ജല സുരക്ഷയിൽ ആശങ്ക; ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും ജലസംഭരണികളും വറ്റിവരളുന്നു

കാലാവസ്ഥാ വ്യതിയാനവും വിഭവ ചൂഷണവും മൂലം പ്രകൃതി വിഭവങ്ങള്‍ പലതും ഭൂമിയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത്തരം അവസ്ഥയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും, ജലസംഭരണികളും എത്തുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത ജല ഉപഭോഗവുമാണ് ജല സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകളായി പ്രതിവർഷം ഏകദേശം 22 ജിഗാ ടൺ എന്ന തോതിൽ ജലം നഷ്ടപ്പെടുന്നതായി അന്താരാഷ്ട്ര ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിൽ പറയുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ ലേക്ക് മീഡിന്റെ അളവിന്റെ 17 ഇരട്ടിയാണ്.

ലോക ജനസംഖ്യയുടെ 25 ശതമാനവും തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു എന്നതാണ് ഇത്തരമൊരു പഠനത്തിലേത്ത് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. നദികള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം തടാകങ്ങള്‍ക്ക് നല്‍കാത്തതും ഇവയുടെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുമാണ് പലപ്പോഴും വരള്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നത്.

അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘം 1992 മുതല്‍ 2020 വരെ ഉപഗ്രഹ സര്‍വേയിലൂടെ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 1972 തടാകങ്ങളും ജലസംഭരണികളും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. താരതമ്യേന വലിയ തടാകങ്ങളുടെ ദൃശ്യങ്ങളാണ് ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകുക എന്നതിനാലാണ് ചെറിയ തടാകങ്ങളെ സര്‍വേയില്‍ നിന്നൊഴിവാക്കിയത്.
ലോകത്തിലെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയും വരണ്ട പ്രദേശങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം. ആമസോണിലെയും ആര്‍ട്ടിക് തടാകങ്ങളിലെയും ഉഷ്ണമേഖലാ തടാകങ്ങളില്‍ ജലനഷ്ടം കണ്ടെത്തി. ഇത് വരള്‍ച്ചയുടെ വ്യാപ്തി കൂടുന്നതിന് തെളിവാണ്. ജലസംഭരണികള്‍ വറ്റുന്നതിന് പ്രധാന കാരണം അതില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ്. അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ മെഡിലില്‍ സംഭരണശേഷിയുടെ 17 മടങ്ങ് കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ ഭൂരിഭാഗം ആഗോള തടാകങ്ങളും കുറഞ്ഞുവരികയാണെങ്കിലും, ഏതാണ്ട് നാലിലൊന്ന് ജലസംഭരണികളിലെ ജലത്തിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായി.

വരണ്ടവ വീണ്ടും വരളുകയും ,സമ്പുഷ്ടമായവ വീണ്ടും സമ്പുഷ്ടമാകുന്നതുമായ അവസ്ഥയാണ് നീരുറവകള്‍ക്ക് സംഭവിക്കുന്നത് എന്നാണ് ഗവേഷക സംഘം പറയുന്നത്. തടാകങ്ങളുടെ സംഭരണശേഷിയിലുണ്ടാകുന്ന കുറവ് ഏറെ പ്രാധാന്യം നല്‍കേണ്ട വിഷയമാണെന്നും കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഈ മേഖലയില്‍ ആവശ്യമാണെന്നും അല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സംഭവിക്കാം എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment