്കേണ്ടതുണ്ട്. വെള്ളിയാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കും. തുടർന്ന് പ്രസിഡന്റ് ബൈഡനും ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. 2030 ന് മുൻപ് യു.എസ് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുള്ള ലക്ഷ്യം കൈവരിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. ബില്ലിനെ കാലാവസ്ഥാ ശാസ്ത്രജ്ഞരും സ്വാഗതം ചെയ്തു.

അന്റാർട്ടിക്കയിൽ ആകാശം നിറംമാറിയതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

അന്റാർട്ടിക്കയിൽ കഴിഞ്ഞ ദിവസം ആകാശം ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് അഗ്നിപർവത സ്ഫോടനത്തെ തുടർന്ന്. ഈ വർഷം ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമാണ് ടോംഗ. ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു ജനുവരിയിൽ പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു പൊട്ടിത്തെറി . യു.എസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു. ദുരന്തത്തിൽ 3 പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി.
60 ലക്ഷം ടൺ ടി.എ‍ൻ .ടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഈ ചാരത്തിൽ സൾഫേറ്റ് കലർന്നിരുന്നു. ഇതോടൊപ്പം തന്നെ വിവിധ ലവണാംശവും നീരാവിയും സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലെത്തി. ഈ കണികകളാണ് സൂര്യപ്രകാശത്തെ തട്ടിത്തെറിപ്പിച്ച് പിങ്ക്, വയലറ്റ്, പർപ്പിൾ നിറത്തിൽ ആകാശം മാറിയതിനു കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്. കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.

പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. അഗ്നിപർവത ചാരം പരിസ്ഥിതിയിൽ കലർന്നതിനാൽ ശുദ്ധജല ദൗർലഭ്യതയും കോളറ, ഡയേറിയ, ത്വക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ സാധ്യതയും ടോംഗയിൽ ഉയർന്നിട്ടുണ്ടെന്ന് അക്കാലത്ത് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ടോംഗയിലെ സസ്യങ്ങളുടെ ഇലകൾ അഗ്നിപർവത ചാരത്താൽ പച്ചനിറം മാറി ബ്രൗൺ നിറത്തിലായി. ആളുകളിൽ പലർക്കും വിഷാദവും പേടിരോഗവും ബാധിച്ചു.
പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്നിപർവതങ്ങൾ സമുദ്രങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്നിപർവത വിസ്ഫോടനങ്ങളിൽ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ പലതും അറിയപ്പെടാതെ പോകുകയാണ് പതിവ്. 2004ലെ മഹാസൂനാമിക്കു മുൻപ് സൂനാമികൾ അത്ര അറിയപ്പെടുന്ന ഒരു പ്രകൃതിദുരന്തമായിരുന്നില്ല. എന്നാൽ അതിനു ശേഷം ലോകത്ത് സൂനാമികൾ സംഭവിക്കുന്നതിന്റെ തോത് ഉയർന്നിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. അതുപോലെ തന്നെ അഗ്നിപർവത വിസ്ഫോടനങ്ങൾ, ഭൂചലനങ്ങൾ എന്നിവയിലെല്ലാം വർധനയുണ്ട്. മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ, സ്ഥിതിമാറ്റങ്ങൾ ഇവയുടെ തോത് കൂടുന്നതിൽ പരോക്ഷമായി സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.