കൊപ്ര, കൊട്ടത്തേങ്ങ, അണ്ടി (കശുവണ്ടി ), റബർ, കുരുമുളക്, മഞ്ഞൾ തുടങ്ങിയവ ഉണക്കാനുള്ളവർക്ക് ഇന്ന് നല്ല കാലാവസ്ഥ ആയിരുന്നിരിക്കണം. അടുത്ത ദിവസങ്ങളിലും ഇവർക്ക് നല്ല കാലാവസ്ഥയായിരിക്കും. അല്ലാത്തവർക്ക് ഫാൻ ഫുൾ സ്പീഡിൽ ഇട്ടാലും ഫാൻ ഇട്ടോ എന്ന് സംശയിക്കും. എത്ര തവണ കുളിച്ചാലും വെള്ളം തീരുമെന്നല്ലാതെ പ്രത്യേകിച്ച് തണുപ്പ് കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അകത്തും പുറത്തും ഏതാണ്ട് ഒരേ ചൂട്. ഹ്യുമിഡിറ്റി കൂടുതൽ. വിയർത്തൊഴുകാൻ പ്രത്യേകിച്ച് അധ്വാനമുള്ള ജോലികൾ ഒന്നും ചെയ്യേണ്ട. നേരത്തെ പറഞ്ഞിരുന്നു ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റ് കേരളത്തിലെത്തുമെന്ന്. അവിടെയും ചൂട്, ഇവിടെയും ചൂട്. ഇനി എല്ലാവർക്കും അറിയേണ്ടത് ഒരു തുള്ളി മഴയെങ്കിലും കിട്ടുമോ എന്നാണ്. കുറച്ച് മുൻപ് എറണാകുളം, കോട്ടയം ജില്ലയിലായി ഒരു മേഘക്കൂട്ടം ഉണ്ടായിരുന്നു. കാറ്റ് വിചാരിച്ചിരുന്നേൽ തകർത്തു പെയ്യുമായിരുന്നു. കോട്ടയത്തോ, പത്തനംതിട്ടയിലോ ഒന്നോ രണ്ടോ മഴ വൈകിട്ട് ലഭിച്ചിരിക്കണം. അതും ഏതാനും കിലോമീറ്റർ ചുറ്റളവിൽ മാത്രം. കേരളത്തിന് മുകളിൽ മഴ പ്രതീക്ഷ നിലവിൽ കുറവാണ്. എങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പടിഞ്ഞാറും കിഴക്കുമായി പുലർച്ചെ , രാവിലെ നേരിയ മഴ സാധ്യത. നാളെ (വ്യാഴം) ഇന്നത്തെക്കാൾ അൽപം ചൂടിന് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ കാലാവസ്ഥ നമ്മൾ പ്രതീക്ഷിച്ചത് തന്നെയാണ്. അടുത്ത മാസത്തെ സൂചനകൾ ഇപ്പോഴത്തെ ചൂട് നൽകുന്നുണ്ട്. കാലവർഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നു എന്ന് വേണമെങ്കിൽ പറയാം. കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ പദ്ധതി ചെലവ് വെള്ളത്തിലാകില്ല. പ്രീ മൺസൂൺ ടെസ്റ്റ് ഡോസുകൾ അടുത്ത മാസം നാം കരുതിയിരിക്കണം. പോസ്റ്റുകൾ എടുത്തു വച്ചാൽ അപ്പോൾ വീണ്ടും വായിക്കാം വലയിരുത്താം. ഇന്ന് ഇനി മഴ കിട്ടുന്നവർക്ക് ലോട്ടറി പരീക്ഷിക്കാം.
#weathermankerala
