മൂന്ന് മാസത്തോളം കടലിനടിയിൽ കിടന്ന ബ്ല്യൂടൂത്ത് സ്പീക്കർ അസ്സലായി പാടുന്നു, ചളിയും, ഷെല്ലുകളും നിറഞ്ഞ സ്പീക്കർ വൈറലായി
വാട്ടർപ്രൂഫ് ആണെന്ന് പറഞ്ഞ് വാങ്ങിക്കുന്ന പലതും പലതും വെള്ളത്തിൽ വീണാൽ പിന്നെ പ്രവർത്തിക്കില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ജെബിഎൽ സ്പീക്കർ അങ്ങനെയല്ലെന്ന് പറയുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. അതിന് തക്കതായ കാരണവുമുണ്ട്. മൂന്ന് മാസത്തോളം കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന ഒരു ജെബിഎൽ ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലാണ് ഈ അവകാശവാദത്തിന് കാരണം. പലരും ഇതിനെ ആകസ്മികമാണെങ്കിലും തികഞ്ഞ ബ്രാൻഡ് പ്രമോഷൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
മൂന്ന് മാസത്തോളം സ്പീക്കർ കടലിൽ കിടന്നു, കരയിലെത്തിച്ചപ്പോൾ അദ്ഭുതം
കടൽ ചെളി, ഷെല്ലുകൾ, കടലിലെ മറ്റ് അവശിഷ്ടങ്ങൾ എന്നിവ കൊണ്ട് മൂടപ്പെട്ട നിലയിൽ ആണ് ജെബിഎൽ സ്പീക്കർ കരയിൽ എത്തിച്ചത്. ഇതിൻ്റെ വീഡിയോയിൽ ചെറിയ കടൽ പ്രാണികൾ അതിന്‍റെ മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്നതു കാണാം. ഏറെനാൾ വെള്ളത്തിൽ മുങ്ങിക്കിടന്നതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ടെങ്കിലും ഏറെ അദ്ഭുതമായി തോന്നിയത് അത് പ്രവർത്തിക്കുന്നത് കണ്ടപ്പോഴാണ്. സ്പീക്കർ പാടുന്നു. വീഡിയോയിൽ ജെബിഎൽ സ്പീക്കറിൽ നിന്നും ഉയരുന്ന പാട്ട് വ്യക്തമായി കേൾക്കാം. പാട്ട് കേൾക്കുമ്പോൾ അത് വൈബ്രേറ്റ് ചെയ്യുന്നതും കാണാം.
This JBL speaker was found after floating in the ocean for 3 months, and it still works perfectly. pic.twitter.com/K2cytfZMI8
— Erimus (@HeDontMakeNoise) January 1, 2026
20 കോടിക്ക് മേലെ ആളുകൾ വീഡിയോ കണ്ടു
വീഡിയോക്ക് താഴെ വന്ന കമൻ്റുകൾ നിരവധിയാണ്. എക്കാലത്തെയും മികച്ച പരസ്യമെന്നായിരുന്നു നിരവധി പേർ കുറിച്ചത്. 20 കോടിക്ക് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. പലർക്കും വീഡിയോയിലെ കാഴ്ച അദ്‌ഭുതമായി തോന്നി. മറ്റ് ചിലർ വീഡിയോ ജെബിഎൽ പരസ്യത്തിന് ഉപയോഗിക്കണം എന്നാവശ്യപ്പെട്ടു. 'നാസ നിർമ്മിച്ചതുപോലെ സമുദ്രത്തെ അതിജീവിച്ചു, ജെബിഎൽ ഇവിടെ ഈടുനിൽക്കുന്നുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. അതേസമയം മൂന്ന് മാസത്തോളം ബാറ്ററി ചാർജ്ജ് നിൽക്കുമോ? മൂന്ന് മാസം കൊണ്ട് ഇത്രയേറെ ചിപ്പികൾ കയറുമോ? തുടങ്ങിയ സംശയങ്ങളും മറ്റ് ചിലർ ഉന്നയിച്ചു.
English Summary : The JBL speaker was washed ashore covered in sea mud, shells, and other marine debris. In the video, tiny sea creatures can be seen crawling over it.