കാലാവസ്ഥ വ്യതിയാനം: കേന്ദ്രത്തിന് നോട്ടിസ് അയച്ച് ഹൈക്കോടതി

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യു.എൻ.എഫ്.സി.സി.സി)യിൽ നൽകിയ വാഗ്ദാനം പാലിക്കാൻ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടിസ്. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിലപാടും കോടതി ആരാഞ്ഞു. ഇന്ത്യ ഉൾപ്പെടെ വിവിധ അംഗരാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് യു.എനിന്ന് ഉറപ്പു നൽകിയിരുന്നു.
ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഗി, ജസ്റ്റിസ് നവീൻ ചൗള എന്നിവരാണ് പൊതുതാൽപര്യ ഹരജി പരിഗണിച്ചത്. അന്താരാഷ്ട്ര തലത്തിൽ നൽകുന്ന ഉറപ്പുകൾ പാലിക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ഹാജരായി. ഇതുമായി ബന്ധപ്പെട്ട് നിരവധി കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രൈംമിനിസ്‌റ്റേഴ്‌സ് കൗൺസിൽ ഓൺ ക്ലൈമറ്റ് ചേഞ്ച് സമിതിയും അന്താരാഷ്ട്ര ഉറപ്പുകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. രോഹിത് മഥൻ ആണ് ഹരജിക്കാരനായ അഡ്വ. ആർ. അക്ക്ഷയ്ക്ക് വേണ്ടി ഹാജരായത്. കോപ്-26 എന്നറിയപ്പെടുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഇന്ത്യ നിരവധി ഉറപ്പുകൾ നൽകിയിരുന്നുവെന്ന് ഹരജിയിൽ പറയുന്നു. നോൺ ഫോസിൽ കപ്പാസിറ്റി 500 GW ആക്കുക, 2030 ഓടെ 50 ശതമാനം ഊർജവും പുനരുപയോഗ സോഴ്‌സിൽ നിന്നാക്കും തുടങ്ങിയവയായിരുന്നു ഇത്.

Leave a Comment